Highlights (Page 19)

ചണ്ഡിഗഡ്: കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഭീകരവാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാനഡ രാഷ്ട്രീയ അഭയം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും ഭീകരർക്കും കാനഡ അഭയം നൽകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ മുൻ ശ്രമങ്ങളെ അദ്ദേഹം എടുത്തു പറയുകയും ചെയ്തു. കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും നേരെ മുൻപ് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

അട്ടിമറിപ്രവർത്തനങ്ങളെ ട്രൂഡോ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഒഴികഴിവ് പറഞ്ഞ് തള്ളിക്കളയുകയാണ്. ഇന്ത്യക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭീകരരെ കൈമാറാൻ കാനഡയുടെ മേൽ രാജ്യാന്തര സമ്മർദം ശക്തമാക്കണം. 2018 ഫെബ്രുവരിയിൽ അമൃത്സറിൽ വച്ച് കേന്ദ്ര സർക്കാരിനു വേണ്ടി പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ട്രൂഡോയെ കണ്ടപ്പോൾ, നടപടിക്കായി ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, കനേഡിയൻ സർക്കാർ പട്ടികയെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രൂഡോ തീവ്രവാദ ഗാലറിയിൽ നിന്ന് കളിക്കുമ്പോൾ അതിശയിക്കാനില്ലെന്നും അമരിന്ദർ സിംഗ് അഭിപ്രായപ്പെട്ടു.

നാടിന്റെ വികസനക്കുതിപ്പിന് കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ച നാടിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് . സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെട്രോയില്‍ 2017ല്‍ 59,894 ആളുകളാണ് യാത്ര ചെയ്തത്. കൊവിഡ് കാലത്ത് എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് കെഎംആര്‍എല്ലിന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലെത്തുകയുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചെലവുചുരുക്കൽ നടപടികളിലൂടെ മുൻവർഷങ്ങളിൽ തന്നെ പ്രവർത്തനനഷ്ടം താഴ്ത്തിക്കൊണ്ടുവരാൻ സാധിച്ചിരുന്നതായി മെട്രോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടിയായിരുന്ന പ്രവർത്തന നഷ്ടം 2021-2022ൽ 34.94 കോടി രൂപയിലേക്ക് കുറയ്ക്കാനായിരുന്നു. 2022-23-ൽ പുതിയ രണ്ട് സ്റ്റേഷനുകൾ കൂടി ആരംഭിച്ചെങ്കിലും ചെലവ് കാര്യമായി കൂടിയില്ല. ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും മെട്രോയുടെ രണ്ടാം ഘട്ടംകൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വലിയ പ്രവർത്തന ലാഭത്തിലേക്ക് എത്താനാകുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ഇന്ന് ഉച്ചയോടെ പുറപ്പെടുവിച്ച ഏറ്റവും പുതിയ കാലാസ്ഥാ മുന്നറിയിപ്പ് പ്രകാരം​.ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ജാർഖണ്ഡിന് മുകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശക്തികുറഞ്ഞ് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. കിഴക്കൻ ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ഭാഗത്തേക്കായിരിക്കും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഈ കാറ്റിന്റെ സഞ്ചാരം. ഇയാഴ്ചയുടെ അവസാനത്തോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുക.ആന്ധപ്രദേശ് – ഒഡീഷ ഭാഗത്തേക്കാണ് ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരദിശ സൂചിപ്പിക്കുന്നത്. ഇതാണ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദികളുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കരുതാൻ വിശ്വസനീയമായ കാരണമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ട്രൂഡോ അറിയിച്ചു.

വിഷയത്തെ നിസാരമായി തള്ളിക്കളയരുത്. നീതിന്യായ പ്രക്രിയയിൽ സഹകരിക്കണമെന്ന് ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമെന്ന നിലയിൽ നീതിന്യായ പ്രക്രിയകൾ പൂർത്തിയാകട്ടെയെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

അതേസമയം, ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യ കാനഡ നയതന്ത്ര പോരാട്ടം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ വെർച്വൽ (ഓൺലൈൻ) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്ക് കൈമാറി. പോലീസും മോട്ടോർവാഹനവകുപ്പും ചുമത്തിയ ഇ-ചെലാൻ കേസുകളാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾക്ക് കൈമാറിയത്.

ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്ക് ഡ്രെവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്തശിക്ഷ കോടതികളിൽ നേരിടേണ്ടിവരും. ഒന്നിലേറെത്തവണ നിയമലംഘനങ്ങൾ ആവർത്തിച്ചവരിൽ നിന്നും ഇരട്ടി പിഴ ഈടാക്കും. പിഴ വാങ്ങി കേസ് തീർപ്പാക്കാനുള്ള അധികാരം (കോമ്പൗണ്ടിങ്) ഉപയോഗിച്ച് സർക്കാർ നൽകിയിരുന്ന ഇളവുകൾ കോടതികളിൽനിന്ന് ലഭിക്കില്ല. കോടതി കേസ് തീർപ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കഴിവതും വേഗം ഓൺലൈനിൽ അടയ്ക്കുകയാണ് ഏറ്റ വും നല്ലത്. വാഹന, ലൈസൻസ് രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉൾക്കൊള്ളിച്ചാൽ പിഴ ചുമത്തുന്നത് സംബന്ധിച്ച് എസ്.എം.എസ്. സന്ദേശം ലഭിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന വെബ്‌സൈറ്റിൽ പരിശോധിച്ചാലും പിഴ സംബന്ധിച്ച വിവരം അറിയാം.

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിജ്ജാറിനെ പിടികൂടാനായി ഇന്റർപോൾ വഴി ഇന്ത്യ റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾക്കു കാനഡ പൗരത്വം നൽകിയതെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഏറെക്കാലമായി തീരുമാനമെടുക്കാതിരുന്ന പൗരത്വ അപേക്ഷയിലാണ് ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ കാനഡ പെട്ടെന്ന് തീരുമാനമെടുത്തത്.

ഒരാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് രാജ്യം ചെയ്യേണ്ടത്. എന്നാൽ, കാനഡയുടെ നടപടി മറിച്ചായിരുന്നു. 2014ൽ ആയിരുന്നു നിജ്ജാറിനെതിരെ ആദ്യത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. 2015ൽ ആണ് ഇയാൾക്കു പൗരത്വം നൽകിയതെന്നു കാനേഡിയൻ മന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതു വിവാദമായതോടെ ഇതിൽ തിരുത്തലുമായി കാനഡ രംഗത്തെത്തി. 2007ൽ നിജ്ജാറിനു പൗരത്വം കിട്ടിയതായിട്ടായിരുന്നു തിരുത്തൽ. എന്നാൽ, ഇതു സംശയകരമാണെന്നാണ് ഇന്ത്യൻ ഏജൻസികളുടെ നിലപാട്.

2014 നവംബർ 14നാണ് നിജ്ജാറിനെതിരെ ആദ്യ റെഡ് കോർണർ നോട്ടിസ് ഇറക്കിയത്. ഇതിനു മാസങ്ങൾക്കു ശേഷം ഇയാൾക്കു കാനഡ പൗരത്വം നൽകിയത് എങ്ങനെയാണെന്നാണ് ഇന്ത്യ ഉന്നയിക്കുന്ന ചോദ്യം.

ന്യൂഡൽഹി: കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തി ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സർവ്വീസ് നിർത്തിവെച്ചുവെന്നാണ് അറിയിപ്പ്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ പുതിയ നിലപാട് സ്വീകരിച്ചത്്.

കാനഡയിൽ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎൽഎസ് ആണ് സർവ്വീസ് സസ്‌പെൻഡ് ചെയ്തു എന്ന് വെബ്‌സൈറ്റിലൂടെ ആദ്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയം പിന്നീട് ഇത് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കാനഡയിലുള്ളത് 20 ലക്ഷത്തോളം ഇന്ത്യക്കാരാണ്. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കാനിയുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ജി 7 രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല. എന്നാൽ വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കൻ വക്താവ് പറഞ്ഞു

ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്ന വിലയിരുത്തലാണ് ഇന്ത്യയുടേത്.

