Highlights (Page 172)

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാന്‍ഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പട്ടികയാണ് നല്‍കിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.

ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ ആകില്ല. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും തീരുമാനമുണ്ട്.

അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ താനോ ഉമ്മന്‍ ചാണ്ടിയോ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പുകള്‍ സമ്മര്‍ദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടന്‍ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ലെന്നും ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കൊച്ചി: സംസ്ഥാനത്തെ മൊബൈൽ ടവറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ പത്തൊമ്പതിനായിരത്തോളം ടവറുകളാണ് സംസ്ഥാനത്തുള്ളത്. 5 ജിയുടെ ഗുണം ലഭിക്കാനാണ് ടവറുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഉയർന്ന ഡേറ്റ സ്പീഡ് നൽകുന്ന 5 ജിയുടെ ടവറുകളുടെ കവറേജ് കുറവായിരിക്കും. ടവറുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ 5 ജിയുടെ മെച്ചം ലഭിക്കൂ. ടെലികോം വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി.ടി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.

ടവറുകളുടെ എണ്ണം വർധിക്കുമെങ്കിലും റേഡിയേഷൻ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മൊബൈലുകൾക്കു വേണ്ടി ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രീക്വൻസിയുള്ള നോൺ-അയോണൈസിങ് റേഡിയേഷനുകളാണ്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ല. ടവറുകളിൽ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങൾക്ക് അവരുടെ ചുറ്റുമുള്ള ടവറുകളും അതിൽനിന്നുള്ള റേഡിയേഷനും സംബന്ധിച്ച വിവരങ്ങൾ tthsp ;/tarangsanchar.gov.in/emfportal എന്ന വെബ് സൈറ്റിലൂടെ ലഭ്യമാകും. അടുത്തുള്ള ടവർ പരിശോധിക്കുന്നതിനുള്ള അപേക്ഷയും ഈ വെബ്‌സൈറ്റിലൂടെ നൽകാൻ കഴിയും.

തൃശൂര്‍: ജില്ലയില്‍ കനത്ത മഴക്ക് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ ചെയ്തതിനെ തുടര്‍ന്നാണ് ഡാമുകള്‍ തുറന്നത്. പരിയാരം, മേലൂര്‍, കുറ്റിക്കാട് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും പുഴയില്‍ നിന്നും വെള്ളം കയറിതുടങ്ങി.

ഈ പ്രദേശങ്ങളിലെ പുഴയോരവാസികളെ ഒഴിപ്പിച്ചു. പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 6 മീറ്ററാണ് പുഴയില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. ഒരു മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടിപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ചാലക്കുടിയിലെ റെയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി.

