ലഖിംപുർ കൂട്ടക്കുരുതി; സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കുരുതിയിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സുപ്രീം കോടതി. വ്യാഴാഴ്ച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദം സുപ്രീം കോടതി പരിഗണിക്കും. ഇതിനായി സർക്കാരുകൾക്ക് കോടതി നോട്ടീസ് അയക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കേസിൽ ആരോപണ വിധേയൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനായതിനാൽ ഉത്തർപ്രദേശ് പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരാണ് കത്തയച്ചത്. കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നായിരുന്നു കത്തിൽ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സംഭവത്തിൽ സ്വമേധയാ കേസ രജിസ്റ്റർ ചെയ്യാൻ കോടതി തീരുമാനിച്ചത്.