അടുത്ത നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കും; പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് കേന്ദ്രം

ന്യൂഡൽഹി: അടുത്ത നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (എൻഎംപി) പദ്ധതിയാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്.

12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകളാണ് അസറ്റ് ധനസമ്പാദന പദ്ധതിയിൽ ഉൾപ്പെടുന്നത്. റോഡുകൾ, റെയിൽവേ, വൈദ്യുതി എന്നിവയാണ് മൂല്യമനുസരിച്ചുള്ള മൂന്ന് പ്രധാന മേഖലകൾ. എൻഎംപിയിൽ ഭൂമി ഉൾപ്പെടുന്നില്ല. എന്നാൽ ബൗൺ ഫീൽഡ് പ്രോജക്ടുകൾ ധനസമ്പാദനം നടത്തുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുന്നതായാണ് പുറത്തു വരുന്ന വിവരം.

ഒരു ആസ്തിയും പൂർണമായി വിറ്റഴിക്കുകയല്ലെന്ന് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ധനമാന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. പകരം മെച്ചപ്പെട്ട രീതിയിൽ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാൻ. മോണിറ്റൈസേഷൻ പൈപ്പ്ലൈൻ വഴി അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് നീതി ആയോഗ് അറിയിച്ചു. നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ കാന്താണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം റെയിൽ റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.