മുപ്പത് മിനിറ്റിനകം ഹൃദയാഘാതം സ്ഥിരീകരിക്കാം; പുതിയ മെഡിക്കൽ ഉപകരണം വികസിപ്പിച്ച് ഗവേഷകർ

പാരീസ്: വളരെയധികം ഗൗരവമേറിയ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഹൃദയാഘാതം. ഒരു വ്യക്തിയുടെ ജീവൻ വരെ അപകടത്തിലാകാൻ ഹാർട്ട് അറ്റാക്ക് കാരണമാകാറുണ്ട്. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയ്ക്ക് ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലക്ഷണങ്ങളിലൂടെ ഹൃദയാഘാതത്തെ നിർണയിക്കാൻ എളുപ്പമല്ല. നിലവിൽ എക്കോ കാർഡിയോഗ്രാം ആണ് ഒരു പരിധി വരെ ഇതിന് ആശ്രയിക്കപ്പെടുന്നത്. പക്ഷെ ഹൃദയാഘാതം സ്ഥിരീകരണക്കണമെങ്കിൽ രക്തപരിശോധന അടക്കമുള്ള കടമ്പകൾ വേറെയുമുണ്ട്. ഇതിന്റെയെല്ലം ഫലം കിട്ടാനോ മണിക്കൂറുകൾ വരെ കാത്തിരിക്കേണ്ടി വരാം. എന്നാൽ ഇതിനെല്ലാം പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. വെറും മുപ്പത് മിനിറ്റിനകം ഹൃദയാഘാതം സ്ഥിരീകരിക്കാൻ സഹായിക്കുന്നൊരു മെഡിക്കൽ ഉപകരണം (സെൻസർ) വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോത്രദാം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ.

ഹൃദയാഘാതം മുതൽ ഹൃദയാഘാതത്തിലേക്ക് എത്തിക്കുന്ന ഹൃദയസംബന്ധമായതും രക്തയോട്ടം സംബന്ധിക്കുന്നതുമായ വ്യതിയാനങ്ങൾ വരെ രേഖപ്പെടുത്താൻ കഴിയുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. എളുപ്പത്തിൽ ഉപയോഗിക്കാം എന്ന പ്രത്യേകതയും ഈ ഉപകരണത്തിനുണ്ട്. ചെലവ് വളരെ കുറവായ സെൻസറാണ് തങ്ങൾ വികസിപ്പിച്ചതെന്നും സമ്പന്ന രാജ്യങ്ങൾക്ക് പുറമെയുള്ള രാജ്യങ്ങൾക്കും ആദ്യഘട്ടത്തിൽ ആശുപത്രി ഉപയോഗത്തിന് ഇവ എത്തിക്കാനാണ് ശ്രമമെന്നും ഗവേഷകർ വ്യക്തമാക്കി.

ഈ ഉപകരണത്തിന് പേറ്റന്റ് ലഭിക്കാനുള്ള അപേക്ഷ ഗവേഷകർ നൽകിയിട്ടുണ്ട്. പേറ്റന്റ് ലഭിച്ച ശേഷം സ്വന്തമായി ഒരു കമ്പനി തുടങ്ങി ഉപകരണങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാണ് ഗവേഷകർ പദ്ധതിയിടുന്നത്.