Highlights (Page 173)

ന്യൂഡൽഹി:രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉണർത്താൻ പുതിയ പ്രഖ്യാപനങ്ങളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ജനങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയരില്ലെന്നും ആർബിഐ അറിയിച്ചു. അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നാണ് ആർബിഐയുടെ തീരുമാനം. നിലവിലെ നിരക്കുകൾ അതേ നിരക്കിൽ തന്നെ നിലനിർത്താനാണ് ആർബിഐ പണ നയ അവലോകന സമിതി തീരുമാനിച്ചു.

റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ മാറ്റമില്ലാതെ തുടരുമെന്നും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം തന്നെയായിരിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. തുടർച്ചയായ എട്ടാം തവണയാണ് ആർബിഐ അടിസ്ഥാന നിരക്കുകൾ ഒരേ പോലെ നിലനിർത്തുന്നത്.

അതേസമയം എൻപിസിഐയുടെ ഐഎംപിഎസ് സേവനങ്ങളുടെ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ബാങ്ക് ശാഖകൾ, ഐവിആർഎസ് തുടങ്ങിയ വിവിധ ചാനലുകളിലൂടെ ഐഎംപിഎസ് പണം ഇടപാടുകൾ നടത്താം. അഞ്ചു ലക്ഷം രൂപ വരെ ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയും. സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. 2010-ലാണ് ഈ സംവിധാനം ആരംഭിച്ചത്. ഇമ്മീഡിയറ്റ് പെയ്‌മെൻറ് സംവിധാനം എന്നതാണ് ഐഎംപിഎസ് സംവിധാനത്തിന്റെ പൂർണ രൂപം. നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ വികസിപ്പിച്ച സംവിധാനത്തിന് കീഴിൽ നേരത്തെ ഒറ്റത്തവണ രണ്ടു ലക്ഷം രൂപ വരെയാണ് ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇന്റർനെറ്റ് ബാങ്കിങ് അധിഷ്ഠിത സംവിധാനം വഴിയും 24 മണിക്കൂറും പണം ഇടപാടുകൾ നടത്താം. അരമണിക്കൂറിനുള്ളിൽ ഇടപാട് പൂർത്തിയാകും എന്നതാണ് ഈ രീതിയുടെ മറ്റൊരു സവിശേഷത.

ഡിജിറ്റൽ പണമിടപാടുകൾ ഓഫ്‌ലൈനായും ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന നടപടികൾ കൈക്കൊള്ളാനും ആർബിഐ നിർദേശിച്ചു. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം.

ന്യൂഡൽഹി: പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം. കോവിഡ് വൈറസ് മഹാമാരിയെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി ആവിഷ്‌ക്കരിച്ചത്.

ആരോഗ്യ ഇൻഷുറൻസിലൂടെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക, വിദ്യാഭ്യാസം നൽകി കുട്ടികളെ ശാക്തീകരിക്കുക, 23 വയസ്സ് പൂർത്തിയാകുമ്പോൾ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അവരെ സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ. ഇത്തരം കുട്ടികൾക്ക് ഒരു കേന്ദ്രീകൃത സമീപനത്തിലൂടെയും ഗ്യാപ്പ് ഫണ്ടിങ്ങിലൂടെയും, വിദ്യാഭ്യാസം, ആരോഗ്യം, 18 വയസ്സ് മുതൽ പ്രതിമാസ സ്റ്റൈപ്പന്റ്, 23 വയസ്സ് പൂർത്തിയാകുമ്പോൾ ഒറ്റത്തവണയായി 10 ലക്ഷം രൂപ എന്നിവ പദ്ധതിയിലൂടെ ലഭിക്കും.

പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ:

  • താമസത്തിനുള്ള പിന്തുണ
  • പ്രീ-സ്‌കൂളിനും സ്‌കൂൾ വിദ്യാഭ്യാസത്തിനും സഹായം
  • ആരോഗ്യ ഇൻഷുറൻസ്
  • സാമ്പത്തിക സഹായം

കോവിഡിനെതിരായ മരുന്ന് മോള്‍നുപിരവിര്‍ എന്നറിയപ്പെടുന്ന മെര്‍ക്ക് പില്ലിന്റെ പരീക്ഷണം പൂര്‍ണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഔദ്യോഗിക അംഗീകാരങ്ങള്‍ ലഭിച്ചാല്‍ കോവിഡ് -19 ചികിത്സയ്ക്കായി രോഗിക്ക് വായിലൂടെ എടുക്കാവുന്ന ആദ്യ ഗുളികയായി ഇത് മാറുമെന്നാണ് മെര്‍ക്ക് കമ്പനി പറയുന്നത്. യു എസ് ആസ്ഥാനമായുള്ള റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സുമായി ആയി ചേര്‍ന്നാണ് മെര്‍ക്ക് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. 2020 ജൂലൈ അവസാനം മുതലായിരുന്നു മരുന്ന് വികസിപ്പിക്കുന്നതിനായി റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്കുമായി മെര്‍ക്ക് ഗ്രൂപ്പ് സഹകരിച്ചു തുടങ്ങിയത്.

മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ കോവിഡ് ബാധിതരായ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അവര്‍ക്ക് മരണം സംഭവിക്കാനോ ഉള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത, എന്നാല്‍ അപകടസാധ്യത കൂടുതലായ മുതിര്‍ന്ന രോഗികളിലും ഈ മരുന്ന് ഗുണപരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ”കോവിഡ് -19 ലക്ഷണങ്ങള്‍ കാണിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് സ്വീകരിച്ച രോഗികളെ അപേക്ഷിച്ച്, മറ്റുള്ളവരില്‍ പകുതിയോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തു” എന്നാണ് 775 പേര്‍ ഉള്‍പ്പെട്ട പരീക്ഷണത്തിലെ പ്രാഥമിക ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

2021 അവസാനത്തോടെ 10 ദശലക്ഷം ചികിത്സാ കോഴ്സുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മെര്‍ക്ക് പറയുന്നത്. ഏകദേശം 1.7 ദശലക്ഷം കോഴ്സുകള്‍ വിതരണം ചെയ്യാന്‍ യു എസ് സര്‍ക്കാരുമായി ഇതിനകം ഒരു കരാര്‍ കമ്പനി ഒപ്പിട്ടിട്ടുണ്ട്. ഗുളികയ്ക്ക് യു എസ് ഡ്രഗ്സ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള മറ്റ് സര്‍ക്കാരുകളുമായി മോള്‍നുപിരവിറിനായി വിതരണ -വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മെര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

മുംബൈ: ആംബുലൻസുകളുടെ സൈറൺ മാറുന്നു. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സൈറൺ ശബ്ദത്തിനു പകരം ആകാശവാണിയിൽ അതിരാവിലെ കേൾക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. നാസിക്കിലെ ഒരു ഹൈവേ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി. ആംബുലൻസുകളിൽ മാത്രമല്ല, പോലീസ് വാഹനങ്ങളിലും സൈറണുകൾക്ക് പകരം ആകാശവാണിയുടെ സംഗീതം ഉപയോഗിക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

ഇപ്പോൾ ആംബുലൻസുകളും പോലീസ് വാഹനങ്ങളും ഉപയോഗിക്കുന്ന സൈറണുകളെ കുറിച്ച് പഠിക്കുകയാണ്. ഈ സൈറണുകൾ അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു. ആകാശവാണിയിൽ അതിരാവിലെ പ്രക്ഷേപണം ചെയ്യുന്ന ഈണം ആംബുലൻസുകളിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നു. മന്ത്രിമാർ കടന്നുപോകുമ്പോഴെല്ലാം സൈറണുകൾ ഉയർന്ന ശബ്ദത്തിൽ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ചെവികൾക്കും ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വാഹനങ്ങളുടെ ഹോൺ ശബ്ദം മാറ്റുന്നതിനെ കുറിച്ച് ഗതാഗത മന്ത്രാലയം പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുല്ലാങ്കുഴൽ, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഹോണുകളിൽ ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്.

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 40000 കോടി വായ്പ അനുവദിച്ചു. ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് നടപടി. ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണ് തുക അനുവദിച്ചത്. വരുമാന നഷ്ടം പഠിച്ച് നിരക്ക് മാറ്റം ശുപാർശ ചെയ്യാൻ നേരത്തെ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ വായ്പ അനുവദിക്കാൻ തീരുമാനിച്ചത്.

