നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചതിന് കുഞ്ചാക്കോ ബോബനെതിരെ കൂട്ട സൈബര്‍ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിയില്‍ നിരവധിപ്പേരാണ് പ്രതിഷേധമറിയിച്ചിരിക്കുന്നത്.
കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇത്തരമൊരു ചിത്രത്തിനാണ് ചേര എന്ന പേര് കൊടുത്തിരിക്കുന്നതെന്നും അത്തരം സിനിമകള്‍ക്ക് ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നുമാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. നിങ്ങളൊരു ക്രിസ്ത്യാനിയാണോ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
സിനിമയിലൂടെ ക്രിസ്തീയ വിഭാഗത്തെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും, മതവികാരം വ്രണപ്പെടുത്തലാണ് ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നും കമന്റുകളുണ്ട്.
മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയാത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. നജീം കോയ തിരക്കഥയെഴുതി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജുന്‍ എം.സിയാണ് നിര്‍മ്മിക്കുന്നത്.

