Highlights (Page 18)

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയെ ഉപയോഗിച്ച് കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കരവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അറസ്റ്റെന്ന് സംശയിക്കുന്നു. സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുകയാണ്. വഴിവിട്ട് സഞ്ചരിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാട്ടിൽ 16000 ത്തിലേറെ സഹകരണ സംഘങ്ങളുണ്ട്. കുറ്റമറ്റ രീതിയിലാണ് ഇതിൽ 98 ശതമാനവും മുന്നോട്ടുപോകുന്നത്. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. ഇത് നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ എ. ഗീത ഉത്തരവിറക്കി.

ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാസാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.അതേസമയം, പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ.ആർ.ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും.

rbi

ന്യൂഡൽഹി: എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ ഈ ബാങ്കുകൾ പാലിച്ചിരുന്നില്ല. തുടർന്നാണ് നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് പിഴയിട്ടിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 51(1) എന്നിവയ്ക്കൊപ്പം 47A(1)(c) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് എസ്ബിഐയ്ക്ക് പിഴ വിധിച്ചത്.

1.62 കോടി രൂപയാണ് ഇന്ത്യൻ ബാങ്കിന് ചുമത്തിയിട്ടുള്ള പിഴ. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ബാങ്കിനെതിരെ ആർബിഐ നടപടി സ്വീകരിച്ചത്. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് ഒരു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ. എൻബിഎഫ്സികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴയും ആർബിഐ ചുമത്തി.

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇഡിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.

ഇ പി ജയരാജൻ, എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എന്നിവർക്കെതിരെ വ്യാജ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആരവിന്ദാക്ഷൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ആറു തവണ ഇഡി അരവിന്ദാക്ഷനെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറായ വാട്സ് ആപ്പ് ചാനൽ അടുത്തിടെയാണ് നമുക്ക് ലഭ്യമായി തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വാട്ട്‌സ് ആപ്പിൽ ചാനൽ ആരംഭിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ 5 മില്യൺ ഫോളോവേഴ്‌സിനെയാണ് പ്രധാനമന്ത്രി സ്വന്തമാക്കിയത്.

വാട്ട്‌സ്ആപ്പ് ചാനലിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 മില്യൺ വരുന്ന കമ്മ്യൂണിറ്റിയായി മാറിയെന്നും തന്റെ വാട്ട്‌സ് ആപ്പ് ചാനലിലൂടെ തന്നോട് ബന്ധപ്പെട്ട എല്ലാവരോടും നന്ദിയുള്ളവനാണ് താനെന്നും നിങ്ങൾ ഓരോരുത്തരുടെയും തുടർച്ചയായ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ മാസം 20ന് മോദി തന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ ഒരു ദിവസം കൊണ്ട് ഒരു ദശലക്ഷം വരിക്കാരെ കൈവരിച്ചിരുന്നു.

ഗുരുവായൂർ– രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. പദ്ധതി യാഥാർഥ്യമായാൽ പിൽഗ്രിം ടൂറിസം പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ഇത്. ഗുരുവായൂർ, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണു പഠനം തുടങ്ങിയത്. പാലക്കാട്– പൊള്ളാച്ചി പാതയിലെ പരമാവധി വേഗം, ഒറ്റ ട്രെയിൻ ഓടിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണു പ്രധാനമായും പരിശോധിക്കുന്നത്.പദ്ധതി വന്നാൽ രാജ്യത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി ഇതു മാറും. ആകെ വരുന്ന ദൂരം പാലക്കാട് വഴിയാണെങ്കിൽ 796 കിലോമീറ്റർ. കൊല്ലം– ചെങ്കോട്ട വഴിയാണെങ്കിൽ 674 കിലോമീറ്റർ. നിലവിൽ വന്ദേഭാരത് ട്രെയിനുകൾ പകൽ സർവീസ് മാത്രമാണു നടത്തുന്നത്. പരമാവധി രാത്രി 11 വരെ. അതേസമയം സാങ്കേതികമാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ട്രെയിനുകൾ രാത്രി അടക്കം ഓടുന്ന രീതിയിൽ ദീർഘദൂര സർവീസിന് ഉപയോഗിക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ ഉപദേശം വരാനിരിക്കുന്നതേയുള്ളൂ.

വാഷിംഗ്ടൺ: നാസയുടെ നേതൃത്വത്തിൽ നടന്ന ഒസൈറിസ് റെക്സ് ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയിൽ ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രി 8.12നാണ് സാമ്പിൾ റിട്ടേൺ കാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്.