അതിരപ്പള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അന്തര്‍സംസ്ഥാന പാതയായ ആനമല റോഡില്‍ വെള്ളം കയറിയതോടെ അതിരപ്പിള്ളി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകുന്നതിൽ വിശദീകരണം നൽകി തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. പുലിമുട്ട് നിർമ്മാണം തീരാത്തത് കാരണമാണ് തുറമുഖം നിർമ്മാണം വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തുറമുഖ നിർമ്മാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് കാലാവധി നീട്ടി ചോദിച്ചിട്ടുണ്ട്. സർക്കാർ ഇളവുകൾ നൽകിയെങ്കിലും അതിൽ തൃപ്തരാവാതെ അദാനി ആർബിട്രേഷനിൽ പോയി. സർക്കാരും ആർബിട്രെഷനിൽ വാദം ഉന്നയിക്കും. പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വർഷത്തേക്ക് പുലിമുട്ട് നിർമാണത്തിന്റെ ബഹുഭൂരിപക്ഷവും തീർക്കും എന്നാണ് അദാനി നൽകിയ ഉറപ്പെന്നും അടുത്ത മൺസൂണിന്റെ മുൻപായി അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വിഴിഞ്ഞം പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനും അദാനിയ്ക്കുമാണെന്നാണ് യുഡിഎഫ് പറയുന്നത്. കാലാവധിയുടെ ഇരട്ടി വർഷം ആയാലും പദ്ധതി തീരാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും നിർമ്മാണ കാലാവധി തീർന്നു ഒന്നര വർഷം കഴിഞ്ഞാണ് സർക്കാർ പാറ ക്ഷാമം പരിഹരിക്കാൻ തമിഴ്‌നാടുമായി സംസാരിച്ചതെന്നും യുഡിഎഫ് എംഎൽഎ വിൻസന്റ് ചൂണ്ടിക്കാട്ടി. സർക്കാർ എല്ലാം അദാനിയുടെ ഉത്തരവാദിത്തം എന്ന് പറഞ്ഞു ഒഴിയുകയാണെന്നും വിഴിഞ്ഞം നിർമ്മാണം പൂർത്തിയാക്കാൻ യുഡിഫ് സർക്കാർ അതിവേഗം നടപടികളെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി അനുമതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആഗോള ടെണ്ടർ വിളിച്ചാണ് യുഡിഎഫ് പദ്ധതിയെ കൊണ്ടു പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞ് രണ്ട് വർഷമായെന്നും പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിൽ സർക്കാർ നോക്കു കുത്തി ആയി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാർ ഒപ്പിട്ടു ആറു വർഷം ആകുമ്പോൾ പുലി മുട്ട് നിർമാണത്തിന്റ നാലിൽ ഒന്ന് മാത്രം ആണ് തീർന്നത്. മെഗാപദ്ധതി ആയിട്ടും സർക്കാർ പദ്ധതിയെ കൃത്യമായി മോണിറ്ററായിട്ടില്ല. ഇപ്പോൾ അദാനി പറയുന്നത് 2023 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കും എന്നാണ്. ഈ രീതിയിൽ പോയാൽ 10 വർഷം കൊണ്ടും പദ്ധതി തീരില്ലെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ നിർമാണത്തിന്റ ഭാഗമായി പല പ്രശ്‌നങ്ങളും തീരത്തുണ്ടാകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി അവലോകനം ചെയ്യണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാർ വീഴ്ചയിൽ 12 ലക്ഷം രൂപ ഈടാക്കാൻ സർക്കാർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. സിറോ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 40.2 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് സീറോ സർവ്വേയിൽ വ്യക്തമാക്കുന്നു. നിയമസഭയിലാണ് സർക്കാർ സീറോ സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചത്.

49 വയസ് വരെയുള്ള ഗർഭിണികളായ സ്ത്രീകളിൽ 65.4 ശതമാനം പേരിൽ ആന്റി ബോഡി സാന്നിധ്യമുണ്ട്. ആദിവാസികളിൽ 78.2 ശതമാനം പേർക്കും തീരമേഖലയിൽ 87.7 ശതമാനം പേർക്കും പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷനിലൂടെയും കോവിഡ് വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയും എത്രപേർക്ക് രോഗപ്രതിരോധ ശേഷിയുണ്ടായി എന്നതിന്റെ കണക്കാണ് സിറോ സർവേയിലൂടെ പുറത്തുവന്നത്.

അതേസമയം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ 40 ശതമാനത്തിലേറെ പ്രതിരോധ ശേഷി കൈവരിച്ചത് കുഴപ്പമില്ലാത്ത കണക്കാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ കണക്കുക്കൂട്ടൽ.

ന്യൂഡൽഹി: മഴയുണ്ടാകുമോ എന്നു പ്രവചിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ച് ശാസ്ത്രലോകം. അടുത്ത രണ്ടു മണിക്കൂറുകളിൽ മഴയുണ്ടാകുമോയെന്ന് പ്രവചിക്കുന്ന എഐ സംവിധാനമാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഗൂഗിൾ ഉടമസ്ഥതയിലുള്ള ലണ്ടൻ എഐ ലാബ് ഡീപ് മൈൻഡും യൂണിവേഴ്‌സിറ്റി ഓഫ് എക്‌സീറ്ററും മെറ്റ് ഓഫിസുമായി ചേർന്നാണു പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചത്. കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ചില ഇക്വേഷനുകൾ ഉപയോഗപ്പെടുത്തിയായിരുന്നു പ്രവർത്തിച്ചിരുന്നത്. 6 മണിക്കൂറിനും 2 ആഴ്ചയ്ക്കുമിടയ്ക്ക് മഴ പെയ്യുമോ ഇല്ലയോ എന്നു പറയാൻ മാത്രമെ ഈ സംവിധാനത്തിന് കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ സംവിധാനത്തിലൂടെ കൂടുതൽ മികച്ചതും കൃത്യതയുള്ളതും തൊട്ടടുത്ത സമയത്തെതുമായ പ്രവചനങ്ങൾ നടത്താൻ കഴിയും.

