Highlights (Page 185)

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവരിൽ 95 പേർ മരണപ്പെട്ടതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഒരു ഡോസ് മാത്രമെടുത്ത 546 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ശേഷം മരണത്തിന് കീഴടങ്ങിയവരിൽ കൂടുതൽ പേരും അറുപത് വയസ് കഴിഞ്ഞവരും മറ്റ് രോഗങ്ങൾ ഉള്ളവരുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

4,099 പേർക്കാണ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. 20,313 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ഇതിൽ പതിനയ്യായിരത്തോളം പേരും അറുപതു വയസു കഴിഞ്ഞവരാണ്. പതിനെട്ടിന് താഴെ പ്രായമുള്ളവരാണ് ഏറ്റവും കുറവ്. വാക്‌സിനെടുത്താലും പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ. സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ ഹോമിയോ വിഭാഗക്കാരെ ഉൾപ്പെടുത്താൻ സർക്കാരോ ആരോഗ്യ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

കോവിഡ് ചികിത്സക്ക് സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. 28 ദിവസത്തിനം ഹോമിയോപ്പതിയിൽ കോവിഡ് ചികിത്സിക്കാൻ അവസരം ഒരുക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഓഗസ്റ്റ് 13 നാണ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദ ഇൻസ്റ്റിറ്റിയൂൂഷൻ ഓഫ് ഹോമിയോപ്പതി കേരള നൽകിയ ഹർജിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് അടക്കം കോടതി വിധി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവുകൾ കോടതിയും പുറപ്പെടുവിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിർദ്ദേശം അനുസരിച്ച് ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്. എന്നാൽ നിലവിൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള കേരളത്തിൽ മാത്രം ഹോമിയോ ചികിത്സയ്ക്ക് അനുമതി നൽകാത്തത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്്.

2020 ഡിസംബറിൽ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കോവിഡ് രോഗികളെയും ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെൻസറികളുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടർമാരുമുണ്ടെങ്കിലും കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. എന്നാൽ സർക്കാർ ഇതിന് അനുമതി നൽകിയില്ല.

കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ ഇപ്പോൾ അലോപ്പതി സി.എഫ്.എൽ.ടി.സികളായാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഡിസ്‌പെൻസറികളിലെ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ അലോപ്പതി സി.എഫ്.എൽ.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ഡോക്ടർമാർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

ന്യൂഡല്‍ഹി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. കഴിയാവുന്നത്ര ആളുകളെയും ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, അഫ്ഗാനിലെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാന്‍ വാക്ക് പാലിക്കുന്നില്ലെന്നും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നത്. എല്ലാവിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറാകുന്നില്ലെന്നാണ് ജയ്ശങ്കര്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കക്ഷി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ശരത് പവാര്‍, എച്ച്.ഡി.ദേവഗൗഡ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ഇന്ത്യക്കാരെ ഇതിനോടകം അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. താലിബാനില്‍ നിന്നും രക്ഷനേടാന്‍ 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ജി- മെയിലും ഗൂഗിള്‍ ഡ്രൈവും നിറഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്കായി ഇതാ കുറച്ച് നിര്‍ദ്ദേശങ്ങള്‍. ഗൂഗിള്‍ അധിക സ്റ്റോറേജിനായി പണം മുടക്കാതെ കൂടുതല്‍ സ്പേസ് കണ്ടെത്താന്‍ ചില പൊടിക്കൈകള്‍ നോക്കാം.

ഗൂഗിള്‍ ഡ്രൈവ്, ജിമെയ്ല്‍, ഗൂഗിള്‍ ഫോട്ടോകള്‍, മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ എന്നിവ അനുവദിച്ചിട്ടുള്ള 15 ജിബി സൗജന്യ സ്റ്റോറേജ് എല്ലാ ഗൂഗിള്‍ അക്കൗണ്ടിനും ലഭിക്കും. നിങ്ങളുടെ ഗൂഗിള്‍ സ്റ്റോറേജ് സ്വമേധയാ ക്ലീന്‍ ചെയ്യുന്നത് ഗൂഗിള്‍ ഫോട്ടോകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

