തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വെബ്‌പോർട്ടൽ സജ്ജമാക്കി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദനാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെബ് പോർട്ടൽ നിലവിൽ വന്നതോടെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
റെറ(Kerala Real Estate Regulatory Authority)യിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനി മുതൽ rera.kerala.gov.in എന്ന വെബ്‌പോർട്ടൽ വഴി അറിയാനാകുമെന്നും അദ്ദേഹം അറിയിച്ചു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം ഈ പോർട്ടലിൽ ലഭ്യമാകും.
ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിർമാണ പുരോഗതി ഡെവലപ്പർമാർ ഇതിൽ ലഭ്യമാക്കണം. ആരെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരുവിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അഡ്വാൻസ് നൽകിയവർക്കും വായ്പ നൽകുന്ന ബാങ്കുകൾക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നാണ് ഈ വെബ്‌പോർട്ടൽ.
റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാൻ വെബ്‌പോർട്ടൽ സജ്ജമാകുന്നതോടെ സാധിക്കും. ഏതെങ്കിലും ഡെവലപ്പർ തെറ്റായ വിവരം നൽകിയതായി ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നിയമനടപടിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

