ലഡാക്കില്‍ 750 കോടി രൂപ ചിലവില്‍ സര്‍വകലാശാല നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി

കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ 750 കോടി രൂപ ചിലവില്‍ സര്‍വകലാശാല നിര്‍മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

നാല് വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കും. ലെ, കാര്‍ഗില്‍ തുടങ്ങി മുഴുവന്‍ ലഡാക്ക് മേഖലയും പുതുതായി നിര്‍മ്മിക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ വരും. ലഡാക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഇന്റഗ്രേറ്റഡ് മള്‍ട്ടിപര്‍പ്പസ് കോര്‍പ്പറേഷന്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

വ്യവസായ വികസനം, ടൂറിസം, ഗതാഗതം, പ്രാദേശിക ഉത്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും മാര്‍ക്കറ്റിംഗ് എന്നിവക്കും ഈ കോര്‍പ്പറേഷന്‍ മേല്‍നോട്ടം വഹിക്കും. ജമ്മു കശ്മീര്‍ പുഃനസഘടനാ ആക്ട് 2019 ലെ സെക്ഷന്‍ 85 പ്രകാരം നിയോഗിച്ച ഉപദേശക കമ്മിറ്റിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടപ്പാക്കിയതിന് സമാനമായി ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റെ കോര്‍പ്പറേഷന്‍ ലഡാക്കിലും കൊണ്ടു വരുന്നതിനായി നിര്‍ദേശിച്ചത്.