സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും; മുഖ്യമന്ത്രി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയെ ഉപയോഗിച്ച് കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കരവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അറസ്റ്റെന്ന് സംശയിക്കുന്നു. സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുകയാണ്. വഴിവിട്ട് സഞ്ചരിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നൽകുന്നതാണ്. കരുവന്നൂർ വിഷയത്തിൽ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ചേ നിലപാടെടുക്കാൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാട്ടിൽ 16000 ത്തിലേറെ സഹകരണ സംഘങ്ങളുണ്ട്. കുറ്റമറ്റ രീതിയിലാണ് ഇതിൽ 98 ശതമാനവും മുന്നോട്ടുപോകുന്നത്. 1.5 ശതമാനത്തിലാണ് ക്രമക്കേടുള്ളത്. സഹകരണ മേഖല കേരളത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അത് സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. ഇത് നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.