Highlights (Page 202)

ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്കായി ഡി. ആർ. ഡി. ഒ വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ വിൽപന ആരംഭിച്ചു. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡാണ് മരുന്ന് വിപണിയിലെത്തിക്കുന്നത്. ഓരോ പാക്കറ്റിനും 990 രൂപയാണ് വില. കോവിഡ് വൈറസ് ബാധയിൽ നിന്നും മുക്തി നേടാൻ മരുന്ന് സഹായിക്കുമെന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസാണ് മരുന്ന് വികസിപ്പെച്ചെടുത്തത്.

മരുന്ന് കോവിഡ് വൈറസിനെതിരെ ഫലപ്രദമാണെന്നും വൈറസിന്റെ വളർച്ചയെ തടസപ്പെടുത്തുന്നുണ്ടെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചു വായിലൂടെയാണ് കഴിക്കേണ്ടത്. മെയ് ഒന്നിനാണ് 2-ഡിജിക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്. മെയ് 17 ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും ചേർന്ന് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി.

കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ വേഗത്തിൽ രോഗമുക്തി നേടാൻ ഈ മരുന്ന് സഹായിക്കുമെന്നും അനുബന്ധ ഓക്‌സിജൻ ആശ്രിതത്വം കുറയ്ക്കുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് കഴിക്കുന്നതോടെ കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലക്കുകയും വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും. ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്.

പാങ്കോംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അദ്ദേഹം രോഗബാധിതനാണോയെന്നാണ് ആളുകൾ പ്രധാനമായും സംശയിക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങൾ ശക്തമായി പടരുന്നുണ്ട്. അടുത്തിടെയാണ് മെലിഞ്ഞ രൂപത്തിലുള്ള കിം ജോംങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്തു വരുന്നത്. ഈ ചിത്രത്തിന്റെ ചുവടുപിടിച്ചാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും നിറയുന്നത്.

നേരത്തെ ഉള്ളതിൽ നിന്നും വ്യത്യസ്തനായി മെലിഞ്ഞിരിക്കുന്ന കിം ജോങ് ഉന്നാണ് ചിത്രത്തിലുള്ളത്. കിം ജോങ് ഉന്നിന്റെ ഭാരം വളരെയധികം കുറഞ്ഞുവെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്ന ഒമ്പത് ലക്ഷത്തോളം വില വരുന്ന സ്വിസ് വാച്ചിൽ നിന്നും വ്യക്തമായിരുന്നത്.

ഏറെ കാലം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു കിം. പിന്നീട് വീണ്ടും മുഖ്യധാരയിലേക്ക് തിരിച്ചെത്തിയപ്പോഴുള്ള ചിത്രത്തിലാണ് അദ്ദേഹത്തെ മെലിഞ്ഞ രീതിയിൽ കാണപ്പെട്ടത്. ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞിരിക്കുന്നതിനാലാണ് കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായത്. അതേസമയം ആരോഗ്യനില മോശമാണെങ്കിൽ വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര സമിതി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമായിരുന്നില്ലെന്നാണ് സോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ സീനിയർ അനലിസ്റ്റായ ഹോങ് മിന്റെ വാദം.

ചെന്നൈ: കോവിഡ് രോഗികളിൽ 2 ഡിഓക്സി ഡി ഗ്ലൂക്കോസിന് (2ഡിജി) അത്ഭുതം സൃഷ്ടിക്കാനാകുമെന്ന അവകാശ വാദവുമായി അനുഭവസ്ഥർ. തെളിവുകൾ സഹിതം ഇതു സ്ഥാപിക്കാൻ തയാറാണെന്ന വാദവുമായാണ് അനുഭവസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. കോവിഡും അനുബന്ധ രോഗങ്ങളും മൂലം മരിക്കുമെന്നു കരുതിയ യുവതി മരുന്നിന്റെ 30 പായ്ക്കറ്റ് ഉപയോഗിച്ചതോടെ ജീവിതത്തിലേക്കു തിരിച്ചുവന്നെന്നും ഇതു തെളിയിക്കാൻ ചികിത്സിച്ച ഡോക്ടറെ അടക്കം മുന്നിൽ നിർത്താമെന്നുമാണ് അവകാശവാദം. ഇത്തരം വാദവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ഉപസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് നിർമിച്ച, ഒആർഎസ് ലായനി പോലെ വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണ് 2-ഡിജി. സാധാരണ കോവിഡ് ചികിത്സയിൽ ലഭിക്കുന്ന രോഗമുക്തി രണ്ടര ദിവസം വരെ നേരത്തേയാക്കുന്നുവെന്നതാണു ഇതിന്റെ പ്രധാന നേട്ടം. ഗുരുതര കോവിഡ് രോഗികൾക്കു കൃത്രിമമായി വേണ്ടിവരുന്ന ഓക്‌സിജന്റെ അളവ് 40% വരെ കുറയാക്കാനും ഈ മരുന്ന് സഹായിക്കും.

ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു 2-ഡിജി മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂ. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലക്കുകയും വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും. ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്‌സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. 30 ആശുപത്രികളിലെ കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നൽകിയത്.

അതേസമയം 2-ഡിജി കോവിഡ് രോഗികൾക്കു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളിൽ പരീക്ഷിക്കരുതെന്നാണാണ് ഇവർ പറയുന്നത്.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഇന്ത്യ. വാക്‌സിൻ വിതരണത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നു. ഇതുവരെ 32.36 കോടി ഡോസ് വാക്‌സിനാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. അമേരിക്കയിൽ ഇതുവരെ വിതരണം ചെയ്തത് 32.33 കോടി ഡോസ് വാക്‌സിനാണ്.

പ്രായപൂർത്തിയായവരിൽ 5.6 ശതമാനം പേരാണ് രാജ്യത്ത് നിലവിൽ പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചത്. എന്നാൽ അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് പുതിയ വാക്‌സിൻ നയം നടപ്പിൽ വന്നതിനു ശേഷം മാത്രം 3.91 കോടി ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കാനഡ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാന് ആരും മടിക്കരുത്. വാക്‌സിനേഷന് സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്‌സിന് സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനെടുക്കാന്‍ യാതൊരു ഭയവും വേണ്ട. ചിലപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമ നിലനില്ക്കു. വാക്‌സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്‌സിന്‍ എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകും.ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും എല്ലാവരും വിശ്വസിക്കണം. ഇതിനോടകം രാജ്യത്തെ നിരവധി പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. ഞാനും വാക്‌സിന്‍ എടുത്തു. 100 വയസിനടുത്ത് പ്രായമുള്ള എന്റെ മാതാവ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന് സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള് തള്ളിക്കളയണം. തെറ്റായ പ്രചാരണം നടത്തുന്നവര്‍ അതു തുടരട്ടെ. എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. രാജ്യത്ത് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനില്ക്കുകയാണ്. അതിനാല്‍ വാക്‌സിനേഷനാണ് കൂടുതല്‍ ശ്രദ്ധ നല്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകില്ല. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഞായറാഴ്ച പ്രാർഥന നടത്താൻ അനുമതി നൽകി. ഒരേസമയം 15 പേർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാത്തത്.

ഞായറാഴ്ച പ്രാർഥനയ്ക്ക് പള്ളികൾക്ക് കൂടുതൽ ഇളവ് അനുവദിക്കണമെന്നായിരുന്നു ക്രൈസ്തവ സഭകൾകൾ ആവശ്യപ്പെട്ടിരുന്നത്. ടിപിആർ 10 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് സർക്കാർ കൂടുതൽ ഇളുവകൾ അനുവദിക്കാതിരുന്നത്.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടർന്നേക്കാനാണ് സാധ്യത.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും. ഈ യോഗത്തിലായിരിക്കും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണോയെന്ന് തീരുമാനിക്കുന്നത്.

നയന്‍താരയുടെ അടുത്ത ചിത്രം കിംഗ് ഖാന്‍ ഷാരുഖ് ഖാനൊപ്പം ബോളിവുഡിലെന്ന് റിപ്പോര്‍ട്ടുകള്‍. രാജ റാണി, തെറി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ അറ്റ്ലിയുടെ അടുത്ത ചിത്രം ബോളിവുഡില്‍ ആണെന്നും നായകന്‍ ഷാരൂഖ് ഖാനാണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ഇപ്പോള്‍ ഈ ചിത്രത്തില്‍ നായികയായി നയന്‍താരയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴകത്ത് ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നയന്‍.നെട്രികണ്‍ എന്ന ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങുകയാണ്. രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് മറ്റൊരു ചിത്രം. കാത്ത് വാക്കിലെ രണ്ട് കാതല്‍, കോഴാങ്കല്‍ എന്നീ തമിഴ് ചിത്രങ്ങളും തൃഷ്ണ, പാട്ട് എന്നീ മലയാള ചിത്രങ്ങളും നയന്‍താര കമ്മിറ്റ് ചെയ്തിട്ടുണ്ട്.

