Highlights (Page 195)

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ദുരൂഹതയുമായി പുതിയ വഴിത്തിരിവുകള്‍. മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ഏക്കര്‍ ഭൂമി കൈമാറി സ്വാധീനിച്ചെന്ന രേഖകള്‍ ഉള്‍പ്പടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നമ്പി നാരായണന്‍ തന്റെയും മകന്‍ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ, ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയതായാണ് ആരോപണം.

2004ലും 2008-ലുമായാണ് സ്ഥലമിടപാടുകള്‍ നടന്നതെന്ന് കാണിച്ച് ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച് പ്രതി ചേര്‍ക്കപ്പെട്ട സിബി മാത്യൂസ് ജില്ലാക്കോടതിയിലും, എസ്.വിജയനും തമ്പി എസ്.ദുര്‍ഗാദത്തും കേരളാഹൈക്കോടതിയില്‍ ജാമ്യാപേക്ഷയോടൊപ്പവും ഈ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നമ്പി നാരായണന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എസ്.വിജയനും ഹര്‍ജി നല്‍കിയിട്ടുണ്ട്.

രേഖകള്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടും അവര്‍ പരിഗണിക്കുന്നില്ല എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അട്ടിമറിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമാണ് സി.ബി.ഐ.യിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും നമ്പി നാരായണന്‍ ഭൂമി കൈമാറിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭൂമി എഴുതി നല്കിയതുള്‍പ്പെടെ ചാരക്കേസ് അട്ടിമറിക്കപ്പെട്ടു എന്ന് കാണിക്കുന്ന 23 രേഖകളാണ് എസ്.വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കര്‍, കേന്ദ്ര പെന്‍ഷന്‍ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന്റെ ബന്ധുവിന് ഒരേക്കര്‍, പൊതു ഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കര്‍, സി .ബി.ഐ. ഡി.ഐ.ജി.യായിരുന്ന നെയ്യാറ്റില്‍കര സ്വദേശി പി.എം.നായരുടെ ബിനാമി എന്ന് പറയപ്പെടുന്നയാള്‍ക്ക് 18.88 ഏക്കര്‍ എന്നിങ്ങനെ കൈമാറിയത് അന്വേഷിക്കണമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഒ.എന്‍. ജി.സി.യില്‍ ചീഫ് മാനേജരായിരുന്ന ന്യൂഡല്‍ഹി വസന്ത്കുഞ്ജിലെ ശശിധരന്‍ നായരുടെ പേരിലാണ് 1874/2004 ആധാരപ്രകാരമുള്ള ഭൂമി നല്‍കിയത്. ഇദ്ദേഹം പി.എം.നായരുടെ ബിനാമിയാണെന്ന് വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ താന്‍ ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നായിരുന്നു നമ്പി നാരയണന്‍ ഇത് സംബന്ധിച്ച് മറുപടി നല്‍കിയത്.

ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രായേലിന്റെ പോളികര്‍പോവ സെനിയയെ അനായാസം പി വി സിന്ധു മറികടന്നു.

ആദ്യ സെറ്റ് 21-7 നു ജയിച്ച ഇന്ത്യന്‍ താരം രണ്ടാം സെറ്റിലും തന്റെ മികവ് തുടര്‍ന്നു. 21-10 നു ഇസ്രായേലി താരത്തിന് മേല്‍ ആധിപത്യം നേടിയ സിന്ധു മത്സരത്തില്‍ വിജയമുറപ്പിച്ചു. തന്നെക്കാള്‍ റാങ്ക് കുറഞ്ഞ എതിരാളിക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് സിന്ധു കാഴ്ച വച്ചത്.

രണ്ടാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തില്‍ ലോക 34 റാങ്കുകാരിയായ ഹോംകോങ് താരം ചെങ് ങാന്‍ യി ആണ് സിന്ധുവിന്റെ എതിരാളി.

കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സന്തോഷ് ജോർജ് കുളങ്ങര. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടികൾ തന്റെ പേര് നിർദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങരയെ സിപിഎം താൽപര്യത്തിൽ ആസൂത്രണ ബോർഡിൽ നിയമിച്ച ശേഷം കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരിൽ അവതരിപ്പിക്കുകയാണെന്നായിരുന്നു നിയമനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ. മന്ത്രി മുഹമ്മദ് റിയാസ് താൽപര്യമെടുത്ത് സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡിലെടുത്ത ശേഷം പാർട്ടിയുടെ മേൽ അവകാശം അടിച്ചേൽപ്പിച്ചു എന്ന വിമർശനവും ഉയരുന്നിരുന്നു.

