കൊച്ചി: കേരളത്തിന്റെ സാംസ്കാരിക തനിമകൾ ഇനി എത്ര നാൾ കൂടി നിലനിൽക്കുമെന്ന ആശങ്ക പങ്കുവെച്ച് സന്തോഷ് ജോർജ് കുളങ്ങര. നാട്ടിൽ നിന്നിട്ട് കാര്യമില്ലെന്ന യുവാക്കളുടെ മനോഭാവം തുടർന്നാൽ 10 വർഷത്തിനകം കേരളത്തിലുള്ളത്ര മലയാളികൾ അന്യനാടുകളിൽ ജോലിക്കു വേണ്ടി യാചിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നഴ്സിങ്, കേറ്ററിങ്, ഷെഫ്, ഫാർമസി, ഫിസിയോ തെറപ്പി, എക്സ്റേ ടെക്നിഷ്യൻ, എസി മെക്കാനിക്ക് തുടങ്ങി അനേകം കോഴ്സുകൾ പഠിക്കുന്നവരുടെ പ്രധാന ലക്ഷ്യം വിദേശ ജോലിയാണ്. ഇങ്ങനെ തുടർന്ന് പോകുകയാണെങ്കിൽ മലയാള ഭാഷയും സംസ്കാരവും ആർക്കും വേണ്ടാതാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ആകെ ജനസംഖ്യ കണക്കാക്കാതെ 20 വയസ് മുതൽ 60 വയസ്സ് വരെയുള്ളവരെ മാത്രമെടുത്താൽ പകുതിപ്പേരിലേറെ ഇപ്പോൾതന്നെ പ്രവാസികളാണെന്നും അദ്ദേഹം വിശദമാക്കി.
പ്രവാസി എന്നാൽ വിദേശവാസി എന്നർഥമില്ല. സ്വന്തം നാട്ടിൽ നിന്നു മാറി ദൂരെ മറ്റെവിടെയെങ്കിലും ഉപജീവനത്തിനായി കുടിയേറുന്നവരാണ് പ്രവാസികൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി തേടി പോയി അവിടെ കുടിയേറുന്നവർ ആഭ്യന്തര പ്രവാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