കംപ്യൂട്ടറുകളടക്കമുള്ള യന്ത്രങ്ങൾക്കു സ്വയം ചിന്തിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവു നൽകുന്നതാണു എഐ എന്ന സാങ്കേതിക വിദ്യ. സോഫ്റ്റ്വെയർ സഹായത്തോടെ മെഷീനെ മുൻപേയുള്ള ചില വിവരങ്ങൾ ഉപയോഗിച്ചു പുതിയ കാര്യങ്ങളിൽ കൃത്യമായ കണക്കുകൂട്ടലുകളിലെത്താൻ സഹായിക്കുന്നതാണിത്. ഒട്ടേറെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ അവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മെഷീൻ വിലയിരുത്തും.

പിന്നീട് സമാന അവസ്ഥ ഉണ്ടാകുമ്പോൾ അതേ കാലാവസ്ഥ ആവർത്തിക്കാനുള്ള സാധ്യത മെഷീൻ പ്രവചിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും അപ്രതീക്ഷിതമായി ഇപ്പോൾ കനത്ത മഴയും പ്രളയവുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുമ്പോൾ മുൻകൂട്ടി വിവരം ലഭിക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എഐ സംവിധാനത്തിലൂടെ പ്രവചനത്തിനെടുക്കുന്ന സമയം കുറയ്ക്കാൻ കഴിയുമെന്നും വരും ദിവസങ്ങളിൽ ഇതിലും മികച്ച ഫലം തരാൻ ഗവേഷണത്തിനു കഴിയുമെന്നും ഡീപ് മൈൻഡിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഷാക്കിർ മുഹമ്മദ് അറിയിച്ചു.

ന്യൂഡൽഹി: പ്രധാൻമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ബുധനാഴ്ച്ചയാണ് അദ്ദേഹം പദ്ധതിയുടെ മാസ്റ്റർ പ്ലാൻ രാഷ്ട്രത്തിന് മുന്നിൽ അവതരിപ്പിക്കുക. രണ്ടു ലക്ഷം കിലോമീറ്റർ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യുന്ന ട്രെയിനുകൾ, ഗ്യാസ് പൈപ്പ്ലൈൻ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റർ ആക്കുക, 220 വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയറോഡ്രോമുകൾ, 11 വ്യാവസായിക ഇടനാഴികൾ ഉൾപ്പെടെ വ്യവസായങ്ങൾക്കായി 25000 ഏക്കർ പ്രദേശം, പ്രതിരോധ മേഖലയിൽ ഉത്പാദനത്തിലൂടെ 1.7 ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുക, 38 ഇലക്ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ, 109 ഫാർമ ക്ലസ്റ്ററുകൾ തുടങ്ങിയവയാണ് 2024-25 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗതിശക്തി.

നിലവിലുള്ളതും പരിഗണനയിലുള്ളതുമായ എല്ലാ സാമ്പത്തിക മേഖലകളും കര-വ്യോമ-കടൽ മാർഗമുള്ള ചരക്ക് നീക്കങ്ങളെ ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ മാപ്പ് ചെയ്തിരിക്കുകയാണ് ദേശീയ മാസ്റ്റർ പ്ലാനിൽ. 16 കേന്ദ്ര വകുപ്പുകളാണ് ദേശീയ മാസ്റ്റർ പ്ലാനിൽ ഭാഗമാക്കിയിട്ടുള്ളത്. മാസ്റ്റർ പ്ലാനിൽ ഏതെങ്കിലും മാറ്റങ്ങൾ അംഗീകരിക്കുന്നതിനായി സർക്കാർ ഈ വകുപ്പുകളുടെയെല്ലാം ഒരു സമിതി (EGoS) ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിക്കും.

നിർദേശങ്ങൾ ഏകീകരിക്കുന്നതിനും ആസൂത്രണത്തിനും സംയോജനത്തിനും മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംയോജിത മൾട്ടിമോഡൽ നെറ്റ്‌വർക്ക് ആസൂത്രണ ഗ്രൂപ്പ് (എൻപിജി) മേൽനോട്ടം വഹിക്കും. മാസ്റ്റർ പ്ലാനിന് പുറത്തുള്ള 500 കോടിയുടെ അടിസ്ഥാന സൗകര്യ ശൃംഖലകളുടെ പദ്ധതികളുടെ പരിശോധനയും എൻപിജി നിർവഹിക്കും.