8.18ന് വലിയ കാപ്‌സ്യൂൾ ഉയരുകയും 8.23ന് കാപ്‌സ്യൂൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ ലാൻഡ് ചെയ്യുകയും ചെയ്തുവെന്ന് നാസ അറിയിച്ചു. ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് രണ്ടുവർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുള്ളത്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരവും എന്തെല്ലാം ഘടകങ്ങൾ ചേർന്ന് രൂപപ്പെട്ടതാണ് ഇവയുടെ പ്രതലമെന്നും കണ്ടെത്താൻ നാസയ്ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമിയെ തകർക്കാൻ ശേഷിയുള്ള ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ആദ്യമായാണ് നാസ സാമ്പിൾ വിജയകരമായി ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. ഭൂമി എങ്ങനെ ഉണ്ടായെന്നും സൗരയുഥത്തിന്റെ രൂപീകരണം എങ്ങനെയെന്നും ഭൂമിയിൽ ജീവജാലങ്ങൾ എങ്ങനെ ഉണ്ടായെന്നും ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ.

ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം നാസ വിക്ഷേപിച്ചത് 2016 സെപ്തംബർ എട്ടിനാണ്. 2018ൽ പേടകം ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തി. 2020 ഒക്ടോബറിലാണ് ഒസൈറിസ് ബെന്നുവിൽ ഇറങ്ങിയത്. തുടർന്ന് അവിടെയുള്ള ചെറിയ പാറക്കഷണങ്ങളും മണ്ണും പൊടിയുമെല്ലാമാണ് സാമ്പിളായി ശേഖരിച്ചു. സാമ്പിൾ എത്തുന്നത് നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്കാണ്.

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യുഎസിന്റെ ശ്രമമെന്ന വിലയിരുത്തലുമായി വിദഗ്ധർ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നം ഗ്ലോബൽ അഡ്വർസൈസേഴ്സാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇന്ത്യ-ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നുവെന്നും പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ലെന്നും സിഗ്‌നം ചെയർമാൻ ചാൾസ് മയേഴ്‌സ് അറിയിച്ചു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ചാൾസ് മയേഴ്‌സ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

ഖലിസ്ഥാൻ ഭീകരനായ കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ഒരാഴ്ചക്ക് ശേഷവും പുതിയ നിപ്പ കേസുകൾ റിപ്പോർട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. കണ്ടെയ്‌ൻമെൻറ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളാണ് പ്രവർത്തിക്കുക. വിദ്യാലയങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശം ഉണ്ട്. വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം.കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനമാകും നടക്കുക. പൊതു ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം തുടരും.
വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരണം.

എന്നാൽ ആൾക്കൂട്ട നിയന്ത്രണത്തിൽ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.ഇക്കാര്യത്തിൽ നിലവിലെ സ്ഥിതി തുടരണമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷമേ ആൾക്കൂട്ട നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. അവസാനം ലഭിച്ച അഞ്ച് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾക്ക് ഇരയായവർക്കുള്ള സാമ്പത്തിക സഹായത്തിന്റെ തുക പത്തിരട്ടിയാക്കി വർദ്ധിപ്പിച്ച് റെയിൽവേ ബോർഡ്. ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയായിട്ടാണ് ഇന്ത്യൻ റെയിൽവേ ഉയർത്തിയതെന്നാണ് പുറ്തു വരുന്ന വിവരം. 50,000 രൂപയായിരുന്നു ഇതുവരെ ലഭിച്ചിരുന്ന നഷ്ടപരിഹാരം.

ട്രെയിൻ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റവർക്ക് നൽകുന്ന നഷ്ടപരിഹാര തുക 25,000 ൽ നിന്ന് 250,000 ആയി ഉയർത്തി. നിസാര പരിക്കുകൾക്കുള്ള നഷ്ടപരിഹാര തുക 5000 ൽ നിന്ന് 50,000 ആയി വർധിപ്പിച്ചു. 2012, 2013 വർഷങ്ങളിലാണ് നഷ്ടപരിഹാരത്തുകയിൽ ഇതിന് മുമ്പ് പരിഷ്‌ക്കരണം നടത്തിയത്. സെപ്റ്റംബർ 18ന് റെയിൽവേ ഇത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു. അതിൽ ട്രെയിൻ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും ജീവൻ നഷ്ടപ്പെട്ട അപകടത്തിൽപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്ക് നൽകുന്ന സഹായ തുക പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി പറയുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 30 ദിവസത്തിലധികം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, പ്രതിദിനം 3000 രൂപ വരെ നൽകും. ഏകദേശം ആറു മാസത്തോളം ഈ അവസ്ഥ തുടരും. അഞ്ച് മാസം വരെ ആശുപത്രിയിൽ കഴിയുന്നതിന്, ഡിസ്ചാർജ് ചെയ്യുന്നതിന് 10 ദിവസത്തിന് മുമ്പ് പ്രതിദിനം 750 രൂപ വച്ച് നൽകുമെന്ന് ഉത്തരവിലുണ്ട്.