സംസ്ഥാനത്ത് പൊലീസ് പാസ് നിർബന്ധമാക്കി;രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്തെ അടിയന്തര യാത്രകൾക്ക സംസ്ഥാനത്ത് പൊലീസ് പാസ് നിർബന്ധമാക്കി. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയ‍ന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ സര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇത്തരം തൊഴിലാളികൾക്കു വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. അനുമതി കിട്ടിയില്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.ജില്ല വിട്ടുള്ള യാത്രകള്‍ തീര്‍ത്തും അത്യാവശ്യമുള്ള കാര്യങ്ങൾക്കും മാത്രമെ പാസ് ഉപയോഗിക്കവൂ. പൊലീസ് പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന് പോകുന്നവര്‍ക്കും, അടുത്തുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുമതി പത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ മാതൃകയില്‍ വെള്ള പേപ്പറില്‍ എഴുതിയ സത്യപ്രസ്താവനയും സ്വീകരിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാവുന്നതാണ്.

ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.അടുത്തുള്ള കടകളില്‍ അവശ്യസാധനങ്ങളും മരുന്നും വാങ്ങാനായി സത്യപ്രസ്താവന നല്‍കിയാല്‍ മതിയാകും. ഇതിന്റെ മാതൃകയും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.