Highlights (Page 187)

ന്യൂഡൽഹി: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നുപ്രധാനമന്ത്രി ആശംസ അറിയിച്ചത്. മലയാളത്തിലാണ് അദ്ദേഹം ആശംസാ സന്ദേശം പങ്കുവെച്ചത്.

‘ഓണത്തിന്റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളീയർക്ക് ഓണാശംസകൾ നേർന്നു.ഓണം കേരളത്തിന്റെ ദേശീയ ഉത്സവം മാത്രമല്ല. മനുഷ്യർ എല്ലാവരും ഒന്നുപോലെ ആമോദത്തിൽ വസിച്ച നല്ല കാലത്തിന്റെ ഓർമ പുതുക്കൽ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സമത്വ സുന്ദര ലോകം വീണ്ടും സൃഷ്ടിക്കാനുള്ള പ്രചോദനമാകട്ടെ ഓണമെന്നും ലോകമെമ്പാടുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. 3,19,99,000 രൂപയാണ് ധനസഹായമായി സർക്കാർ അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. ഇതോടൊപ്പം ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു

നിലവിൽ ആനുകൂല്യത്തിനർഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാർ മുഖേന ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികൾ, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാൽ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾ, പിതാവോ മാതാവോ മുൻപ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികൾ, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികൾ, മാതാപിതാക്കൾ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുകയും നിലവിൽ സംരക്ഷിക്കുന്ന രക്ഷിതാക്കൾ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നൽകുന്നതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സർക്കാർ ജീവനക്കാർക്കുള്ള ഫാമിലി പെൻഷൻ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവിൽ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാൽ കുട്ടിക്ക് 18 വയസാകുന്നതിന് മുമ്പ് രക്ഷിതാക്കൾക്ക് ഈ സ്‌കീമിൽ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ സഹായത്തിന് അർഹരായ കുട്ടികൾക്ക് 18 വയസിന് ശേഷം പിൻവലിക്കാവുന്ന തരത്തിലും എന്നാൽ പലിശ കുട്ടിക്ക് ആവശ്യമുള്ള സമയത്ത് പിൻവലിച്ച് ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഒറ്റത്തവണ സഹായം എന്ന നിലയിൽ മൂന്നു ലക്ഷം രൂപ ധനസഹായം നൽകുന്നത്. സർക്കാർ സഹായത്തിന് അർഹരായ കുട്ടികൾക്ക് പ്രതിമാസം 2000 രൂപ വീതം 18 വയസ് പൂർത്തിയാക്കുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്. ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് കുട്ടികളുടെ അപേക്ഷയിന്മേൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അതാതു സമയങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വനിതാ ശിശു വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ട് തുക അനുവദിക്കുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയർപേഴ്‌സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കൺവീനറായും ആരോഗ്യവകുപ്പ് ഡയറക്ടർ/ അഡീഷണൽ ഡയറക്ടറിൽ കുറയാത്ത പ്രതിനിധി എന്നിവർ അംഗങ്ങളുമായ ഒരു സ്‌കീം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ മുഖാന്തിരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രസ്തുത കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊല്ലം: തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. നാളെ ഓണമാഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്താനായുള്ള തിരക്കിലാണ് എല്ലാവരും. ഇതിന് വേണ്ടിയാണ് ഉത്രാട നാളിലെ പരക്കം പാച്ചിൽ. കോവിഡ് വൈറസ് എന്ന മഹാമാരിയുടെ കാലഘട്ടത്തിലാണ് വീണ്ടുമൊരു ഓണം എത്തുന്നത്.

കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇത്തവണ ഓണം ആഘോഷിക്കുന്നത്. വലിയ ആഘോഷ പരിപാടികൾ ഒഴിവാക്കി വീടുകളിൽ തന്നെ ഒതുങ്ങി കൂടുന്ന ഓണാഘോഷമായിരിക്കും ഇത്തവണത്തേത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബാംഗങ്ങൾ ഒത്തുകൂടി ഓണസദ്യ കഴിക്കുക എന്ന രീതിയിലേക്ക് ഓണഘോഷം ചുരുക്കപ്പെട്ട് കഴിഞ്ഞു.

ഓണസദ്യയ്ക്ക് വേണ്ടിയുള്ള വിഭവ സമാഹരണം ഉത്രാട നാളിലാണ് നടക്കുന്നത്. സദ്യക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുക, കുടുംബാംഗങ്ങൾക്ക് പുത്തനുടുപ്പുകൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾ നേരത്തെ ചെയ്യുമെങ്കിലും വിട്ടുപോയ ചില കാര്യങ്ങൾ ഒരുക്കുക ഉത്രാടം നാളിലാണ്. അതിനാൽ തന്നെ റോഡുകളിലും മാർക്കറ്റുകളിലും കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആഘോഷങ്ങളുടെ ഒരുക്കത്തിനിടയിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അഭ്യർത്ഥിക്കുന്നത്.

