എൽഡിഎഫ് വിജയ രഹസ്യം

ldf

പ്രത്യേക ലേഖകൻ

പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന കരുത്തുറ്റ മുഖ്യമന്ത്രി, കേന്ദ്ര സർക്കാരിന്റെ നയങ്ങളെ എതിർത്തുകൊണ്ട് സ്വതന്ത്ര നയത്തിലൂടെ സാധാരണക്കാരന് കരുതൽ നൽകുന്ന മുഖ്യമന്ത്രി, ഗ്രൂപ്പിസം ഇല്ലാത്ത ഇടതുപക്ഷം, കോവിഡിനെ ഫലപ്രദമായി നേരിടാൻ കഴിയുന്ന സർക്കാർ തുടങ്ങി വിവിധ വികസന കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടായിരുന്നു എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന സംവാദങ്ങൾ.എന്നാൽ കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ, ഈഴവ – മുസ്ലിം – പിന്നോക്ക വോട്ടുകൾ ഏകീകരിച്ചതാണ് പ്രധാനമായും പിണറായി സർക്കാരിന് അനുകൂലമായ തരംഗം ഉണ്ടാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.കോടികളുടെ പരസ്യ തന്ത്രങ്ങളുടെ വിജയവും മറ്റൊരു കാരണമാണ്. ബിജെപിക്കെതിരെ പ്രതികരിക്കാൻ ഇടതുപക്ഷമാണ് ശക്തം എന്ന ഒരു തോന്നൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചു കൊടുത്തതു തന്നെ മുസ്ലിം വിഭാഗത്തിലുള്ള മുഹമ്മദ് റിയാസ് എന്ന സി.പി.എം യുവജന നേതാവിനാണ്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പിണറായി വിജയന് അനുഭാവം കൂടിയ സംഭവമായിരുന്നു അത്. പിണറായിക്കെതിരെയും ചില മന്ത്രിമാർക്കെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികൾ മാസങ്ങളായി നടത്തിവന്ന വിവിധ അഴിമതി അന്വേഷണങ്ങൾ എങ്ങും എത്തിയില്ല. അത് കേരള സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നാണ് ഇടതുപക്ഷം പ്രചരണം നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത തരത്തിൽ ക്രൈംബ്രാഞ്ചിനെ കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കേരള സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.സി.ഐ.എ പോലെയുള്ള കേന്ദ്ര നിയമങ്ങൾക്കെതിരെ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി.കേരളത്തിലെ തീവ്ര മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തേക്ക് അടുക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. കാന്തപുരവുമായും സമസ്തയിലെ ഒരു വിഭാഗവുമായും പിണറായി വിജയനുള്ള അടുപ്പവും സർക്കാരിന് അനുകൂലമായിരുന്നു. കോൺഗ്രസിൽ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറും എന്ന ഇടതുപക്ഷത്തിന്റെ പ്രചരണം അവരെ സഹായിച്ചു. പ്രതിപക്ഷനേതാവ് നിരവധി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വന്നെങ്കിലും അതൊക്കെ കൂട്ടായ പ്രതിരോധത്തിലൂടെ, ഉദ്യോഗസ്ഥരുടെ കുഴപ്പമാണെന്നു വരുത്തിതീർക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഭരണമാറ്റം വേണമെന്ന് പറഞ്ഞത് ഒരർത്ഥത്തിൽ ഇടതുപക്ഷത്തെ സഹായിക്കുകയായിരുന്നു. ഈഴവാദി – പിന്നോക്ക വിഭാഗങ്ങളുടെ ഏകീകരണം പിണറായി വിജയന് അനുകൂലമാകാൻ അത് കാരണമായി.തങ്ങളുടെ വിഭാഗത്തിലെ മുഖ്യമന്ത്രിയെ തന്നെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ അവർ ആഗ്രഹിച്ചു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒരു മികച്ച സൈബർ സേനയെ വാർത്തെടുക്കുവാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾ ക്യാപ്സൂളുകൾ ആയി ജനങ്ങളിൽ എത്തി. മുഖ്യമന്ത്രിയെ നല്ലവനും കരുത്തനുമാക്കി നവമാധ്യമങ്ങളുടെ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. പ്രളയം, കോവിഡ് പോലെയുള്ള മഹാമാരികൾ തുടങ്ങിയവയെ നേരിടാൻ ഇരട്ടച്ചങ്കുള്ള പിണറായി വിജയനാണ് കൂടുതൽ കഴിയുക എന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായി. കൊവിഡ് കാലത്ത് ദിനംപ്രതി നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനങ്ങൾ ജനങ്ങളോടുള്ള സംവാദമായി മാറുകയായിരുന്നു. ജനങ്ങളിൽ നിന്നും പത്രക്കാരിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയുകയും അതിന് പരിഹാരങ്ങൾ കാണുവാനും മുഖ്യമന്ത്രിയുടെ ടീം ശ്രമിച്ചു. പ്രതിസന്ധി കാലങ്ങളെ ഫലപ്രദമായി സർക്കാരിന് അനുകൂലമാക്കാൻ പി.ആർ വർക്കുകളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രമിക്കും എന്ന വാക്കിലൂടെ വിശ്വാസികൾക്കിടയിൽ ഉണ്ടായ വിരോധത്തെ തണുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. വാക്കുകൾ പാലിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി എന്ന പ്രചരണം ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തിന് കാരണമായി. പ്രവാസി വ്യവസായ ലോകത്തുനിന്ന് വലിയ പിന്തുണ ഇടതുപക്ഷ സർക്കാരിന് കിട്ടിയിരുന്നു. എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ തുടങ്ങിയ വ്യവസായികൾ ഇടതുപക്ഷ സർക്കാരിന്റെ വളർച്ചയ്ക്ക് വലിയ പങ്കാണ് വഹിക്കുന്നത്.

