ഗുരുവായൂരിൽ നിന്ന് രാമേശ്വരത്തേക്ക് വന്ദേഭാരത്; സൂചന നൽകി സാധ്യതാ പഠനം

ഗുരുവായൂർ– രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. പദ്ധതി യാഥാർഥ്യമായാൽ പിൽഗ്രിം ടൂറിസം പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ഇത്. ഗുരുവായൂർ, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണു പഠനം തുടങ്ങിയത്. പാലക്കാട്– പൊള്ളാച്ചി പാതയിലെ പരമാവധി വേഗം, ഒറ്റ ട്രെയിൻ ഓടിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണു പ്രധാനമായും പരിശോധിക്കുന്നത്.പദ്ധതി വന്നാൽ രാജ്യത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി ഇതു മാറും. ആകെ വരുന്ന ദൂരം പാലക്കാട് വഴിയാണെങ്കിൽ 796 കിലോമീറ്റർ. കൊല്ലം– ചെങ്കോട്ട വഴിയാണെങ്കിൽ 674 കിലോമീറ്റർ. നിലവിൽ വന്ദേഭാരത് ട്രെയിനുകൾ പകൽ സർവീസ് മാത്രമാണു നടത്തുന്നത്. പരമാവധി രാത്രി 11 വരെ. അതേസമയം സാങ്കേതികമാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ട്രെയിനുകൾ രാത്രി അടക്കം ഓടുന്ന രീതിയിൽ ദീർഘദൂര സർവീസിന് ഉപയോഗിക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ ഉപദേശം വരാനിരിക്കുന്നതേയുള്ളൂ.