Highlights (Page 174)

തിരുവനന്തപുരം: കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി അപേക്ഷയോടൊപ്പം സത്യവാങ്മൂലവും നൽകണം. റവന്യൂ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൈവശം ഉള്ള ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്നാണ് കൈവശാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ അപേക്ഷകൻ സത്യവാങ്മൂലം നൽകേണ്ടത്. ഹൈക്കോടതി വിധി അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്. കഴിഞ്ഞ മാസം എട്ടിനാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. തുടർന്ന് ഒക്ടോബർ ഒന്നിന് റവന്യു വകുപ്പ് സർക്കുലർ ഇറക്കുകയായിരുന്നു.

ഇടുക്കിയിലെ ചില വില്ലേജുകളിൽ ഭൂ പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയം ലംഘിച്ചു വാണിജ്യ നിർമ്മാണങ്ങൾ നടത്തുന്നത് തടയാൻ വേണ്ടി 2019 ഓഗസ്റ്റ് 22 ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ കെട്ടിട പെർമിറ്റ് അനുവദിക്കാവൂവെന്ന് വ്യക്തമാക്കിയായിരുന്നു റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു സംബന്ധിച്ച് വന്ന ഹർജികളെ തുടർന്ന് ഈ ഉത്തരവ് കേരളം മുഴുവൻ നടപ്പാക്കാൻ 2020 ജൂലൈ 29 നു ഹൈക്കോടതി നിർദ്ദേശം നൽകി. ഇതു നടപ്പാക്കുന്നില്ലെന്നു കാണിച്ച് കോടതിയലക്ഷ്യ ഹർജി വന്നതോടെ ഇതു സംബന്ധിച്ച സത്യവാങ്മൂലം അപേക്ഷകൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

facebook

രാജ്യത്ത് ഓഗസ്റ്റ് മാസത്തില്‍ മാത്രം 3.2 കോടി പോസ്റ്റുകള്‍ക്കെതിരെയാണ് സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. 2021 ഓഗസ്റ്റിലെ കംപ്ലൈന്‍ഡ്സ് റിപ്പോര്‍ട്ടിലാണ് വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം ഫേസ്ബുക്ക് വ്യക്തമാക്കിയത്.

2.6 കോടി സ്പാം അടങ്ങുന്ന ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നിയന്ത്രിച്ചത്. 26 ലക്ഷം അക്രമാസക്തവും ഗ്രാഫിക്കും അടങ്ങുന്ന ഉള്ളടക്കങ്ങള്‍, 20 ലക്ഷം അഡല്‍ട്ട് നഗ്‌നതയും ലൈംഗികതയുമുള്ള ഉള്ളടക്കം, 2.4 ലക്ഷം വിദ്വേഷ പ്രസംഗം, 90,400 ബുള്ളിയിങ്ങും അപഹസിക്കലുമടക്കമുള്ള മറ്റു ഉള്ളടക്കങ്ങള്‍, 6.7 ലക്ഷം ആത്മഹത്യയും സ്വയം മുറിവേല്‍പ്പിക്കലും, ഭീകര സംഘടന, വ്യക്തികള്‍, 2.7 ലക്ഷം തീവ്രവാദ അജണ്ട, 31,600 സംഘടിത ഭീകരപ്രവര്‍ത്തനം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് ഓഗസ്റ്റ് മാസത്തില്‍ നിയന്ത്രിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ 22 ലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. അതേസമയം വാട്‌സാപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകള്‍ ബാന്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയായി ഇന്ത്യന്‍ പരാതി പരിഹാര സംവിധാനത്തിലൂടെ 904 ഉപഭോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും 754 കേസുകള്‍ പരിഹരിക്കാന്‍ ടൂളുകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന പോലീസുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാർക്ക് ഇനിയും മനസിലായിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി കോടതി പലതവണ നിർദേശം നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം നടപടികൾ ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകുന്നത്.

