Highlights (Page 186)

വാഷിംഗ്ടണ്‍: അഫ്ഗാനില്‍ താലിബാന്റെ ഭീഷണി വകവെക്കാതെ അമേരിക്കന്‍ സേനയുടെ രക്ഷാപ്രവര്‍ത്തനം. ഓഗസ്റ്റ് 31ന് മുമ്പായി അമേരിക്ക അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്നും പൂര്‍ണമായി പിന്മാറണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍, താലിബാന്‍ ഭരണത്തില്‍ നിന്നും രക്ഷപ്പെടാനായി ആയിരങ്ങളാണ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരിക്കുന്നത്. ഇവരെ എല്ലാം ഓഗസ്റ്റ് 31ന് മുമ്പായി രക്ഷപ്പെടുത്താന്‍ സാധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് സേനാപിന്മാറ്റത്തിനുള്ള അവസാന തീയതിയുടെ കാര്യത്തില്‍ അമേരിക്ക ഇതുവരെയും അന്തിമ തീരുമാനം എടുക്കാത്തത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ കൂടാതെ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും അമേരിക്കയെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കേണ്ടതായുണ്ടെന്നും, ഇവരുടെ എണ്ണം തന്നെ ആയിരങ്ങള്‍ വരും. ഇവരെ ഒഴിപ്പിച്ച ശേഷം അഫ്ഗാനില്‍ തുടരുന്ന 6000ഓളം വരുന്ന അമേരിക്കന്‍ സൈനികരെ മടക്കികൊണ്ടുവരാന്‍ പിന്നെയും ദിവസങ്ങള്‍ എടുക്കുമെന്നും അമേരിക്കന്‍ വക്താക്കള്‍ അറിയിച്ചു.

ഇന്നലെ മാത്രം അമേരിക്ക 10,900 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. ഇതോടെ ഓഗസ്റ്റ് 14 മുതല്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചവരുടെ എണ്ണം 48000 ആയി.

തിരുവനന്തപുരം: ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച വിഷയത്തിൽ പ്രതികരണവുമായി കേരളാ നിയമസഭാ സ്പീക്കർ എം ബി രാജേഷ്. താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നിന്റെയും മരണത്തിലെ സമാനതയാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണ് കെട്ടാതെ മുന്നിൽ നിന്ന് വെടി വയ്ക്കണം എന്നാണ് വാരിയംകുന്നൻ പറഞ്ഞത്. തൂക്കി കൊല്ലുന്നതിന് പകരം വെടിവച്ചത് മതിയെന്ന് ആവശ്യപ്പെട്ട് ആളാണ് ഭഗത് സിംഗെന്ന് എം ബി രാജേഷ് വ്യക്തമാക്കി. ഇരുവരുടെയും മരണത്തിലെ സമാനതയാണ് താൻ താരതമ്യം ചെയ്തതെന്നും ഉപമിച്ച് അപമാനിച്ചതല്ലെന്നും എം ബി രാജേഷ് വെളിപ്പെടുത്തി. ഒരു പ്രമുഖ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ധ്രുവീകരണം ഉണ്ടാക്കലാണ് ചിലരുടെ ലക്ഷ്യം. മലബാർ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ചരിത്ര വിരുദ്ധമാണെന്നും ചരിത്രത്തെ അപനിർമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനാണെന്നും സ്പീക്കർ ചോദിച്ചു. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നു. യുവമോർച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതി നൽകിയത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചു വാങ്ങിയ കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നായിരുന്നു എം ബി രാജേഷിന്റെ പരാമർശം.

ന്യൂഡൽഹി: അടുത്ത നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (എൻഎംപി) പദ്ധതിയാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്.

12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകളാണ് അസറ്റ് ധനസമ്പാദന പദ്ധതിയിൽ ഉൾപ്പെടുന്നത്. റോഡുകൾ, റെയിൽവേ, വൈദ്യുതി എന്നിവയാണ് മൂല്യമനുസരിച്ചുള്ള മൂന്ന് പ്രധാന മേഖലകൾ. എൻഎംപിയിൽ ഭൂമി ഉൾപ്പെടുന്നില്ല. എന്നാൽ ബൗൺ ഫീൽഡ് പ്രോജക്ടുകൾ ധനസമ്പാദനം നടത്തുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുന്നതായാണ് പുറത്തു വരുന്ന വിവരം.

