ട്രെയിൻ അപകടങ്ങൾ; ഇരയായവർക്കുള്ള സാമ്പത്തിക സഹായത്തിന്റെ തുക പത്തിരട്ടിയാക്കി വർദ്ധിപ്പിച്ച് റെയിൽവേ ബോർഡ്

ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾക്ക് ഇരയായവർക്കുള്ള സാമ്പത്തിക സഹായത്തിന്റെ തുക പത്തിരട്ടിയാക്കി വർദ്ധിപ്പിച്ച് റെയിൽവേ ബോർഡ്. ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയായിട്ടാണ് ഇന്ത്യൻ റെയിൽവേ ഉയർത്തിയതെന്നാണ് പുറ്തു വരുന്ന വിവരം. 50,000 രൂപയായിരുന്നു ഇതുവരെ ലഭിച്ചിരുന്ന നഷ്ടപരിഹാരം.

ട്രെയിൻ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റവർക്ക് നൽകുന്ന നഷ്ടപരിഹാര തുക 25,000 ൽ നിന്ന് 250,000 ആയി ഉയർത്തി. നിസാര പരിക്കുകൾക്കുള്ള നഷ്ടപരിഹാര തുക 5000 ൽ നിന്ന് 50,000 ആയി വർധിപ്പിച്ചു. 2012, 2013 വർഷങ്ങളിലാണ് നഷ്ടപരിഹാരത്തുകയിൽ ഇതിന് മുമ്പ് പരിഷ്‌ക്കരണം നടത്തിയത്. സെപ്റ്റംബർ 18ന് റെയിൽവേ ഇത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു. അതിൽ ട്രെയിൻ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും ജീവൻ നഷ്ടപ്പെട്ട അപകടത്തിൽപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്ക് നൽകുന്ന സഹായ തുക പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി പറയുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 30 ദിവസത്തിലധികം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, പ്രതിദിനം 3000 രൂപ വരെ നൽകും. ഏകദേശം ആറു മാസത്തോളം ഈ അവസ്ഥ തുടരും. അഞ്ച് മാസം വരെ ആശുപത്രിയിൽ കഴിയുന്നതിന്, ഡിസ്ചാർജ് ചെയ്യുന്നതിന് 10 ദിവസത്തിന് മുമ്പ് പ്രതിദിനം 750 രൂപ വച്ച് നൽകുമെന്ന് ഉത്തരവിലുണ്ട്.