സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുടമകൾ സൂക്ഷിക്കുക! ചൈനീസ് ഹാക്കർമാരുടെ ആക്രമണത്തിന് സാധ്യത; പണം നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അക്കൗണ്ടുടമകൾ സൂക്ഷിക്കുക. എസ്ബിഐ അക്കൗണ്ടുടമകൾക്ക് നേരെ ചൈനീസ് ഹാക്കർമാർ ആക്രമണം നടത്തുന്നുവെന്ന് റിപ്പോർട്ട്. സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തിലുള്ള ആക്രമണമങ്ങൾ വർധിച്ചുവരികയാണ്. നൂതനമായ മാർഗങ്ങളിലൂടെ അക്കൗണ്ട് ഉടമകളെ കബളിപ്പിക്കുകയാണ് ചൈനീസ് ഹാക്കർമാർ. അക്കൗണ്ട് ഉടമകളുടെ ‘നൊ യുവർ കസ്റ്റമർ’ (കെവൈസി) ഫോം അപ്ഡേറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചു കൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കുകളിൽ അക്കൗണ്ട് ഉടമകൾ ക്ലിക്ക് ചെയ്യരുതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവരെല്ലാം തട്ടിപ്പിനിരയായെന്നും വിദഗ്ധർ പറയുന്നു. സൈബർപീസ് ഫൗണ്ടേഷൻ ഓട്ടോബോട്ട് ഇൻഫോസെക് എന്നീ കമ്പനികൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തട്ടിപ്പിനിരയായ എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഒരു ടെക്സ്റ്റ് സന്ദേശമാണ് ആദ്യം ലഭിച്ചത്. അതിൽ ക്ലിക്കു ചെയ്താൽ എസ്ബിഐയുടെ ഔദ്യോഗിക ഓൺലൈൻ പേജാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള വെബ്‌പേജിലേക്ക് എത്തും. അവിടെ കാണുന്ന കണ്ടിന്യൂ ടു ലോഗ്ഇൻ ബട്ടണിൽ ക്ലിക്കു ചെയ്താൽ പേജ് റീ ഡയറക്ടു ചെയ്തു പോകും. പിന്നീട് ഉപഭോക്താക്കളോട് തട്ടിപ്പ് സംഘം യൂസർ നെയിം, പാസ്വേഡ്, ക്യാപ്ച കോഡ് തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും. ശേഷം ഫോൺ നമ്പറിലേക്ക് ഒടിപി അയക്കും. ഇത് എന്റർ ചെയ്യുന്നതിനൊപ്പം പേര്, മൊബൈൽ നമ്പർ, ജനന തിയതി തുടങ്ങി സ്വകാര്യ വിവരങ്ങളും നൽകണമെന്ന് സംഘം നിർദ്ദേശം. ഇവയെല്ലാം നൽകിയാൽ ബാങ്ക് അക്കൗണ്ടിലെ പണമെല്ലാം ഹാക്കിംഗ് സംഘം കവർന്നെടുക്കും.

മറ്റൊരു രീതിയിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ട്. 50 ലക്ഷം രൂപ വരെ നേടാമെന്നു പറഞ്ഞ് വാട്സാപ് സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇടപാടുകളെല്ലാം തേഡ്പാർട്ടി ഡൊമെയ്നിലാണ് നടക്കുന്നതെന്നും ചൈനീസ് ഹാക്കർമാരാണ് തട്ടിപ്പിന് പിന്നിലെന്നുമാണ് നിഗമനം. ഐഡിഎഫ്സി, പിഎൻബി, ഇൻഡസ്ഇൻഡ്, കോട്ടക് ബാങ്കുകളുടെ വ്യാജ ലിങ്കുകളും ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഡൊമെയ്‌നുകളെല്ലാം ചൈനയിൽ രജിസ്റ്റർ ചെയ്തതാണ്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ഒരു കാരണവശാലും ഓപ്പൺ ചെയ്യരുതെന്നും ഇവർ പറയുന്നു.