വലിയ ഇമെയില്‍ അറ്റാച്ച്മെന്റുകള്‍ നേരിട്ട് ഡിലീറ്റ് ചെയ്താല്‍ കൂടുതല്‍ സ്പേസ് കണ്ടെത്താം. അതിനായി, ജിമെയില്‍ അക്കൗണ്ടിലേക്ക് പോയി സെര്‍ച്ച് ബാറില്‍ ‘has:attachment larger:10M’ എന്ന് ടൈപ്പ് ചെയ്യുക. വലിയ ഫയലുകള്‍ ഒഴിവാക്കണമെങ്കില്‍, ’10’ എന്നതിന് പകരം ഉയര്‍ന്ന സംഖ്യ നല്‍കുക. ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞാല്‍, ആവശ്യമില്ലാത്ത എല്ലാ ഇമെയിലുകളും തിരഞ്ഞെടുത്ത് ഇല്ലാതാക്കുക, ബട്ടണില്‍ ടാപ്പുചെയ്യുക. തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ട്രാഷിലേക്ക് പോയി നിങ്ങളുടെ ട്രാഷ് ബിന്‍ ക്ലിയര്‍ ചെയ്യുക.

ഗൂഗിള്‍ ഡ്രൈവ് ഇന്‍ബോക്സില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍, ഡ്രൈവ് തുറന്ന്, ഇടത് ടൂള്‍ബാറില്‍ നിന്ന് ‘എല്ലാ ഫയലുകളും’ കാണാനായി വ്യൂ തിരഞ്ഞെടുക്കുക, പഴയ ഫയലുകള്‍ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുക. അനാവശ്യമായ എല്ലാ ഇമെയിലുകളില്‍ നിന്നും അണ്‍സബ്സ്‌ക്രൈബ് ചെയ്യുകയും പഴയവ ഇല്ലാതാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ധാരാളം ഇമെയിലുകള്‍ അല്ലെങ്കില്‍ വാര്‍ത്താക്കുറിപ്പുകള്‍ അയയ്ക്കുന്ന വെബ്സൈറ്റുകളില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെങ്കില്‍, അവ ഉടന്‍ തന്നെ അണ്‍സബ്സ്‌ക്രൈബ് ചെയ്യണം.

അതിനായി, ജിമെയില്‍ തുറന്ന് നിങ്ങള്‍ക്ക് അണ്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ താല്‍പ്പര്യമുള്ള ഏതെങ്കിലും ഇമെയില്‍ തിരഞ്ഞെടുക്കുക. അയച്ചയാളുടെ പേരിന് അടുത്തുള്ള അണ്‍സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പോപ്പ്അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍, അണ്‍സബ്സ്‌ക്രൈബ് ക്ലിക്ക് ചെയ്യുക, അയച്ചയാളില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഇമെയിലുകള്‍ ആവശ്യമില്ലെന്ന് ഇത് സ്ഥിരീകരിക്കും. അയയ്ക്കുന്നയാളുടെ വെബ്സൈറ്റിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യുന്ന അവസരങ്ങളുണ്ട്, അവിടെ നിങ്ങള്‍ക്ക് ഇമെയില്‍ ഓപ്ഷന്‍ എളുപ്പത്തില്‍ ഇല്ലാതാക്കാം.

എല്ലാ പഴയ ഇമെയിലുകളും ഇല്ലാതാക്കാന്‍, ഇന്‍ബോക്സില്‍ എല്ലാ ഇമെയിലുകളും കാണിക്കുന്ന സേര്‍ച്ച് ബാറില്‍ അയച്ചയാളുടെ പേര് ടൈപ്പ് ചെയ്യുക. ഓരോ ഇമെയിലും വായിക്കാതെ തന്നെ നിങ്ങള്‍ക്ക് ഇപ്പോള്‍ അവ എളുപ്പത്തില്‍ ഇല്ലാതാക്കാനുമാവും.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതായും ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂര്‍ത്തീകരിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 56.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,41,75,570 ഡോസ് സ്ത്രീകള്‍ക്കും, 1,30,72,847 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88,66,476 ഡോസുമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1,536 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.

ബെയ്ജിങ്: രാജ്യത്ത് മാര്‍ക്സിസ്റ്റ് വിശ്വാസം ഉറപ്പിക്കാനായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ചൈന. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം.

‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി.

2012ല്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തെ വ്യവസായം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഷി ചിന്‍പിങ്ങ് പിന്തുടരുന്നത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൊഹ്ലിപ്പട തകര്‍ന്നടിഞ്ഞു. ടോസ് ലഭിച്ച ശേഷം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിനെ ഇംഗ്ലീഷുകാര്‍ തകര്‍ത്തു തരിപ്പണമാക്കി.