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തേവര എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരായ ഉത്തരവിലാണ് കോടതിയുടെ പരാമർശം. രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരിക്കുന്നത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കൊച്ചി സ്വദേശികളായ കണ്ടെയ്നർ സന്തോഷ്, ഭാര്യ എന്നിവർ പോലീസിന്റെ പെരുമാറ്റത്തെ സംബന്ധിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. ഈ മാസം 10 ന് വീണ്ടും ഹർജി പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ടാണ് നേതാക്കൾ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ തവണ ഓപ്പൺ സ്‌കൂളിനെ ആശ്രയിച്ചതിനേക്കാൾ മൂന്നിരട്ടി കുട്ടികൾ ഇത്തവണ ഓപ്പൺ സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നാണ് നേതാക്കളുടെ കുറ്റപ്പെടുത്തൽ. ലക്ഷത്തിലധികം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഈ വർഷം സംസ്ഥാനത്തുള്ളതെന്നും നേതാക്കൾ പറയുന്നു. ഈ വർഷം പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കില്ലെന്ന സർക്കാർ തീരുമാനത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെയാകെ ഒരു യൂണിറ്റായി കണ്ടാണ് സർക്കാർ സീറ്റുകളുടെ എണ്ണം സംബന്ധിച്ച കണക്ക് പറയുന്നത്. ഇത് ഒട്ടും പ്രായോഗികമല്ല. ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് സീറ്റുകൾ ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നാണ് വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് പോലും പ്ലസ് വണ്ണിന് ആഗ്രഹിച്ച വിഭാഗത്തിൽ സീറ്റില്ലാത്ത സ്ഥിതിയാണ്. സീറ്റ് വർധിപ്പിക്കുന്നതിന് പകരം മറ്റു പരിഹാരങ്ങൾ കാണണമെന്ന് കോടതി തന്നെ നേരത്തെ ആവശ്യപ്പെട്ടതാണ്. ബാച്ചുകളുടെ എണ്ണം വർധിപ്പിക്കണം. 50 കുട്ടികൾക്ക് മാത്രമായി സജീകരിച്ച ക്ലാസിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നത് ശാസ്ത്രീയമല്ല. ബാച്ചുകൾ വർധിപ്പിച്ച് കുട്ടികൾക്ക് സീറ്റുറപ്പാക്കുന്നതിന് പകരം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സർക്കാറിന്റേത്. സംസ്ഥാനത്തെ രക്ഷിതാക്കളുടെ ആശങ്കയാണ് പ്രതിപക്ഷം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെന്നും നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന ഈ വിഷയത്തിൽ സർക്കാറിന് നിഷേധാത്മക നിലപാടാണെന്നും നേതാക്കൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്നാവശ്യപ്പെട്ട് കെ കെ ശൈലജയും രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നും സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാൻ നടപടി വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് ശൈലജ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതും ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചർച്ച ചെയ്യണമെന്നായിരുന്നു ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ഉന്നയിച്ചിരുന്ന ആവശ്യം. എന്നാൽ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയിൽ വിശദമാക്കി.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന ഉറപ്പില്‍ ലഖിംപുര്‍ ഖേഡിയിലെ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പിന്മേല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കി.

കൊല്ലപ്പെട്ട നാല് കര്‍ഷകരുടെയും കുടുംബത്തിന് 45 ലക്ഷം വീതം ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

10 കര്‍ഷകരാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ നാലു പേര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സഞ്ചരിച്ച വാഹമിനിടിച്ചാണ് മരിച്ചത്. ആശിഷ് മിശ്രയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു.

വാഹനങ്ങള്‍ തടഞ്ഞ് കര്‍ഷകര്‍ യാത്രക്കാരെ മര്‍ദിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.

റിയാദ്: സൗദിയില്‍ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളില്‍ 13,638 പ്രവാസികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ ഏജന്‍സികളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സും (ജവാസാത്ത്) സംയുക്തമായി സപ്തംബര്‍ 23 മുതല്‍ നടത്തിയ റെയിഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.

റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരാണ് അറസ്റ്റിലായവരില്‍ ഏറെയും. 5,749 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനും 1,818 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ്. 6,228 പേരാണ് ആവശ്യമായ രേഖകളില്ലാതെ വിവിധ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിച്ചതിനും അനധികൃതമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനും പിടിയിലായത്. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇന്ത്യക്കാരാണ്.

മാത്രമല്ല, വിവിധ നിയമലംഘനങ്ങളെ തുടര്‍ന്ന് പിടികൂടപ്പെട്ട 84,231 പേര്‍ നിയമ നടപടികള്‍ കാത്തു കഴിയുന്നുമുണ്ട്. ഇവരില്‍ 75,196 പേര്‍ പുരുഷന്‍മാരും 9,035 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 69,176 പേരെ നിയമനടപടികള്‍ക്കു ശേഷം നാടുകടത്തുന്നതിനു മുന്നോടിയായി ആവശ്യമായ യാത്രാ രേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നത്. ഇതിനു പുറമെ, ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് അനധികൃതമായി താമസക്കുന്നവരെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും കണ്ടെത്തി പുറത്താക്കുന്നതിന്റെ ഭാഗമായി റെയിഡുകളും പരിശോധനകളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് സൗദി സുരക്ഷാ ഏജന്‍സികള്‍.

വാഷിംഗ്ടൺ: ഗർഭഛിദ്രം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കയിൽ പ്രതിഷേധവുമായി വനിതകൾ. ഗർഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാൽ ഗർഭഛിദ്രം പാടില്ലെന്ന ടെക്സസ് നിയമത്തിനെതിരാണ് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം മുതലാണ് ടെക്സസിൽ നിയമം പ്രാബല്യത്തിൽ വന്നത്.

‘എന്റെ ശരീരം എന്റെ അവകാശം’, ‘അബോർഷൻ നിയമവിധേയമാക്കുക’ എന്നീ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. വാഷിങ്ടൺ ഡി.സിയിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ പുരുഷന്മാരോ സർക്കാറോ അല്ല സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. 1973 ൽ രാജ്യവ്യാപകമായി അബോർഷൻ നിയമാനുസൃതമാക്കിയ റൂവി വേയ്ഡ് കേസിനെ അട്ടിമറിക്കാവുന്ന രീതിയിൽ കോടതിയിൽ കേസുകൾ വരാനിരിക്കെയാണ് ശക്തമായ പ്രതിഷേധം ഉയർത്തി സ്ത്രീകൾ രംഗത്തെത്തിയത്.

കൊച്ചി: മലപ്പുറം എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. ചില ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളുകളെ തുടര്‍ച്ചയായി അവഗണിച്ചേ മതിയാകൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജലീലിന്റെ ആരോപണങ്ങള്‍ അവഗണിക്കുകയാണ്. തുടര്‍ച്ചയായ ആരോപണങ്ങളില്‍ ചിലത് തുടര്‍ച്ചയായി അഗണിച്ചേ മതിയാകൂ. കൂടുതലൊന്നും പറയാനില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലീല്‍ ആരോപണം ഉന്നയിച്ചത്. എആര്‍ നഗര്‍ ബാങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുള്‍ ഖാദര്‍ മൗലവി എന്നായിരുന്നു ജലീലിന്റെ ആരോപണം.

തന്റെ പേരില്‍ രണ്ട് കോടിയുടെ നിക്ഷേപമുണ്ടെന്നറിഞ്ഞ മൗലവി തളര്‍ന്നെന്നും, രണ്ട് കോടിയുടെ നിക്ഷേപവും ക്രയവിക്രയവും മൗലവിയുടെ സമ്മതത്തോടെയാണ് നടന്നതെന്ന് കരുതുന്നില്ലെന്നും ജലീല്‍ ആരോപിച്ചിരുന്നു.

അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

എവിന്‍ ലൂയിസും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 12 പന്തില്‍ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് ജെയ്സ്വാള്‍ പുറത്തായത്. പിന്നാലെ ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണ്‍ – ശിവം ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 89 റണ്‍സാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. 24 പന്തില്‍ നിന്ന് നാല് ഫോറുകളടക്കം 28 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്ലെന്‍ ഫിലിപ്പ് 14 റണ്‍സോടെ പുറത്താകാതെ നിന്നു. ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് കയറി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു കന്നി ഐ.പി.എല്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാതയാണ് മുംബൈയിൽ ഒരുങ്ങുന്നത്. ദ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എം.ടി.എച്ച്എൽ.) അഥവാ സെവരി -നവസേവ സീലിങ്ക് പാലം നവിമുംബൈയിലാണ് നിർമ്മിക്കുന്നത്. ട്രാഫിക് തിരക്കുകൾ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാലം നിർമ്മിക്കാൻ തീരുമാനിച്ചത്.

22 കിലോ മീറ്റർ നീളമേറിയ കടൽപ്പാലത്തിന്റെ പതിനാറര കിലോ മീറ്റർ യാത്ര കടലിന് മുകളിലൂടെയാണ്. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കടൽപ്പാലം തുടങ്ങിയ പ്രത്യേകതകളും ദ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന് സ്വന്തമാണ്. 2022 ആകുന്നതോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ മുംബൈയിലെ സെവ്രിയിൽനിന്ന് തുടങ്ങി എലിഫന്റാ ദ്വീപിന്റെ വടക്കു വശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്. നവി മുംബൈയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലം യാഥാർഥ്യമാകുന്നതോടെ യാത്രാസമയം ചുരുക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കൽ, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താൻ സാധിക്കുക, പുണെ എക്സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കൽ തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

ഓരോ വശത്തുമായി മൂന്നു പാതകൾ അടങ്ങിയ ആറുവരി പാതയാണ് കടൽപ്പാലത്തിലുള്ളത്. അടിയന്തരാവശ്യങ്ങൾക്കായി ഏഴാമത് ഒരു വരിയും എക്സ്പ്രസ്വേയിൽ ഉണ്ടായിരിക്കും. എഡ്ജ് സ്ട്രിപ്സ്, ക്രാഷ് ബാരിയർ എന്നിവയും പ്രത്യേകതകളാണ്. 22 കിലോ മീറ്റർ നീളമുളള ഈ പാതയിൽ പതിനാറര കിലോ മീറ്റർ യാത്ര കടലിന് മുകളിലൂടെയായിരിക്കും. സെവ്രിയിൽ ത്രീലെവൽ ഇന്റർചേഞ്ചാണ് ആസൂത്രണം ചെയ്തിട്ടുളളത്. ഇവിടെ ഈസ്റ്റേൺ ഫ്രീവേ, സെവ് രി-വർളി ഈസ്റ്റ്-വെസ്റ്റ് കണക്ടർ എംടിഎച്ച്എല്ലുമായി കൂടിച്ചേരും. ഇന്റലിജൻസ് ട്രാൻസ്പോർട്ട് സിസ്റ്റം, ഇന്റർചേഞ്ചസ്, അപ്രോച്ച് വിഭാഗങ്ങൾ, ഒരു മറൈൻ ബ്രിഡ്ജിന് ആവശ്യമായ മറ്റുസൗകര്യങ്ങൾ തുടങ്ങിയവും പാലത്തിന്റെ പ്രത്യേകതകളാണ്.

പാലത്തിലൂടെ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാം. നവിമുംബൈയിൽനിന്ന് മുംബൈയിലെത്താനുള്ള സമയം ഒരു മണിക്കൂറിൽനിന്ന് 20 മിനിറ്റായി ചുരുങ്ങുമെന്നതാണ് മറ്റൊരു സവിശേഷത. മുംബൈ-പുണെ അതിവേഗപാത വഴി വരുന്ന വാഹനങ്ങൾക്ക് മുംബൈയിലേക്ക് പോകാൻ എളുപ്പവഴി കൂടിയായിരിക്കും പാലം.