ഗാങ്‌ടോക്ക്: ജനുവരി ഒന്നു മുതല്‍ സിക്കിമില്‍ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിഎസ് തമാങ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.
ശുദ്ധജല സമൃദ്ധമായ സംസ്ഥാനമാണ് സിക്കിമെന്നും, അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തുണ്ടാകില്ല. കുപ്പിവെള്ളത്തിന് പകരം പരിസ്ഥിതി സൗഹൃദമായ കുടിവെള്ള സംഭരണികള്‍ സംസ്ഥാനത്ത് കൂടുതല്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളില്‍ ലഭ്യമായ മിനറല്‍ വാട്ടര്‍ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് തീര്‍ക്കാന്‍ മൂന്ന് മാസത്തെ ബഫര്‍ സമയം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള പാക്കേജുചെയ്ത കുടിവെള്ള വിതരണം നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്പിവെള്ളം നിരോധിക്കുന്നതോടെ വലിയൊരു അളവില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ കഴിയുമെന്നാണ് സിക്കിം സര്‍ക്കാര്‍ കരുതുന്നത്. സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ കുപ്പിവെള്ളം വില്‍പ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതി ലക്ഷ്യം വയക്കുന്നത്.

