കോപ്പൻഹേഗൻ: ഡെൻമാർക്കിലെ ഫെറോ ദ്വീപിലെ വിനോദ വേട്ടയിൽ ഒറ്റദിവസം കൊന്നൊടുക്കിയത് 1500 ഓളം ഡോൾഫിനുകളെ. ദ്വീപിലെ സ്‌കാലബൊട്നൂർ ബീച്ചിൽ വർഷം തോറും നടക്കുന്ന ഗ്രൈൻഡഡ്രാപ് എന്ന വിനോദ കടൽവേട്ടയിലാണ് ഇത്രയധികം ഡോൾഫിനുകളെ കൊന്നൊടുക്കിയത്. 400 വർഷത്തോളമായി ഇവിടെ ഇത്തരത്തിൽ വിനോദ വേട്ട നടക്കാറുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഡോൾഫിനുകളെയും തിമിംഗലങ്ങളെയുമാണ് എല്ലാവർഷവും ഇവിടെ വേട്ടയാടുന്നത്.
ഡെൻമാർക്കിന് കീഴിലുള്ള സ്വയം ഭരണ ദ്വീപായ ഫെറോയിൽ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന വിനോദവേട്ടയാണിത്. അതിനാൽ തന്നെ ഇത് ഫെറോ ദ്വീപിൽ നിയമാനുസൃതവും അംഗീകൃതവുമാണ്. തീരത്തോട് ചേർന്ന് ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും ചാകര കാണുമ്പോഴാണ് ദ്വീപ് ജനത ഈ വിനോദം ആരംഭിക്കുന്നത്. പ്രത്യേക പരിശീലനവും ലൈസൻസുള്ള ആളുകൾക്ക് മാത്രമേ ഡോൾഫിനുകളെ വേട്ടയാടാൻ അനുവാദം നൽകിയിട്ടുള്ളു. ഫെറോ ദ്വീപ് തീരത്തോട് ചേർന്ന് ചത്തു കിടക്കുന്ന ഡോൾഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിനോദ വേട്ടയ്‌ക്കെതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇത്രയും ക്രൂരമായ വേട്ടയാടൽ അനുവദിക്കരുതെന്നാണ് കടൽജീവി സംരക്ഷണ ഗ്രൂപ്പുകളുടെ ആവശ്യം. കടൽ വേട്ടക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വലിയ ആഘോഷങ്ങളോടെയാണ് ദ്വീപിൽ കടൽവേട്ട നടക്കുന്നത്. തിമിംഗലങ്ങളെയും ഡോൾഫിനേയും വേട്ടയാടി തീരത്തെത്തിച്ച് കഴുത്തറുക്കുന്നത് കാണാൻ നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം 1428 ഡോൾഫിനുകളെ ദ്വീപ് വാസികൾ കൊന്നെടുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള കടൽവേട്ടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