വെറും 78 റണ്‍സ് മാത്രമേ ഇന്ത്യന്‍ നിരയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ രോഹിത് ശര്‍മയും (19) അജിങ്ക്യ രഹാനെയും (18) മാത്രമേ രണ്ടക്കം കടന്നുള്ളൂ. 105 ബോളുകളിലാണ് രോഹിത്ത് 18 റണ്‍സെടുത്തത്. രഹാനെ 54 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് 18 റണ്‍സെടുത്തത്.

കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), നായകന്‍ കൊഹ്ലി (7), റിഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ടു.

മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്സനും ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. മുന്‍നിരയിലെ മൂന്നു വിക്കറ്റുകളും ആന്‍ഡേഴ്സനായിരുന്നു. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റണ്‍സ് നേടി. 42 ഓവര്‍ ബാറ്റു ചെയ്താണ് ഇംഗ്ലിഷ് ഓപ്പണര്‍മാര്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചു. കളി നിര്‍ത്തുമ്പോള്‍ റോറി ബേണ്‍സ് 52 റണ്‍സോടെയും ഹസീബ് ഹമീദ് 60 റണ്‍സോടെയും ക്രീസിലുണ്ട്. 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി

ലോര്‍ഡ്സില്‍ ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയാണ് കൊഹ്ലി ഈ മല്‍സരത്തിലും ഇറങ്ങിയത്. മറുഭാഗത്ത് ഇംഗ്ലണ്ട് രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. മോശം ഫോം തുടരുന്ന ഡൊമിനിക്ക് സിബ്‌ളിയെ പുറത്തിരുത്തി പകരം ഡേവിഡ് മലാനെ കളിപ്പിച്ചു. പരിക്കേറ്റു പിന്‍മാറിയ പേസര്‍ മാര്‍ക്ക് വുഡിനു പകരം ക്രെയ്ഗ് ഒവേര്‍ട്ടനും ടീമിലേക്കു വന്നു

ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ വാക്‌സിനേഷനിലൂടെ പ്രതിരോധം തീർത്ത ബ്രിട്ടൻ വരുന്ന ശൈത്യകാലത്തെ മറ്റൊരു തരംഗം മുന്നിൽ കണ്ട് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാൻ തയാറെടുക്കുന്നു. പ്രായമായവർക്കും മറ്റുരോഗങ്ങൾ അലട്ടുന്നവർക്കുമെല്ലാം ബൂസ്റ്റർ ഡോസ് നൽകാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം. പൗരന്മാരെ കൂടുതൽ സുരക്ഷിതരാക്കാനാണ് സർക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി കൂടുതൽ വാക്‌സിൻ ശേഖരിക്കാനുള്ള സർക്കാർ നടപടികളും ആരംഭിച്ചു.

2022 ൽ ലഭ്യമാകുന്ന രീതിയിൽ 35 മില്യൺ ഡോസ് ഫൈസർ വാക്‌സിൻ അധികമായി വാങ്ങാൻ ബ്രിട്ടൻ ഓർഡർ നൽകിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു. എട്ട് വ്യത്യസ്ത ബ്രാൻഡുകളിലുള്ള 540 മില്യൺ കോവിഡ് ഡോസുകൾ ഇതുവരെ വിവിധ കമ്പനികളിൽ നിന്നും ബ്രിട്ടൻ വാങ്ങിയിട്ടുണ്ട്.

സെപ്റ്റംബർ മാസം മുതൽ 50 വയസിനു മുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ മൂന്നാം ഡോസ് ബുസ്റ്റർ ഡോസ് വാക്‌സിൻ നൽകാമെന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്‌സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടില്ല. ആദ്യ രണ്ടു ഡോസ് നൽകുന്ന സുരക്ഷിതത്വം എത്രനാൾ നീളുമെന്ന പഠന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും ബൂസ്റ്ററിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

ബെംഗളൂരു: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തിരിക്കുന്നത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

സംവിധായകനായ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. അമിതാഭിനോടൊപ്പം രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോള്‍സ് റോയിസ് അമിതാഭിന് സമ്മാനിച്ചത്.

അതേസമയം, ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നതെന്നും കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

മാത്രമല്ല, കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാറിന്റെ ഉടമ ഇപ്പോഴും അമിതാഭ് ബച്ചനാണെന്നും ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ സാഹിത്യകാരൻ പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. ആകസ്മികം- ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന കൃതിക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ പി ശങ്കരൻ, അനിൽ വള്ളത്തോൾ, സേതുമാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം ജേതാവിനെ തെരഞ്ഞെടുത്തത്.

നേരത്തെ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കവിതയും ഗദ്യസാഹിത്യവും നാടകവും ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്ക നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.