ഒരു ആസ്തിയും പൂർണമായി വിറ്റഴിക്കുകയല്ലെന്ന് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ധനമാന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. പകരം മെച്ചപ്പെട്ട രീതിയിൽ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാൻ. മോണിറ്റൈസേഷൻ പൈപ്പ്ലൈൻ വഴി അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് നീതി ആയോഗ് അറിയിച്ചു. നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ കാന്താണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം റെയിൽ റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചതിന് കുഞ്ചാക്കോ ബോബനെതിരെ കൂട്ട സൈബര്‍ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിയില്‍ നിരവധിപ്പേരാണ് പ്രതിഷേധമറിയിച്ചിരിക്കുന്നത്.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇത്തരമൊരു ചിത്രത്തിനാണ് ചേര എന്ന പേര് കൊടുത്തിരിക്കുന്നതെന്നും അത്തരം സിനിമകള്‍ക്ക് ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നുമാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. നിങ്ങളൊരു ക്രിസ്ത്യാനിയാണോ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

സിനിമയിലൂടെ ക്രിസ്തീയ വിഭാഗത്തെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും, മതവികാരം വ്രണപ്പെടുത്തലാണ് ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും കമന്റുകളുണ്ട്.

മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയാത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. നജീം കോയ തിരക്കഥയെഴുതി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജുന്‍ എം.സിയാണ് നിര്‍മ്മിക്കുന്നത്.

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് ആഘോഷങ്ങളില്ലാതെ ചെമ്പഴന്തി. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ അതിജീവനം ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പരിഗണിച്ച് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തി. മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രസംഗം നടത്തി. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അന്നദാനം ഉള്‍പ്പെടെ മറ്റ് ചടങ്ങുകള്‍ ഉണ്ടാകില്ല. ജയന്തി സമ്മേളനം ഗുരുകുലത്തിന്റെ ഫേസ്ബുക്ക് പേജ് വഴി കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശിവഗിരിമഠത്തില്‍ സന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകളും മഠത്തിനകത്ത് നടത്തുന്ന പ്രതീകാത്മക ജയന്തി ഘോഷയാത്രയും മാത്രമേ ഇത്തവണയും ഉണ്ടാകൂ എന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കൊച്ചി: കേരളത്തിന്റെ സാംസ്‌കാരിക തനിമകൾ ഇനി എത്ര നാൾ കൂടി നിലനിൽക്കുമെന്ന ആശങ്ക പങ്കുവെച്ച് സന്തോഷ് ജോർജ് കുളങ്ങര. നാട്ടിൽ നിന്നിട്ട് കാര്യമില്ലെന്ന യുവാക്കളുടെ മനോഭാവം തുടർന്നാൽ 10 വർഷത്തിനകം കേരളത്തിലുള്ളത്ര മലയാളികൾ അന്യനാടുകളിൽ ജോലിക്കു വേണ്ടി യാചിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നഴ്‌സിങ്, കേറ്ററിങ്, ഷെഫ്, ഫാർമസി, ഫിസിയോ തെറപ്പി, എക്‌സ്‌റേ ടെക്‌നിഷ്യൻ, എസി മെക്കാനിക്ക് തുടങ്ങി അനേകം കോഴ്‌സുകൾ പഠിക്കുന്നവരുടെ പ്രധാന ലക്ഷ്യം വിദേശ ജോലിയാണ്. ഇങ്ങനെ തുടർന്ന് പോകുകയാണെങ്കിൽ മലയാള ഭാഷയും സംസ്‌കാരവും ആർക്കും വേണ്ടാതാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ആകെ ജനസംഖ്യ കണക്കാക്കാതെ 20 വയസ് മുതൽ 60 വയസ്സ് വരെയുള്ളവരെ മാത്രമെടുത്താൽ പകുതിപ്പേരിലേറെ ഇപ്പോൾതന്നെ പ്രവാസികളാണെന്നും അദ്ദേഹം വിശദമാക്കി.

