ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യുഎസിന്റെ ശ്രമമെന്ന വിലയിരുത്തലുമായി വിദഗ്ധർ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നം ഗ്ലോബൽ അഡ്വർസൈസേഴ്സാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയാറാകില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇന്ത്യ-ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നുവെന്നും പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ലെന്നും സിഗ്‌നം ചെയർമാൻ ചാൾസ് മയേഴ്‌സ് അറിയിച്ചു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ചാൾസ് മയേഴ്‌സ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.
ഖലിസ്ഥാൻ ഭീകരനായ കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.