ആസൂത്രണ ബോർഡ് അംഗമാകുന്നതിനെ കുറിച്ച് അറിയാൻ ജോസ്.കെ മാണി വിളിച്ചിരുന്നുവെന്നും എന്നാൽ മുഴുവൻ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചതെന്നും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി. ടൂറിസം മേഖലയിൽ പരിചയമുളളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പ്രതികരിച്ചു. വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉൾപ്പടെ നാല് പേരെയും, പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോർജ് കുളങ്ങരയുൾപ്പടെ മൂന്നു പേരെയുമാണ് ആസൂത്രണ ബോർഡിൽ നിയമിച്ചത്. മുഖ്യമന്ത്രിയാണ് ആസൂത്രണ ബോർഡിന്റെ ചെയർമാൻ.

വാഷിംഗ്ടൺ: ബഹിരാകാശത്തേക്ക് പോകുന്ന ഓരോ വ്യക്തിയെയും ബഹിരാകാശയാത്രികനായി കണക്കാക്കില്ലെന്ന് യുഎസ്. സ്വകാര്യ ബഹിരാകാശ വിമാനങ്ങളിൽ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഇത്തരമൊരു പദവി നൽകില്ലെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. ബഹിരാകാശ ടൂറിസം വർദ്ധിക്കുമ്പോൾ നിയമം കർശനമാക്കുമെന്നും എഫ്എഎ വിശദമാക്കുന്നു.

യുഎസ് മിലിട്ടറി, നാസ, എഫ്എഎ എന്നിങ്ങനെ മൂന്ന് ഏജൻസികളാണ് യുഎസിൽ യാത്രികരെ ബഹിരാകാശയാത്രികരായി നിശ്ചയിക്കുന്നത്. ഇതിൽ യുഎസ് മിലിട്ടറിയും നാസയും സ്വന്തം ജീവനക്കാർക്ക് മാത്രമേ ഇത്തരം അംഗീകാരം നൽകൂ. വാണിജ്യ ബഹിരാകാശ പേടകത്തിലെ ഒരു വിമാനത്തിൽ ബഹിരാകാശയാത്രികനായി ഔദ്യോഗികമായി അംഗീകരിക്കപ്പെടാനുള്ള ഒരേയൊരു മാർഗം എഫ്എഎയിൽ നിന്ന് അംഗീകാരം നേടുക എന്നതാണ്. എന്നാൽ അവകാശങ്ങൾക്കപ്പുറം അവർക്ക് ഇക്കാര്യത്തിൽ പ്രത്യേക അംഗീകാരമൊന്നുമില്ലെന്നതാണ് വസ്തുത.

എഫ്എഎയ്ക്ക് അംഗീകാരം ലഭിക്കുന്നതിന്, വിക്ഷേപണം നടത്തുന്ന കമ്പനി ഒരു ബഹിരാകാശയാത്രികനെ നേരത്തെ നിയോഗിക്കണം. ഒരു ബഹിരാകാശയാത്രികനായി എഫ്എഎ സാക്ഷ്യപ്പെടുത്തുന്നതിനും 80 കിലോമീറ്ററിൽ കൂടുതൽ ഉയരത്തിൽ പറക്കുന്നതിനും അവർ ഇത്തരം പരിശീലനത്തിലൂടെ കടന്നുപോകണം. മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന പുതിയ ഉത്തരവ് അനുസരിച്ച് അവർ ഇവർ എല്ലാതരത്തിലുമുള്ള പരിശീലനം നേടിയിരിക്കണമെന്നാണ് പറയുന്നത്. എന്നാൽ ടിക്കറ്റ് എടുത്ത് യാത്രയ്ക്കൊരുങ്ങുന്നവർക്കൊന്നും ഇത്തരം പരിശീലന പരിപാടികളോടൊന്നും താത്പര്യമുണ്ടാവില്ല.

ബഹിരാകാശ വിമാന സുരക്ഷയ്ക്ക് ഒരു ക്രൂ അംഗം സംഭാവന നൽകിയിട്ടുണ്ടോ എന്നത് എഫ്എഎ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിൽപ്പെടുന്നതാണ്. കഴിഞ്ഞ ദശകത്തിൽ ബഹിരാകാശ പേടകങ്ങൾക്ക് മാത്രമാണ് ഏജൻസി ബഹിരാകാശ യാത്രികർക്ക് അംഗീകാരം നൽകിയിട്ടുള്ളത്. വിർജിൻ ഗാലക്റ്റിക്, ബ്ലൂ ഒറിജിൻ വിമാനങ്ങളിലെ യാത്രക്കാരെ ബഹിരാകാശയാത്രികരായി പരിഗണിക്കുമോ എന്നതിന് സാധ്യത കുറവാണെന്നതാണ് റിപ്പോർട്ട്.

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഈ മാസം 31 ന് ആരംഭിക്കും. ആഗസ്റ്റ് 16 നകം കിറ്റുവിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

31 മുതല്‍ ഓഗസ്റ്റ് 2വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് (എഎവൈ), ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്എച്ച്), ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 -16 വരെ വെള്ള കാര്‍ഡുകാര്‍ക്കുമാണ് കിറ്റുവിതരണം.ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക.

പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ള വിഭവങ്ങളടങ്ങിയതാണ് ഇത്തവണത്തെ ഓണക്കിറ്റ്.

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ നടത്തുന്ന അന്വേഷണം പ്രഹസനം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും സിപിഎം മൂന്ന് വർഷം അത് മറച്ചുവെച്ചുവെന്നും തട്ടിപ്പിനെ കുറിച്ചുള്ള വാർത്ത മാദ്ധ്യമങ്ങളിലൂടെ പൂറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ഭരിക്കുന്ന ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ വിവരം നേരത്തെ പാർട്ടി അറിഞ്ഞിട്ടും മൂടി വെക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കരുവന്നൂരിലേത് കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിൽ ഒന്നാണ്. വകുപ്പ് തല അന്വേഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തിട്ടും അന്വേഷണമുണ്ടായില്ല. ആ റിപ്പോർട്ടും പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം ജില്ലാ- സംസ്ഥാന നേതൃത്വം അറിയുകയും അന്വേഷിക്കുകയും ചെയ്ത ശേഷവും നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നു. എന്നിട്ടും പോലീസിൽ പരാതി നൽകാൻ പാർട്ടി തയ്യാറായില്ല. 350 കോടിയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതെല്ലാം സിപിഎം നേതാക്കളറിഞ്ഞിട്ടും മൂടിവെയ്ക്കുകയായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കോട്ടയം: കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളം ഉയരുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകർ. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടൻ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ശരാശരി 30 സെന്റീമീറ്റർ വരെ കരഭൂമി താഴ്ന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. 2018 ൽ ഉണ്ടായ മഹാപ്രളയത്തിനു ശേഷമാണ് കരഭൂമിയിൽ താഴ്ച വന്നിരിക്കുന്നതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ അറിയിച്ചു.

2018 ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പടിഞ്ഞാറൻ മേഖലയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കും അടങ്ങുന്ന വിശാല കുട്ടനാടൻ മേഖല ഏതാണ്ടു പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. പടിഞ്ഞാറൻ മേഖലയിൽ അധികം ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങൾ ഇതോടെ താഴ്ന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണു ഈ പ്രതിഭാസം ഉണ്ടായത്. ചെളി കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഭൂമി താഴ്ന്നു. ഇങ്ങനെ ശരാശരി 30 സെന്റീമീറ്റർ വരെ താഴ്ചയുണ്ടായെന്നാണ് ഗവേഷകർ പറയുന്നത്.

ഭൂമി താഴുമ്പോൾ സാധാരണ ഗതിയിൽ വെള്ളമുയർന്നാലും പ്രളയത്തിനു സമാനമായ സാഹചര്യം ഉണ്ടാക്കും. ഈ താഴ്ച പരിഹരിക്കുന്നതു സംബന്ധിച്ച് ഇടപെടലുകൾ ഇതുവരെ നടന്നിട്ടില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 300 ചതുരശ്ര കിലോമീറ്റർ കര ഭൂമിയും 500 ചതുരശ്ര കിലോമീറ്റർ പാടശേഖരങ്ങളും 200 ചതുരശ്ര കിലോമീറ്ററിൽ ജലശേഖരവുമാണു കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതി ഇപ്പോൾ. 300 ചതുരശ്ര കിലോമീറ്ററിലെ കര ഭൂമി മുഴുവനായും ജനവാസ കേന്ദ്രങ്ങളാണ്. ഭൂമിയിലെ ചെറിയ മാറ്റം പോലും ഇവിടെ വലിയ രീതിയിൽ പ്രതിഫലിക്കും.

ആറുകൾ വഴി കിഴക്കൻ മേഖലയിൽ നിന്ന് വേഗത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതാണ് വെള്ളപ്പൊക്കത്തിന്റെ മറ്റൊരു കാരണം. മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ. കുന്നുകളുടെ അടിവാരത്തിൽ വെള്ളം ശേഖരിച്ചു നിൽക്കുന്ന പള്ളകൾ എന്നു വിളിപ്പേരുള്ള പ്രദേശങ്ങൾ നികത്തപ്പെട്ടത് വെള്ളം വേഗം പടിഞ്ഞാറോട്ട് ഒഴുകാൻ കാരണമാകുന്നു. മഴ പെയ്താൽ ഉടൻ തന്നെ വെള്ളം പടിഞ്ഞാറൻ മേഖലയിൽ എത്തുന്ന അവസ്ഥയാണുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. നിലവില്‍ പതിനൊന്ന് മണിക്കായിരുന്നു സംസ്ഥാനത്തെ ബാറുകള്‍ തുറന്നിരുന്നത്. ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും സമയം. ആള്‍ത്തിരക്ക് കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