1.59 ലക്ഷം കോടി രൂപ ഈ സാമ്പത്തിക വർഷത്തിൽ കേന്ദ്രം കടം വാങ്ങും. ഇത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഘട്ടംഘട്ടമായി നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി കുറവ് കൊണ്ട് സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

115000 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക. ജൂലൈ 15 ന് 75000 കോടി രൂപ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്രം അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകിയിരുന്നു. അന്ന് 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വായ്പയായി അനുവദിച്ചത്.

പാരീസ്: വളരെയധികം ഗൗരവമേറിയ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഹൃദയാഘാതം. ഒരു വ്യക്തിയുടെ ജീവൻ വരെ അപകടത്തിലാകാൻ ഹാർട്ട് അറ്റാക്ക് കാരണമാകാറുണ്ട്. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയ്ക്ക് ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലക്ഷണങ്ങളിലൂടെ ഹൃദയാഘാതത്തെ നിർണയിക്കാൻ എളുപ്പമല്ല. നിലവിൽ എക്കോ കാർഡിയോഗ്രാം ആണ് ഒരു പരിധി വരെ ഇതിന് ആശ്രയിക്കപ്പെടുന്നത്. പക്ഷെ ഹൃദയാഘാതം സ്ഥിരീകരണക്കണമെങ്കിൽ രക്തപരിശോധന അടക്കമുള്ള കടമ്പകൾ വേറെയുമുണ്ട്. ഇതിന്റെയെല്ലം ഫലം കിട്ടാനോ മണിക്കൂറുകൾ വരെ കാത്തിരിക്കേണ്ടി വരാം. എന്നാൽ ഇതിനെല്ലാം പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. വെറും മുപ്പത് മിനിറ്റിനകം ഹൃദയാഘാതം സ്ഥിരീകരിക്കാൻ സഹായിക്കുന്നൊരു മെഡിക്കൽ ഉപകരണം (സെൻസർ) വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോത്രദാം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ.

ഹൃദയാഘാതം മുതൽ ഹൃദയാഘാതത്തിലേക്ക് എത്തിക്കുന്ന ഹൃദയസംബന്ധമായതും രക്തയോട്ടം സംബന്ധിക്കുന്നതുമായ വ്യതിയാനങ്ങൾ വരെ രേഖപ്പെടുത്താൻ കഴിയുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. എളുപ്പത്തിൽ ഉപയോഗിക്കാം എന്ന പ്രത്യേകതയും ഈ ഉപകരണത്തിനുണ്ട്. ചെലവ് വളരെ കുറവായ സെൻസറാണ് തങ്ങൾ വികസിപ്പിച്ചതെന്നും സമ്പന്ന രാജ്യങ്ങൾക്ക് പുറമെയുള്ള രാജ്യങ്ങൾക്കും ആദ്യഘട്ടത്തിൽ ആശുപത്രി ഉപയോഗത്തിന് ഇവ എത്തിക്കാനാണ് ശ്രമമെന്നും ഗവേഷകർ വ്യക്തമാക്കി.

ഈ ഉപകരണത്തിന് പേറ്റന്റ് ലഭിക്കാനുള്ള അപേക്ഷ ഗവേഷകർ നൽകിയിട്ടുണ്ട്. പേറ്റന്റ് ലഭിച്ച ശേഷം സ്വന്തമായി ഒരു കമ്പനി തുടങ്ങി ഉപകരണങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാണ് ഗവേഷകർ പദ്ധതിയിടുന്നത്.

ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കുരുതിയിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സുപ്രീം കോടതി. വ്യാഴാഴ്ച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദം സുപ്രീം കോടതി പരിഗണിക്കും. ഇതിനായി സർക്കാരുകൾക്ക് കോടതി നോട്ടീസ് അയക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കേസിൽ ആരോപണ വിധേയൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായതിനാൽ ഉത്തർപ്രദേശ് പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരാണ് കത്തയച്ചത്. കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നായിരുന്നു കത്തിൽ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സംഭവത്തിൽ സ്വമേധയാ കേസ രജിസ്റ്റർ ചെയ്യാൻ കോടതി തീരുമാനിച്ചത്.