കാബൂള്‍: ഭരണം പിടിച്ചെടുത്ത താലിബാന് അഫ്ഗാന്റെ ആസ്തിയില്‍ നിന്നും ചില്ലിക്കാശ് പോലും കിട്ടില്ലെന്ന് ബാങ്ക് ഗവര്‍ണര്‍ അജ്മല്‍ അഹ്‌മദി. അഫ്ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡി എ ബിയുടെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ഡോളറിന് മേലെ ഉണ്ട്, ഈ ആയിരം കോടി മുഴുവനും സ്ഥിരനിക്ഷേപങ്ങളായും ലിക്വിഡ് അസറ്റായും സ്വര്‍ണം മുതലായ നോണ്‍ ലിക്വിഡ് അസറ്റുകളായും വിദേശ ബാങ്കുകളിലാണ്. അത് ഒരിക്കലും താലിബാന് കൈക്കലാക്കാന്‍ സാധിക്കില്ലെന്ന് അഹ്‌മദി വ്യക്തമാക്കി.

അവസാനം നടത്തിയ കണക്കെടുപ്പില്‍ അഫ്ഗാനിസ്ഥാന്റെ പക്കല്‍ ഒന്‍പത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നു. അഹ്‌മദിയുടെ അഭിപ്രായത്തില്‍ നിലവില്‍ ഫെഡറല്‍ റിസര്‍വ് ഹോള്‍ഡിംഗ് ആയി 700 കോടി അമേരിക്കന്‍ ഡോളറും, അമേരിക്കന്‍ ബോണ്ടുകളായി 310 കോടി ഡോളറും 120 കോടി ഡോളര്‍ സ്വര്‍ണ നിക്ഷേപമായും 30 കോടി പണമായും അഫ്ഗാന്‍ ബാങ്കിലുണ്ട്.

അഫ്ഗാനിസ്ഥാന് സാമ്പത്തികമായി സഹായം നല്‍കുന്ന രാജ്യങ്ങള്‍ മൊത്തമായും പണം നല്‍കാതെ ആഴ്ചതോറും തങ്ങളുടെ വിഹിതം അഫ്ഗാനിസ്ഥാന്‍ ബാങ്കിലേക്ക് അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് മനസിലായതോടെ അവരെല്ലാം ആഴ്ചകള്‍ക്കു മുമ്പ് തന്നെ അഫ്ഗാനിസ്ഥാന് പണം നല്‍കുന്നത് നിര്‍ത്തിയിരുന്നുവെന്ന് അഹ്‌മദി പറയുന്നു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ബാങ്കില്‍ പണമായി ഒറ്റ പൈസ പോലും ഇല്ലെന്നും അഹ്‌മദി ചൂണ്ടിക്കാട്ടി.

കാബൂൾ: അമേരിക്കൻ സേന പൂർണ്ണമായും പിന്മാറുന്നതിന് മുൻപ് തന്നെ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുകയാണ് താലിബാൻ. അമേരിക്കയുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ച് കൊണ്ട് അതിവേഗത്തിൽ അഫ്ഗാൻ താലിബാൻ കീഴടക്കുകയായിരുന്നു. ഇതിന് താലിബാന് വിദേശ സഹായം ലഭ്യമായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശവുമില്ല.

താലിബാനെ അംഗീകരിച്ച് പാകിസ്താനും ചൈനയും നിലപാട് അറിയിച്ചിരുന്നു. റഷ്യയും താലിബാന് പിന്തുണ അറിയിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരിക്കൽ താലിബാൻ ഭീകരരുടെ കൈകളാൽ റഷ്യ തോൽവി അറിഞ്ഞിട്ടും അഫ്ഗാനിൽ പുതിയ അവസരം തേടുകയാണിവർ. അഫ്ഗാനിലുള്ള കോടികൾ വിലമതിക്കുന്ന ചില ധാതുക്കളാണ് ഇതിനുള്ള കാരണം.

പെട്രോളും, സ്വർണവും, വജ്രവും നിക്ഷേപമായിട്ടുള്ള പല ആഫ്രിക്കൻ രാജ്യങ്ങളുടേതിനും സമാനമാണ് അഫ്ഗാനിസ്ഥാനിലുമുള്ള ജനങ്ങളുടെ അവസ്ഥ. രാജ്യം സമ്പന്നമാവുമ്പോഴും നല്ലൊരു വിഭാഗവും പട്ടിണിയിൽലാണ്. ഒരു ട്രില്യൺ ഡോളർ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങൾ അഫ്ഗാനിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇരുമ്പ്, ചെമ്പ്, സ്വർണം തുടങ്ങിയ ധാതുക്കൾ വിവിധ പ്രവിശ്യകളിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിദേശരാജ്യങ്ങളുടെ കണ്ണ് പതിഞ്ഞിട്ടുള്ളത് ഈ ധാതുക്കളിലല്ല. ലോകത്തിന്റെ വരും നാളുകൾ നിർണയിക്കുന്ന ലിഥിയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ യുഗത്തിന് അവസാനം കുറിക്കുമ്പോൾ ലിഥിയം ഉപയോഗിച്ച് നിർമ്മിക്കുന്ന ബാറ്ററികളുടെ ആവശ്യം വർധിക്കും.

