താലിബാന്റെ ഭീഷണി വിലപ്പോകില്ല; അഫ്ഗാനില്‍ നിന്നും സേനാ പിന്മാറ്റത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അമേരിക്ക !

വാഷിംഗ്ടണ്‍: അഫ്ഗാനില്‍ താലിബാന്റെ ഭീഷണി വകവെക്കാതെ അമേരിക്കന്‍ സേനയുടെ രക്ഷാപ്രവര്‍ത്തനം. ഓഗസ്റ്റ് 31ന് മുമ്പായി അമേരിക്ക അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്നും പൂര്‍ണമായി പിന്മാറണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍, താലിബാന്‍ ഭരണത്തില്‍ നിന്നും രക്ഷപ്പെടാനായി ആയിരങ്ങളാണ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരിക്കുന്നത്. ഇവരെ എല്ലാം ഓഗസ്റ്റ് 31ന് മുമ്പായി രക്ഷപ്പെടുത്താന്‍ സാധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് സേനാപിന്മാറ്റത്തിനുള്ള അവസാന തീയതിയുടെ കാര്യത്തില്‍ അമേരിക്ക ഇതുവരെയും അന്തിമ തീരുമാനം എടുക്കാത്തത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ കൂടാതെ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും അമേരിക്കയെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കേണ്ടതായുണ്ടെന്നും, ഇവരുടെ എണ്ണം തന്നെ ആയിരങ്ങള്‍ വരും. ഇവരെ ഒഴിപ്പിച്ച ശേഷം അഫ്ഗാനില്‍ തുടരുന്ന 6000ഓളം വരുന്ന അമേരിക്കന്‍ സൈനികരെ മടക്കികൊണ്ടുവരാന്‍ പിന്നെയും ദിവസങ്ങള്‍ എടുക്കുമെന്നും അമേരിക്കന്‍ വക്താക്കള്‍ അറിയിച്ചു.

ഇന്നലെ മാത്രം അമേരിക്ക 10,900 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. ഇതോടെ ഓഗസ്റ്റ് 14 മുതല്‍ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചവരുടെ എണ്ണം 48000 ആയി.