പങ്കാളിത്തപെൻഷൻ പദ്ധതി പുന:പരിശോധിക്കണം; പ്രക്ഷോഭം നടത്താനൊരുങ്ങി സിപിഐ

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പദ്ധതി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനൊരുങ്ങി സിപിഐയുടെ സർക്കാർ ജീവനക്കാരുടെ സംഘടന. പെൻഷൻ പദ്ധതി പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നാണ് ജോയിന്റ് കൗൺസിലിന്റെ ആവശ്യം. വിവരാവകാശപ്രകാരം റിപ്പോർട്ട് ചോദിച്ചിട്ടും സംഘടനക്ക് നൽകിയിരുന്നില്ല.

2013 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷനാണ് ഉള്ളത്. ഈ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഒന്നാം പിണറായി സർക്കാർ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. റിട്ട ജില്ലാ ജഡ്ജി എസ് സതീശ്ചന്ദ്രബാബുന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഏപ്രിൽ 30 നാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വിവരാവകാശരേഖ പ്രകാരം ചോദിച്ചപ്പോൾ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്നാണ് ജോയിന്റ് കൗൺസിലിന് ലഭിച്ച മറുപടി.