സുരക്ഷാ കാരണങ്ങളാലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണവും ധാതു ഖനനം അഫ്ഗാനിസ്ഥാനിൽ വേണ്ടത്ര മുന്നേറിയിട്ടില്ല. നിലവിൽ അഫ്ഗാനിസ്താനിൽ ചെറു ഖനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ ഉത്പാദനം മാത്രമാണ് ഇവിടെ നടക്കുന്നത്. ഉത്പാദനത്തിന്റെ പകുതി പങ്കും താലിബാനോ മറ്റു യുദ്ധപ്രഭുക്കളോ തട്ടിയെടുക്കുകയും ചെയ്യുന്നു.

ന്യൂഡൽഹി: ഇന്ത്യക്കാർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്. വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോൾ പുതിയ പിക്ചർ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പണം ഇടപാടുകൾക്ക് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാനായി ഈ പുതിയ ഫീച്ചർ വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിൽ മാത്രമാണ്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇനി ജന്മദിനങ്ങൾ, അവധി ദിവസങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോൾ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിക്കാം.

പണം അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും കൂടുതൽ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് പേയ്മെന്റ് ബാക്ക്ഗ്രൗണ്ട് ഫീച്ചറിനു പിന്നിലെ ലക്ഷ്യമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതൽ സവിശേഷതകളും പ്രവർത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്സ്ആപ്പിൽ പണമിടപാടുകൾ രസകരമായ അനുഭവമായി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (എന്‍ ഡി എ) പ്രവേശന പരീക്ഷ എഴുതാന്‍ സ്ത്രീകളെയും അനുവദിക്കണമെന്ന് സുപ്രീം കോടതി. സെപ്തംബര്‍ അഞ്ചിനാണ് പരീക്ഷ നടത്തപ്പെടുന്നത് നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെയും സൈന്യത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സുപ്രീം കോടതി കേന്ദ്രത്തിന്റെ മാനസികാവസ്ഥ ശരിയായ രീതിയില്‍ അല്ലാത്തതിനാലാണ് സ്ത്രീകള്‍ക്ക് എന്‍ ഡി എയില്‍ പ്രവേശനം നല്‍കാത്തതെന്ന് കുറ്റപ്പെടുത്തി. കോടതിയുടെ ഈ നിര്‍ദേശം സൈന്യത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് ഇടക്കാല ഉത്തരവിട്ടത്.

കോടതി നിര്‍ദേശത്തില്‍ മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും കോടതി വ്യക്തമാക്കി.

അതേസമയം എന്‍ ഡി എയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്ന തങ്ങളുടെ നയം വിവേചനപരമല്ലെന്നും സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കാബൂള്‍: അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതോടെ ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്യുമ്പോള്‍ മരണം കാത്ത് ഒരു പൂജാരി. കാബൂളിലെ രത്തന്‍നാഥ് ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയായ രജീഷ്‌കുമാറാണ് രാജ്യം വിട്ടുപോകാതെ ക്ഷേത്രത്തില്‍ തന്നെ കഴിയുന്നത്.

രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയതിന് പിന്നാലെ രാജ്യം വിടാന്‍ പലരും രജീഷ് കുമാറിനെ നിര്‍ബന്ധിച്ചിരുന്നു. അദ്ദേഹത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ അടക്കം പല ഹിന്ദുക്കളും വാഗ്ദാനവും ചെയ്തു. എന്നാല്‍ ക്ഷേത്രം ഉപേക്ഷിച്ച് പോകാനില്ലെന്ന നിലപാടാണ് രജീഷ് കുമാര്‍ സ്വീകരിച്ചത്.

ചില ഹിന്ദുക്കള്‍ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ പൂര്‍വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച് ഞാന്‍ പോകില്ല. താലിബാന്‍ എന്നെ കൊലപ്പെടുത്തിയാല്‍ അത് എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതുംമെന്നായിരുന്നു രജീഷ് കുമാറിനെ ഉദ്ധരിച്ച് ട്വീറ്റുകള്‍ വന്നിരിക്കുന്നത്.

