കോവാക്സിനും കോവിഷീൽഡിനും അംഗീകാരം നൽകണം; യൂറോപ്യൻ യൂണിയനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

covid

ന്യൂഡൽഹി: കോവാക്സിനും കോവിഷീൽഡിനും അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്ത്യ. കോവിഷീൽഡും കോവാക്‌സിനും സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്‌സിനുകൾ അംഗീകരിക്കണമെന്ന് ഇന്ത്യ യൂറോപ്യൻ യൂണിയനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

വാക്‌സിനുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ ഒഴിവാക്കമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫൈസർ, മൊഡേണ, ഓക്സ്ഫഡ് -ആസ്ട്രസെനകയുടെ വാക്‌സെർവ്രിയ ( Vaxzervria by AstraZeneca-Oxford), ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്‌സിനുകൾക്ക് മാത്രമാണ് യൂറോപ്യൻ യൂണിയൻ വാക്‌സിനേഷൻ പാസ്‌പോർട്ട് നൽകുന്നത്. ഈ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പകർച്ചവ്യാധി സമയത്ത് യൂറോപ്യൻ യൂണിയനുള്ളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതും.

അതേസമയം യൂറോപ്യൻ യൂണിയന്റെ വാക്‌സിനേഷൻ പാസ്പോർട്ടിൽ കോവിഷീൽഡ് വാക്സിൻ ഉൾപ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ സർക്കാരിനോട് അഭ്യർത്ഥന നടത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ കോവിഡ് വാക്‌സിനേഷൻ പാസ്പോർട്ടിൽ കോവിഷീൽഡ് ഉൾപ്പെടുത്താത്തത് മൂലം ഈ വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാലയാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകിയത്.