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതുവേഗം നൽകുകയാണ് നരേന്ദ്ര മോദി സർക്കാർ. കേരളത്തിലേക്ക് മോദി സർക്കാർ രണ്ടാം വന്ദോഭാരത് എക്‌സ്പ്രസ് അനുവദിച്ചു. ട്രയൽ റണ്ണിന് ശേഷം, ഞായറാഴ്ച കാസർഗോഡ് നിന്നാകും ഉദ്ഘാടന സർവ്വീസ് ആരംഭിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാകും ഉദ്ഘാടനം നിർവഹിക്കുക. കേരളത്തിനുള്ള വന്ദേ ഭാരതിന്റേത് ഉൾപ്പെടെ ഒമ്പത് എണ്ണമാകും അന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

കാസർഗോഡ് നിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തേയ്ക്കും തിരിച്ചും രണ്ട് സർവ്വീസാണുണ്ടാവുക. ഏഴ് മണിക്ക് കാസർഗോഡ് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05-ഓടെയാണ് മടക്കയാത്ര ആരംഭിക്കുക. രാത്രി 11.55-ന് കാസർഗോഡ് എത്തും.

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം നിർദേശിച്ച സ്‌കൂൾ വിദ്യാഭ്യാസ ഘടന നിരസിച്ച് കേരളം. നാലുഘട്ടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസത്തെ വേർതിരിച്ചാണ് എൻ.ഇ.പി. നിർദേശം. എന്നാൽ, പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി വേർതിരിക്കണമെന്ന് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ കരടു ചട്ടക്കൂട് ശുപാർശ ചെയ്യുന്നു.

കേന്ദ്രം നിർദേശിച്ചപോലെ നിലവിലെ അഞ്ചു വയസ്സിനു പകരം ആറാമത്തെ വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാവുന്ന തരത്തിൽ മാറ്റം ശുപാർശ ചെയ്തിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ മികവ് കൈവരിക്കാൻ ഒരു ക്ലാസിൽ പരമാവധി 20 കുട്ടികളെ വരെ പ്രവേശിപ്പിച്ചാൽ മതിയെന്ന ശുപാർശയും കരട് ചട്ടക്കൂട് മുന്നോട്ടുവെയ്ക്കുന്നു.

സൈബർനിയമം ഉൾപ്പെടെയുള്ളവ പാഠ്യപദ്ധതി ഉള്ളടക്കമാക്കണം. സാമൂഹികസേവനം, രോഗപ്രതിരോധം, ശുചിത്വം, ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, റോഡ് സുരക്ഷ, ബാലനീതിനിയമം, മാനസികാരോഗ്യം തുടങ്ങിയവയും ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം. ക്ലാസ് മുറിയിൽ സഹവർത്തിത്വപഠനം, അന്വേഷണാത്മക പ്രവർത്തനങ്ങൾ, കുട്ടികളുടെ ജനാധിപത്യരീതിയിലുള്ള പ്രകടനങ്ങൾ എന്നിവയ്ക്കു മതിയായ ഭൗതികസൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാവണം. കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മറ്റു വിദ്യാലയങ്ങളുമായി സംയുക്തപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യമൊരുക്കാമെന്നും പാഠ്യപദ്ധതിരേഖയിൽ നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സർവീസ് ആരംഭിച്ചേക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടക്കുക. രണ്ടാം വന്ദേഭാരതിന്റെ സമയമക്രമവും തയ്യാറായി.

രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് യാത്ര ആരംഭിക്കുന്ന വന്ദേഭാരത് 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസർകോട് എത്തും. ആഴ്ചയിൽ ആറു ദിവസം സർവീസുണ്ടായിരിക്കും.

അതേസമയം, വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ജനപ്രിയമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കുമെന്നും ആദ്യ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജർ ബിജി മല്യ അറിയിച്ചിരുന്നു.