കൊച്ചി: മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ ഇടപെടലുമായി ഹൈക്കോടതി. കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് ഇനി ‘ബ്രൂണോ’ എന്ന് പേര് നൽകും. തിരുവനന്തപുരം അടിമലത്തുറയിൽ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട വളർത്തുനായയുടെ പേരാണ് ബ്രൂണോ.
‘പൊതുതാൽപര്യ ഹർജിയുടെ പേര് ‘In Re: Bruno (Suo Moto Public Interest Litigation Proceedings initiated by the High Court in the matter of executive and legislative inaction of the State Government in the matter of Protection of Animal Rights’ എന്നാക്കി മാറ്റാനാണ് ഹൈക്കോടതി രജിസ്ട്രിയ്ക്ക് നിർദ്ദേശം നൽകിയത്. ഇത്തരമൊരു ഹർജിക്ക് ഇടയാക്കിയ സംഭവത്തിൽ, മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹർജിക്ക് നൽകുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മൃഗങ്ങളോട് കാട്ടുന്ന ക്രൂരതകൾ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ സംഭവങ്ങളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വ്യാഴാഴ്ച ഹൈക്കോടതി ഇറക്കിയ ഉത്തരവിലാണ് ഈ കേസ് ബ്രൂണോയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വം സംബന്ധിച്ചാണ് ഹർജി. ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജിയെന്ന് ഹൈക്കോടതി അറിയിച്ചു., മൃഗങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ബ്രൂണോ എന്ന നായയ്ക്കു നേരെ നടന്ന ക്രൂരത സംബന്ധിച്ച കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ഉത്തരവിൽ വിശദമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ബ്രൂണോ എന്ന വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. നായയോട് ക്രൂരത കാട്ടുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

