സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം, കേരളപ്പിറവി ദിനത്തില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര് ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. മൊത്തം ആറരക്കോടി ചിലവിലാണ് ഇത് ആരംഭിക്കുന്നത്. പദ്ധതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് കഴിഞ്ഞുവെന്ന് കെ.എസ്.എഫ്.ഡി.സി. മനേജിങ് ഡയറക്ടര്‍ എന്‍.മായ പറഞ്ഞു.

മറ്റു പ്ലാറ്റ്‌ഫോമുകളെ പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാവില്ല സര്‍ക്കാര്‍ ഒ.ടി.ടിയുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിര്‍മാതാവിന് പങ്കുവെക്കും. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാല്‍ അതില്‍ കൂടുതല്‍ വരവുണ്ടായില്ലെങ്കില് ഒ.ടി.ടി. ഉടമയ്ക്ക് നഷ്ടം വരും. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ നിര്‍മാതാവിന് അതിന്റെ പങ്ക് ലഭിക്കുകയുമില്ല. ഇതിന് പരിഹാരം കാണുന്നതാണ് സര്‍ക്കാര്‍ ഒ.ടി.ടിയുടെ രീതി.