നമ്പി നാരായണന്‍ സിബിഐ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഭൂമി കൈമാറിയതായി രേഖ

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ദുരൂഹതയുമായി പുതിയ വഴിത്തിരിവുകള്‍. മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ഏക്കര്‍ ഭൂമി കൈമാറി സ്വാധീനിച്ചെന്ന രേഖകള്‍ ഉള്‍പ്പടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നമ്പി നാരായണന്‍ തന്റെയും മകന്‍ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ, ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയതായാണ് ആരോപണം.

2004ലും 2008-ലുമായാണ് സ്ഥലമിടപാടുകള്‍ നടന്നതെന്ന് കാണിച്ച് ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച് പ്രതി ചേര്‍ക്കപ്പെട്ട സിബി മാത്യൂസ് ജില്ലാക്കോടതിയിലും, എസ്.വിജയനും തമ്പി എസ്.ദുര്‍ഗാദത്തും കേരളാഹൈക്കോടതിയില്‍ ജാമ്യാപേക്ഷയോടൊപ്പവും ഈ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നമ്പി നാരായണന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എസ്.വിജയനും ഹര്‍ജി നല്‍കിയിട്ടുണ്ട്.

രേഖകള്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടും അവര്‍ പരിഗണിക്കുന്നില്ല എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അട്ടിമറിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമാണ് സി.ബി.ഐ.യിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും നമ്പി നാരായണന്‍ ഭൂമി കൈമാറിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭൂമി എഴുതി നല്കിയതുള്‍പ്പെടെ ചാരക്കേസ് അട്ടിമറിക്കപ്പെട്ടു എന്ന് കാണിക്കുന്ന 23 രേഖകളാണ് എസ്.വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കര്‍, കേന്ദ്ര പെന്‍ഷന്‍ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന്റെ ബന്ധുവിന് ഒരേക്കര്‍, പൊതു ഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കര്‍, സി .ബി.ഐ. ഡി.ഐ.ജി.യായിരുന്ന നെയ്യാറ്റില്‍കര സ്വദേശി പി.എം.നായരുടെ ബിനാമി എന്ന് പറയപ്പെടുന്നയാള്‍ക്ക് 18.88 ഏക്കര്‍ എന്നിങ്ങനെ കൈമാറിയത് അന്വേഷിക്കണമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഒ.എന്‍. ജി.സി.യില്‍ ചീഫ് മാനേജരായിരുന്ന ന്യൂഡല്‍ഹി വസന്ത്കുഞ്ജിലെ ശശിധരന്‍ നായരുടെ പേരിലാണ് 1874/2004 ആധാരപ്രകാരമുള്ള ഭൂമി നല്‍കിയത്. ഇദ്ദേഹം പി.എം.നായരുടെ ബിനാമിയാണെന്ന് വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ താന്‍ ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നായിരുന്നു നമ്പി നാരയണന്‍ ഇത് സംബന്ധിച്ച് മറുപടി നല്‍കിയത്.