ക്രിസ്ത്യൻ വോട്ടുകൾ പിളർത്തി മാറ്റാനും പിണറായിക്ക് കഴിഞ്ഞിട്ടുണ്ട് യാക്കോബായ സമുദായം പൂർണമായും എൽ.ഡി.എഫിന് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. ചില സ്ഥാനാർഥികളിലൂടെ ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് നല്ല ശതമാനം വോട്ടുകളും എൽഡിഎഫിന് ഉറപ്പിക്കാനായി. വീണ ജോർജ് അതിന്റെ ഉദാഹരണമാണ്. ജോസ്.കെ മാണിയിലൂടെ മധ്യകേരളമടക്കമുള്ള ക്രൈസ്തവ മേഖലകളിൽ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു. ചുരുക്കത്തിൽ ജാതിമത സമവാക്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനും അതേസമയം ഭക്ഷ്യക്കിറ്റ്, സാമൂഹ്യ ക്ഷേമ പെൻഷൻ, ലൈഫ് ഭവനപദ്ധതി എന്നിവയിലൂടെ ജനങ്ങളിലേക്ക് എത്താനും എൽഡിഎഫിന് കഴിഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത

ഈ തെരഞ്ഞെടുപ്പ് ഒരു സൂചകമാണ്, പിണറായിയുടെ നയങ്ങൾ വീണ്ടും ഇടതുപക്ഷ സർക്കാർ തുടരും. മത-ന്യൂനപക്ഷങ്ങളെ പരമാവധി എൽഡിഎഫിലേക്ക് കൊണ്ടുവരിക എന്നതും. ഈഴവ – പിന്നോക്ക വോട്ടുകൾ പരമാവധി ഇടതുപക്ഷത്തിൽ ഉറപ്പിക്കാനാവും ശ്രമിക്കുക. ഈ തന്ത്രങ്ങൾ ഒക്കെ തന്നെ അടുത്ത അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന തെരഞ്ഞെടുപ്പിലും ദൃശ്യമാകും. പ്രതിപക്ഷ വോട്ടുകൾ യുഡിഎഫ്, ബിജെപി എന്നതരത്തിൽ വിഭജിക്കപ്പെട്ടു പോയാൽ അടുത്ത അഞ്ചു വർഷങ്ങൾക്കുശേഷവും ഇടതുപക്ഷ ഭരണം തന്നെയാകും കേരളത്തിൽ വരിക. അതേസമയം സിപിഎം ഭരണത്തിൽ അടിസ്ഥാനപരമായി ഇടപെടുന്നു എന്ന പ്രചരണവുംശക്തമാകും. എന്നാൽ കേരളത്തിലെ സാമ്പത്തിക അടിത്തറയുടെ തകർച്ചയും വരാൻപോകുന്ന മറ്റു സംഭവങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയായേക്കാം.