രാജ്യമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയുടെ പൂർത്തീകരണത്തിനായുള്ള സമയക്രമം അടിസ്ഥാനമാക്കിയുള്ള സമഗ്ര മാപ്പും തയ്യാറായിട്ടുണ്ടെന്ന് ഗതിശക്തി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളും മാസ്റ്റർ പ്ലാൻ ലക്ഷ്യത്തിനായി പ്രവർത്തിക്കും. രണ്ടു ലക്ഷം കിലോമീറ്റർ ദേശീപാത, 5,590 കിലോമീറ്റർ നാല് അല്ലെങ്കിൽ ആറ് വരി പാതകളുള്ള തീരദേശ ഹൈവേ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളേയും നാലുവരിയുള്ള ദേശീയ പാതകളുമായോ ടു ടു ലൈൻ ദേശീയ പാതകളുമായോ ബന്ധിപ്പിക്കും. തുടങ്ങിയവയാണ് റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

ന്യൂഡല്‍ഹി ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ മൂന്നാം മുന്നണിയോ പ്രായോഗികമല്ല.

അതേസമയം, വര്‍ഗീതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചകളുണ്ടെന്നും പിബി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപംനല്‍കുന്ന യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ത്യയില്‍ ഇപ്പോഴും മുഖ്യ പ്രതിപക്ഷപാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. അതിനാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഫെഡറല്‍ മുന്നണിയോ മൂന്നാം മുന്നണിയോ പ്രയോഗികമല്ല. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഫലപ്രദമെന്നാണ് വിലയിരുത്തല്‍.

കര്‍ഷക – തൊഴിലാളി സമരങ്ങളാണ് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. അതിനാല്‍ വര്‍ഗ സമരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വര്‍ഗ -ബഹുജന സംഘടനകള്‍ ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണം. ഇടതുപാര്‍ട്ടികളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.

കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 22ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ രൂപം നല്‍കും. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാതെ കേരളത്തിലേക്ക് മടങ്ങി.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ തുടരവേ ചൈനയ്ക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ എം എം നരവനെ. നിയന്ത്രണ രേഖയില്‍ വിദേശ ശക്തികളുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ക്ളേവില്‍ പങ്കെടുക്കവേയാണ് കരസേന മേധാവി ചൈനയുടെ ശ്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കിയത്.

ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുണ്ടായ ചര്‍ച്ചകളിലൂടെ ഇരു പക്ഷവും മേഖലയില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലഡാക്കില്‍ സംഘര്‍ഷമുണ്ടായത്. നിങ്ങള്‍ അവിടെ നില്‍ക്കാന്‍ ഉണ്ടെങ്കില്‍ ഞങ്ങളും അവിടെ തുടരാം എന്ന സന്ദേശമാണ് ഇന്നലെ കരസേന മേധാവി നല്‍കിയത്.

ചൈനീസ് അതിര്‍ത്തിയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് കരസേന മേധാവി നല്‍കുന്നത്. ഇരു രാജ്യങ്ങളും നിലവില്‍ 60,000ത്തോളം സൈനികരെ അതിര്‍ത്തിയില്‍ നിലനിര്‍ത്തുന്നുണ്ട്.

മാത്രമല്ല, അതിര്‍ത്തില്‍ ചൈനയുടെ ഭാഗത്ത് ശക്തമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കരസേന മേധാവി അംഗീകരിച്ചു. സൈനികര്‍ക്ക് താമസിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിലാണ് ചൈന ഊന്നല്‍ നല്‍കുന്നത്. ഈ സംഭവങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, വിലയിരുത്തുന്നുണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

അതേസമയം, നിയന്ത്രണരേഖയില്‍ അധികമായി വിന്യസിച്ച സൈനികരെ പിന്‍വലിക്കുവാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള 13ാമത് കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എല്‍എസിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചൈന ശ്രമിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക ഇന്ന്പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും താരിഖ് അൻവർ അറിയിച്ചു.

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയെന്നും ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതകൾ ഉടലെടുത്ത സാഹചര്യത്തിൽ വലിയ വിവാദങ്ങളില്ലാതെ കെപിസിസി ഭാരവാഹിപട്ടിക പുറത്തിറക്കാനാണ് എഐസിസി നേതൃത്വം പദ്ധതിയിടുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിപി സജീന്ദ്രനേയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാൽ, സുമ ബാലകൃഷ്ണൻ എന്നിവരും വനിതാ പ്രതിനിധികളായി ഭാരവാഹിപ്പട്ടികയിലുണ്ടെന്നാണ് വിവരം. 51 അംഗ ഭാരവാഹി പട്ടികയാണ് കെപിസിസി പട്ടിക പുറത്തിറക്കുക. നിലവിൽ എംഎൽഎ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് വിവരം. അതേസമയം ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ ചിലർക്ക് ഇളവുകൾ നൽകാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.