നേരത്തെ, അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

തൃശൂർ: സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ വൻ വർധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നിരട്ടി വർധനവാണ് ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ ഉണ്ടായിരിക്കുന്നത്. അഞ്ചു വർഷത്തെ കണക്കു നോക്കിയാൽ 90 ഇരട്ടിയോളം വർധനവ് ഉണ്ടായിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷം 24 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2019-20 ൽ 613 ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 2,158 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

സിഎൻജി വാഹനങ്ങളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷം 10 സിഎൻജി വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം അത് 235 ആയി വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ധനവിലയിൽ അടിക്കടിയുണ്ടാകുന്ന വർധനവാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിക്കാൻ കാരണം. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു മേൽ വർധിച്ചു വരുന്ന നിയന്ത്രണങ്ങളും, ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളാണ് ഈ മാറ്റത്തിന് പിന്നിലെ മറ്റൊരു കാരണം. ഇലക്ട്രിക് വാഹനങ്ങളുടെ വിപണി സാധ്യത മനസിലാക്കിയതോടെ മികച്ച സൗകര്യങ്ങളോടെ പുതിയ മോഡലുകൾ വാഹന നിർമ്മാണ കമ്പനികൾ പുറത്തിറക്കുന്നുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഇലക്ട്രിക് വാഹനങ്ങളുടെ വിപണി സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്.

വാഷിംഗ്ടൺ: സമാധാനപ്രിയനായ ഒരു പ്രസിഡന്റിനെ തെരഞ്ഞെടുത്തു എന്ന ആശ്വാസത്തിലായിരുന്നു അമേരിക്കൻ ജനത. എന്നാൽ ആ വിശ്വാസത്തിനാണ് അഫ്ഗാൻ വിഷയത്തോടെ വിള്ളൽ വീണിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് താലിബാനുമായി നിരവധി തവണ അമേരിക്ക സമാധാന ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് അമേരിക്കൻ സൈന്യത്തെ അഫ്ഗാനിൽ നിന്നും പിൻവലിക്കുന്നുവെന്ന വിവരം ജോ ബൈഡൻ പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 31 ന് അവസാന സൈനികനും മടങ്ങും എന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചപ്പോൾ മൂന്ന് മാസം സമയമെടുത്താൽ മാത്രമേ താലിബാൻ അധികാര കസേരയിൽ ഇരിക്കാനാവൂവെന്നായിരുന്നു അമേരിക്കയുടെ ധാരണ. എന്നാൽ അമേരിക്കയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഒൻപത് ദിവസത്തിനുള്ളിൽ നിരവധി പ്രവിശ്യകളിലെ ഭരണം പിടിച്ചെടുത്താണ് താലിബാൻ കാബൂളിൽ കടന്നു കയറിയത്. പാകിസ്ഥാൻ വഴി ചൈന നൽകിയ ആയുധങ്ങളാണ് താലിബാനെ ഇതിന് സഹായിച്ചതെന്നാണ് വിവരം.

അഫ്ഗാൻ താലിബാൻ പിടിച്ചടക്കിയതോടെ അമേരിക്കയ്‌ക്കെതിരെ ഗുരുതര വിമർശനങ്ങളാണ് ഉയരുന്നത്. ലോക പൊലീസ് പട്ടം അമേരിക്കയ്ക്ക് അഴിച്ച് പെട്ടിയിൽ വയ്ക്കേണ്ട സമയമായെന്നും രാജ്യത്തിന്റെ മുഖം നഷ്ടമാക്കിയത് ബൈഡനാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക ഒഴിപ്പിച്ച് കൊണ്ട് പോകുന്ന അഭയാർത്ഥികൾ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇരുപത് വർഷത്തിനിടെ തങ്ങളെ യുദ്ധമുഖത്തും അല്ലാതെയും സഹായിച്ച ആളുകളെ താലിബാനിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കൻ ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. കാബൂളിൽ നഗരാതിർത്തികളിൽ താലിബാൻ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചപ്പോൾ രാജ്യത്ത് നിന്ന് വിമാനത്താവളങ്ങളിലേക്കെത്തിയ അഫ്ഗാൻ ജനങ്ങളിൽ പലരും അമേരിക്കയുടെ വിമാനങ്ങളിൽ കയറിപ്പറ്റിയിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ സാധാരണക്കാരടക്കം 640 അഫ്ഗാനികളെയാണ് കഴിഞ്ഞ ദിവസം അമേരിക്ക കൊണ്ടുപോയത്. ഇവരുടെ പുനരധിവാസം സംബന്ധിച്ചുള്ള കാര്യങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വേണ്ടത്ര പരിശോധ നടത്താനാവാത്ത സാഹചര്യത്തിൽ ഇവരെ കൊണ്ടുവരുന്നത് അമേരിക്കയുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്.