പ്രവാസി എന്നാൽ വിദേശവാസി എന്നർഥമില്ല. സ്വന്തം നാട്ടിൽ നിന്നു മാറി ദൂരെ മറ്റെവിടെയെങ്കിലും ഉപജീവനത്തിനായി കുടിയേറുന്നവരാണ് പ്രവാസികൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി തേടി പോയി അവിടെ കുടിയേറുന്നവർ ആഭ്യന്തര പ്രവാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ആദ്യ ഫത്വ പുറപ്പെടുവിച്ച് താലിബാൻ. പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്നാണ് താലിബാൻ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഹെറാത്ത് പ്രവിശ്യയിലുള്ള സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്ക് താലിബാൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.

സമൂഹത്തിലെ തിന്മകൾ വർദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണെന്നാണ് താലിബാൻ പറയുന്നത്. അതിനാൽ അഫ്ഗാനിലെ കോളേജുകളിൽ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിർത്തലാക്കണമെന്ന് താലിബാൻ വക്താവ് യോഗത്തിൽ ആവശ്യപ്പെട്ടു.

ഇരു വിഭാഗക്കാർക്കും വ്യത്യസ്ത ക്ലാസുകൾ സജ്ജീകരിക്കണമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. വനിതാ അദ്ധ്യാപകരോ മുതിർന്ന അദ്ധ്യാപകരോ മാത്രമേ പെൺകുട്ടികളെ പഠിപ്പിക്കാവൂവെന്നും താലിബാൻ നിർദ്ദേശിച്ചു. സർവകലാശാല അദ്ധ്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ എന്നിവരുമായി താലിബാൻ അധികൃതർ മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതിന് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ക്ലാസുകൾ ഒരുക്കുന്നത് ചെലവ് വർദ്ധിപ്പിക്കുമെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാർത്ഥിനികൾക്ക് ഉപരി പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാനിടയുണ്ട്.

ലക്നൗ: ബി.ജെ.പി. നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2014 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. 1991-ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത് കല്യാൺ സിംഗ് ആയിരുന്നു. ശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

1993-ൽ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളിൽ നിന്ന് കല്യാൺ സിംഗ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിൽ നിന്നും അദ്ദേഹം വിജയം നേടി. 1997-ൽ വീണ്ടും അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 2004-ൽ ബുലന്ദേശ്വറിൽ നിന്ന് ലോക്സഭയിലേക്കും അദ്ദേഹം മത്സരിച്ച് വിജയം നേടി.

കാബൂൾ: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 85 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130 ജെ വിമാനമാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. താജിക്കിസ്താനിൽ ഇറങ്ങിയാണ് വിമാനം ഇന്ധനം നിറച്ചത്. വ്യോമസേനയുടെ മറ്റൊരു വിമാനവും രക്ഷാദൗത്യത്തിനായി കാബൂൾ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് വിവരം.

കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്.

കൊച്ചി: ടോക്കിയോ ഒളിംപിക്സില്‍ നിന്ന് കോരളത്തിലേക്ക് മെഡല്‍ കൊണ്ടുവന്ന മലയാളികളുടെ പി ആര്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി രാജീവ്. ഉത്രാടനാളില്‍ ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കോടിമുണ്ടും, കഥകളിരൂപവുമാണ് മന്ത്രി സമ്മാനമായി നല്‍കിയത്.

അതേസമയം, തന്റെ കയ്യൊപ്പോടുകൂടിയ ഹോക്കി സ്റ്റിക്ക് മന്ത്രിക്ക് സമ്മാനമായി ശ്രീജേഷ് നല്‍കി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഓണാശംസകളും മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്നായിരുന്നു ശ്രീജേഷ് പറഞ്ഞത്. മന്ത്രി വീട്ടിലെത്തിയപ്പോള്‍ വലിയ അഭിമാനമാണ് തോന്നിയതെന്നും ശ്രീജേഷ് അറിയിച്ചു. മന്ത്രിക്കൊപ്പമെത്തിയ പി വി ശ്രീനിജിന്‍ എംഎല്‍എയ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നല്‍കി.