ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇഡിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.
ഇ പി ജയരാജൻ, എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എന്നിവർക്കെതിരെ വ്യാജ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആരവിന്ദാക്ഷൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ആറു തവണ ഇഡി അരവിന്ദാക്ഷനെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

