താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നിന്റെയും മരണത്തിലെ സമാനത; എം ബി രാജേഷ്

തിരുവനന്തപുരം: ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച വിഷയത്തിൽ പ്രതികരണവുമായി കേരളാ നിയമസഭാ സ്പീക്കർ എം ബി രാജേഷ്. താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നിന്റെയും മരണത്തിലെ സമാനതയാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണ് കെട്ടാതെ മുന്നിൽ നിന്ന് വെടി വയ്ക്കണം എന്നാണ് വാരിയംകുന്നൻ പറഞ്ഞത്. തൂക്കി കൊല്ലുന്നതിന് പകരം വെടിവച്ചത് മതിയെന്ന് ആവശ്യപ്പെട്ട് ആളാണ് ഭഗത് സിംഗെന്ന് എം ബി രാജേഷ് വ്യക്തമാക്കി. ഇരുവരുടെയും മരണത്തിലെ സമാനതയാണ് താൻ താരതമ്യം ചെയ്തതെന്നും ഉപമിച്ച് അപമാനിച്ചതല്ലെന്നും എം ബി രാജേഷ് വെളിപ്പെടുത്തി. ഒരു പ്രമുഖ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ധ്രുവീകരണം ഉണ്ടാക്കലാണ് ചിലരുടെ ലക്ഷ്യം. മലബാർ കലാപത്തിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ചരിത്ര വിരുദ്ധമാണെന്നും ചരിത്രത്തെ അപനിർമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനാണെന്നും സ്പീക്കർ ചോദിച്ചു. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നു. യുവമോർച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതി നൽകിയത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചു വാങ്ങിയ കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നായിരുന്നു എം ബി രാജേഷിന്റെ പരാമർശം.