ബാറുകളിലെ പ്രവര്‍ത്തനം സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക് കുറക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. ബെവ്‌കോ കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ബാറുകള്‍ അടച്ചിട്ടിരുന്നു. പിന്നീട് കമ്മീഷന്‍ കുറച്ചതോടെയാണ് വീണ്ടും ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

അടിസ്ഥാന വിലയ്ക്ക് മാത്രമല്ല എക്‌സൈസ്, വില്പ്പന നികുതികളും സെസും ചേര്‍ത്ത തുകയ്ക്ക് അഞ്ച് ശതമാനത്തിന് വര്‍ദ്ധന വരുമ്പോള്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് ബാര്‍ ഉടമകള്‍ പറയുന്നു.

കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ 750 കോടി രൂപ ചിലവില്‍ സര്‍വകലാശാല നിര്‍മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

നാല് വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കും. ലെ, കാര്‍ഗില്‍ തുടങ്ങി മുഴുവന്‍ ലഡാക്ക് മേഖലയും പുതുതായി നിര്‍മ്മിക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ വരും. ലഡാക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഇന്റഗ്രേറ്റഡ് മള്‍ട്ടിപര്‍പ്പസ് കോര്‍പ്പറേഷന്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

വ്യവസായ വികസനം, ടൂറിസം, ഗതാഗതം, പ്രാദേശിക ഉത്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും മാര്‍ക്കറ്റിംഗ് എന്നിവക്കും ഈ കോര്‍പ്പറേഷന്‍ മേല്‍നോട്ടം വഹിക്കും. ജമ്മു കശ്മീര്‍ പുഃനസഘടനാ ആക്ട് 2019 ലെ സെക്ഷന്‍ 85 പ്രകാരം നിയോഗിച്ച ഉപദേശക കമ്മിറ്റിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടപ്പാക്കിയതിന് സമാനമായി ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റെ കോര്‍പ്പറേഷന്‍ ലഡാക്കിലും കൊണ്ടു വരുന്നതിനായി നിര്‍ദേശിച്ചത്.

ബഹിരാകാശയാത്രയ്ക്ക് തയ്യാറെടുത്ത് യാത്രികന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. തയ്യാറെടുപ്പുകള്‍ എല്ലാം അവസാനഘട്ടത്തിലാണ് എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. പല ഘട്ടങ്ങളായി ഉള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷമാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്. യാത്രയ്ക്കായി രണ്ട് ഘട്ടങ്ങളായി ഉള്ള പരിശീലനം ആണ് സന്തോഷ് ജോര്‍ജ് കുളങ്ങര പൂര്‍ത്തിയാക്കിയത്. അതിലൊന്ന് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു.

ബഹിരാകാശത്ത് എത്തിയാല്‍ ഭാരരഹിതമായ അവസ്ഥയാണ് ഉണ്ടാവുക. ആ അവസ്ഥ ഭൂമിയില്‍ നിന്ന് തന്നെ അനുഭവിക്കുക എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.ഫ്‌ലോറിഡയിലെ കെന്നഡി സ്‌പോര്‍ട്‌സ് സെന്ററില്‍ ആണ് ഈ പരിശീലനം നടന്നത്. ബഹിരാകാശത്ത് എത്തുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അവസ്ഥ ഈ പരിശീലനത്തില്‍ നേരിട്ട് മനസ്സിലാക്കാനായി. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ ആയി എന്നും അദ്ദേഹം പറയുന്നു.രണ്ടാമത്തെ പരിശീലനം നടന്നത് ഫിലാഡല്‍ഫിയായിലെ നാസ്റ്റാര്‍ സെന്ററില്‍ ആയിരുന്നു.

ബഹിരാകാശത്തേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭാരം ഇരട്ടിയാകും എന്ന അവസ്ഥയാണ് അനുഭവപ്പെടുക. എട്ട് ഇരട്ടിയോളം ഭാരം കൂടും എന്നതാണ് സാധാരണ നിലയില്‍ അനുഭവപ്പെടുന്നത്. ഇതിനാണ് ഗ്രാവിറ്റി ടോളറന്‍സ് പരിശീലനം നല്‍കിയത്. ഏറ്റവും കഠിനമായ പരിശീലനം ഇതാണ് എന്ന് അദ്ദേഹം പറയുന്നു. ബഹിരാകാശ യാത്ര പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് പേടകത്തിനുള്ളില്‍ എങ്ങനെ നിലകൊള്ളണം എന്ന കാര്യത്തിലും പരിശീലനം ഉണ്ടാകും. ബഹിരാകാശയാത്രയുടെ വിവരണവും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുമെന്നുറപ്പ് നല്‍കി.