ഓണക്കോടി നല്‍കിയ മന്ത്രിക്ക് ഹോക്കി സ്റ്റിക്ക് സമ്മാനിച്ച് ശ്രീജേഷ്

കൊച്ചി: ടോക്കിയോ ഒളിംപിക്സില്‍ നിന്ന് കോരളത്തിലേക്ക് മെഡല്‍ കൊണ്ടുവന്ന മലയാളികളുടെ പി ആര്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി രാജീവ്. ഉത്രാടനാളില്‍ ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കോടിമുണ്ടും, കഥകളിരൂപവുമാണ് മന്ത്രി സമ്മാനമായി നല്‍കിയത്.

അതേസമയം, തന്റെ കയ്യൊപ്പോടുകൂടിയ ഹോക്കി സ്റ്റിക്ക് മന്ത്രിക്ക് സമ്മാനമായി ശ്രീജേഷ് നല്‍കി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഓണാശംസകളും മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമാണിതെന്നായിരുന്നു ശ്രീജേഷ് പറഞ്ഞത്. മന്ത്രി വീട്ടിലെത്തിയപ്പോള്‍ വലിയ അഭിമാനമാണ് തോന്നിയതെന്നും ശ്രീജേഷ് അറിയിച്ചു. മന്ത്രിക്കൊപ്പമെത്തിയ പി വി ശ്രീനിജിന്‍ എംഎല്‍എയ്ക്കും ശ്രീജേഷ് ഹോക്കി സ്റ്റിക്ക് സമ്മാനമായി നല്‍കി.