തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് ആഘോഷങ്ങളില്ലാതെ ചെമ്പഴന്തി. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ അതിജീവനം ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ പരിഗണിച്ച് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തി. മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രസംഗം നടത്തി. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അന്നദാനം ഉള്‍പ്പെടെ മറ്റ് ചടങ്ങുകള്‍ ഉണ്ടാകില്ല. ജയന്തി സമ്മേളനം ഗുരുകുലത്തിന്റെ ഫേസ്ബുക്ക് പേജ് വഴി കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശിവഗിരിമഠത്തില്‍ സന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകളും മഠത്തിനകത്ത് നടത്തുന്ന പ്രതീകാത്മക ജയന്തി ഘോഷയാത്രയും മാത്രമേ ഇത്തവണയും ഉണ്ടാകൂ എന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

