ഒസൈറിസ് റെക്സ് ദൗത്യം വിജയം; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകളുമായി പേടകം ഭൂമിയിൽ ഇറങ്ങി

വാഷിംഗ്ടൺ: നാസയുടെ നേതൃത്വത്തിൽ നടന്ന ഒസൈറിസ് റെക്സ് ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയിൽ ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രി 8.12നാണ് സാമ്പിൾ റിട്ടേൺ കാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്.

8.18ന് വലിയ കാപ്‌സ്യൂൾ ഉയരുകയും 8.23ന് കാപ്‌സ്യൂൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ ലാൻഡ് ചെയ്യുകയും ചെയ്തുവെന്ന് നാസ അറിയിച്ചു. ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് രണ്ടുവർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുള്ളത്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരവും എന്തെല്ലാം ഘടകങ്ങൾ ചേർന്ന് രൂപപ്പെട്ടതാണ് ഇവയുടെ പ്രതലമെന്നും കണ്ടെത്താൻ നാസയ്ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമിയെ തകർക്കാൻ ശേഷിയുള്ള ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ആദ്യമായാണ് നാസ സാമ്പിൾ വിജയകരമായി ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. ഭൂമി എങ്ങനെ ഉണ്ടായെന്നും സൗരയുഥത്തിന്റെ രൂപീകരണം എങ്ങനെയെന്നും ഭൂമിയിൽ ജീവജാലങ്ങൾ എങ്ങനെ ഉണ്ടായെന്നും ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ.

ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം നാസ വിക്ഷേപിച്ചത് 2016 സെപ്തംബർ എട്ടിനാണ്. 2018ൽ പേടകം ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തി. 2020 ഒക്ടോബറിലാണ് ഒസൈറിസ് ബെന്നുവിൽ ഇറങ്ങിയത്. തുടർന്ന് അവിടെയുള്ള ചെറിയ പാറക്കഷണങ്ങളും മണ്ണും പൊടിയുമെല്ലാമാണ് സാമ്പിളായി ശേഖരിച്ചു. സാമ്പിൾ എത്തുന്നത് നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്കാണ്.