കൊച്ചി: കോവിഡ് വാക്‌സിനുകള്‍ ബുക്ക് ചെയ്യാനുള്ള എളുപ്പവഴി കണ്ടെത്തി അഞ്ച് മലയാളി സുഹൃത്തുക്കള്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഫൈന്‍ഡ് മൈ വാക്സിന്‍ എന്ന ആപ്പ് അടുത്തുള്ള സെന്ററുകളിലെ വാക്‌സിന്‍ ലഭ്യത നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. നോട്ടിഫിക്കേഷ നുകള്‍ കൃത്യമായിരിക്കും എന്നത് മാത്രമല്ല ഫൈന്‍ഡ് മൈ വാക്സിന്റെ പ്രത്യേകത. ഒരു രൂപ പോലും വരുമാനമില്ലാതെ തികച്ചും സമൂഹ്യപ്രതിബദ്ധത മൂലം മാത്രം നിര്‍മ്മിച്ച ഈ ആപ്പ് തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, മറ്റ് ആപ്പുകളിലേത് പോലെ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ വിവരങ്ങളൊന്നും നല്‍കേണ്ടതുമില്ല.

സുഹൃത്തുക്കളും കോട്ടയം സ്വദേശികളുമായ ശരത് മോഹന്‍, എന്‍ എം ജോഫി, എസ് അര്‍ജുന്‍, വയനാട് സ്വദേശി സി ആര്‍ അരുണ്‍, പത്തനംതിട്ട സ്വദേശി ബിബിന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചത്.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം പിന്‍കോഡ്, ജില്ല എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് ഇതിലുള്ള ബെല്‍ ഐക്കണ്‍ ക്ലിക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതി.

പിന്‍കോഡുള്ള പ്രദേശത്തോ ജില്ലയിലോ വാക്സിന്‍ ലഭ്യമായ സെന്ററുകളുടെ ലിസ്റ്റ് ആപ്പ് നോട്ടിഫിക്കേഷനായി അയച്ചുതരും. വാക്സിന്‍ ലഭ്യതാ വിവരങ്ങള്‍ അറിഞ്ഞാല്‍ ഒഴിവുള്ള സ്ലോട്ടുകള്‍ കോവിന്‍ ആപ്പില്‍ കയറി ബുക്ക് ചെയ്യാം. ഒരേ സമയം അഞ്ച് സ്ഥലം വരെ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഈ ആപ്പില്‍ സൗകര്യമുണ്ട്.ജൂണ്‍ ആദ്യവാരത്തിലാണ് ആപ്പ് പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്തത്. മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ ആറായിരത്തിലധികം മലയാളികള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

തിരുവനന്തപുരം : മദ്യപാനത്തില്‍ നിന്നും മുക്തി നേടിയവര്‍ക്ക് ജോലി നല്‍കുമെന്ന് വ്യവസായി മുരളി കുന്നുംപുറത്ത്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രം തളിപറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്.