മോസ്‌കോ: ചരിത്രം കുറിച്ച് സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ സംഘം. റഷ്യയുടെ ബഹിരാകാശ സഞ്ചാരിയായ ആന്റണ്‍ കപ്ലെറോവിനൊപ്പം റഷ്യന്‍ നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ് സംഘത്തിലുള്ളത്. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണ ദൗത്യമാണ് സംഘത്തിനു മുന്നിലുള്ളത്. ചരിത്ര നിയോഗമാണ് ഇതെന്ന് യൂലിയ പ്രതികരിച്ചു.

കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ് 19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌പെയ്സ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) സുരക്ഷിതമായി ഇവര്‍ എത്തിച്ചേര്‍ന്നു.

നിലവില്‍ സ്പേസ് സ്റ്റേഷനിലുള്ള തോമസ് പെസ്‌ക്വറ്റ്, മാര്‍ക്ക് വാന്‍ഡ് ഹെ, ഷെയിന്‍ കിംബ്രൗ, മേഘന്‍ മക് ആര്‍തര്‍, ഒളെഗ് നോവിറ്റ്സ്‌കി, അകി ഹോഷിദെ എന്നിവര്‍ സിനിമാ സംഘത്തെ സ്വാഗതം ചെയ്യും.

ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ‘ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. ഇതോടെ ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യത്തെ സിനിമയെന്ന ബഹുമതി ചലഞ്ചിന് സ്വന്തമാകും.

ഗാങ്‌ടോക്ക്: ജനുവരി ഒന്നു മുതല്‍ സിക്കിമില്‍ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിഎസ് തമാങ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.

ശുദ്ധജല സമൃദ്ധമായ സംസ്ഥാനമാണ് സിക്കിമെന്നും, അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തുണ്ടാകില്ല. കുപ്പിവെള്ളത്തിന് പകരം പരിസ്ഥിതി സൗഹൃദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത് കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളില്‍ ലഭ്യമായ മിനറല്‍ വാട്ടര്‍ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് തീര്‍ക്കാന്‍ മൂന്ന് മാസത്തെ ബഫര്‍ സമയം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള പാക്കേജുചെയ്ത കുടിവെള്ള വിതരണം നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുപ്പിവെള്ളം നിരോധിക്കുന്നതോടെ വലിയൊരു അളവില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ കഴിയുമെന്നാണ് സിക്കിം സര്‍ക്കാര്‍ കരുതുന്നത്. സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതി ലക്ഷ്യം വയക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ പഴയ വാഹനങ്ങള്‍ റീ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് എട്ട് മടങ്ങോളം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രിലോടു കൂടിയായിരിക്കും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.

പുതുക്കിയ നിരക്ക് അനുസരിച്ച് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാര്‍ റീ രജിസ്റ്റര്‍ ചെയ്യുന്നതിന് 5000 രൂപയാണ് ഫീസിനത്തില്‍ അടയ്‌ക്കേണ്ടത്. നിലവില്‍ ഇത് 600 രൂപയാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍. നിലവില്‍ ഇത് യഥാക്രമം 300 ഉം 600 ഉം രൂപയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് റീ രജിസ്‌ട്രേഷന്‍ തുക 5000രൂപയില്‍ നിന്ന് 40,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനുപുറമേ 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ചരക്കു വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് നിലവിലെ ഫീസായ 500 രൂപയില്‍ നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് 1000 രൂപയില്‍ നിന്ന് 3500 രൂപയായും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഫീ ഉയര്‍ത്തിയിട്ടുണ്ട്. ടാക്‌സി ആയി ഉപയോഗിക്കുന്ന കാറുകളുടെ ഫീസ് 7000 രൂപയായിരിക്കും. നിലവില്‍ ഇത് 1000 രൂപയാണ്. മീഡിയം ഗുഡ്‌സ് – പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുക 1300ല്‍ നിന്ന് 10,000 രൂപയായും ഹെവി ഗുഡ്‌സ് – പാസഞ്ചര്‍ വാഹനങ്ങളുടെ ഫീസ് 1500ല്‍ നിന്ന് 12500 ആയും ഉയര്‍ത്തിയിട്ടുണ്ട്.

സ്‌ക്രാപ്പേജ് പോളിസി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ റീ രജിസ്‌ട്രേഷന്‍ തുകയില്‍ വര്‍ദ്ധനവ് വരുമെന്ന് ഉറപ്പായിരുന്നു. ഇന്ന് ഇതിന്മേലുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.