മുരളിയുടെ ഫേസ്ബുക്ക് കുറിപ്പ്

സുഹൃത്തുക്കളേ,
ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. വാട്ടര്‍മാന്‍ ടൈല്‍സിന്റെ കേരളത്തിലെ ആദ്യ ഷോറൂമിന് ഇന്ന് 23-6-2021 ന് ബുധനാഴ്ച ആലുവ – പറവൂര്‍ റോഡിലെ കരുമാലൂരില്‍ തറക്കല്ലിടുന്നു. എന്റെ ഒരു വലിയ സ്വപ്നത്തിന്റെ ശിലയിടല്‍ കൂടിയാണിത്.
‘വെള്ളം’ എന്ന സിനിമയിലൂടെ എന്റെ ജീവിതത്തെ അടുത്തറിഞ്ഞവരെല്ലാം ‘വാട്ടര്‍മാന്‍’ എന്ന പേരും ഹൃദയത്തോട് ചേര്‍ക്കുന്നവരാകും. മുരളി എന്ന കഥാപാത്രവും മദ്യവും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ വാക്ക്, വ്യക്തി എന്ന നിലയില്‍ എന്റെ ജീവിതത്തിലും അതുവഴി ചുറ്റുമുള്ള ഒരു പാടു പേരുടെ ജീവിതത്തിലും വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മാര്‍ക്കറ്റില്‍ വാട്ടര്‍മാന്‍ ടൈല്‍ സജീവ സാന്നിധ്യമായി മാറും. ആയിരത്തോളം പേര്‍ക്കുള്ള ജോലി സാധ്യത കൂടിയാണ് എന്റെ സ്വപ്നം..
നിങ്ങള്‍ക്കെല്ലാമറിയാം മദ്യപാനിയോട് സമൂഹം കാണിക്കുന്ന അവഗണനയെ കുറിച്ച്…
വീടും നാടും പുറം തള്ളി തെരുവിലുറങ്ങിയ രാത്രികള്‍ എന്റെ ജീവിതത്തില്‍ ഏറെയുണ്ട്. ആരും ഒരല്‍പം പോലും മനുഷ്യത്വം കാണിക്കാതെ, കോമാളിയായും വിഡ്ഢിയായും നടന്നു തള്ളിയ വഴികള്‍ എന്റെ പുറകിലുണ്ട്…
കരഞ്ഞ് തീര്‍ത്ത രാത്രികളേയും വിഷാദം പകുത്ത പകലുകളേയും ഒന്നു തിരിഞ്ഞ് നിന്നാല്‍ എനിക്ക് ഇപ്പോഴും തൊടാം.
ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്…
മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ക്ക് സമൂഹത്തിന്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്….
മദ്യപാനം രോഗമാകുമ്പോള്‍ ചികിത്സക്കൊപ്പം സ്‌നേഹവും പരിഗണനയും കിട്ടിയേ തീരൂ…
ഇത്തരത്തില്‍ ഡീ-അഡിക്ഷന്‍ സെന്ററില്‍ നിന്നും മറ്റും പുറത്തു വരുന്ന സഹോദരങ്ങള്‍ക്ക് തണലാകാന്‍ വാട്ടര്‍മാന്‍ ടൈല്‍സിനു കഴിയണമെന്ന ആഗ്രഹമുണ്ട്… കഴിയുമെന്ന പ്രതീക്ഷയുമുണ്ട്…
അതു കൊണ്ട് മദ്യപാനത്തില്‍ നിന്നും മുക്തി നേടിയവര്‍, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവര്‍… എന്നിവരില്‍ കുറച്ചു പേരെയെങ്കിലും ജോലിക്ക് നിര്‍ത്താനാണ് ആഗ്രഹം…
അവഗണനയുടെ നോട്ടങ്ങള്‍ക്കു മുമ്പില്‍ വിശന്നൊട്ടിയ വയറുമായി നടന്നു തീര്‍ത്ത ഭൂതകാലമാണ് എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് തീര്‍ക്കുന്നത്…
ഇതൊരു പ്രാര്‍ഥനയാണ്, ഒരു പാട് ജീവിതങ്ങളെ ചേര്‍ത്തു നിര്‍ത്താനുള്ള പ്രാര്‍ഥന…
നിങ്ങളുടെ മനസ്സ് എനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണ് ചുവടു വെക്കുന്നത്…
മുറിവേറ്റവര്‍ക്ക് തണലാ കാന്‍ നമുക്കൊരുമിച്ച് നില്‍ക്കാം… ജീവിക്കാം ജീവിക്കാന്‍ പ്രേരിപ്പിക്കാം…
ഇത്തരം ഒരു സംരഭത്തിന് കൊച്ചിയില്‍ അവസരം ഒരുക്കിത്തന്ന നോബിഷിനെ ഹൃദയത്തോട് ചേര്‍ക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത പദവിയിലെത്തിയതിന് ശേഷം ആദ്യമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇന്ന് തന്റെ ജന്മനാട് സന്ദര്‍ശിക്കും. ജനിച്ച് വളര്‍ന്ന ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള പരൗഖിലേക്കാണ് രാംനാഥ് കോവിന്ദ് യാത്ര പോകുന്നത്.

ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് തിരിക്കുന്ന തീവണ്ടി കാന്‍പൂരില്‍ തന്നെയുള്ള ജിന്‍ജാക്ക്, രൂരാ എന്നീ രണ്ട് സ്ഥലങ്ങളില്‍ നിര്‍ത്തും. തന്റെ ബാല്യകാല സുഹൃത്തുക്കളെ നേരില്‍ കണ്ട് സംസാരിക്കുന്നതിനു വേണ്ടിയാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പുകള്‍ അനുവദിച്ചത്.

15 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു പ്രസിഡന്റ് ട്രെയിന്‍ യാത്ര നടത്തുന്നത്. ഇതിനു മുമ്പ് മുന്‍ പ്രസിഡന്റ് ആയിരുന്ന ഡോ എ പി ജെ അബ്ദുല്‍ കലാമാണ് അവസാനമായി ട്രെയിനില്‍ യാത്ര നടത്തിയത്.