വായ്പാ പലിശ നിരക്ക് ഉയരില്ല; സമ്പദ് വ്യവസ്ഥയെ ഉണർത്താൻ പുതിയ പ്രഖ്യാപനങ്ങളുമായി ആർബിഐ

ന്യൂഡൽഹി:രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉണർത്താൻ പുതിയ പ്രഖ്യാപനങ്ങളുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ജനങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയരില്ലെന്നും ആർബിഐ അറിയിച്ചു. അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്നാണ് ആർബിഐയുടെ തീരുമാനം. നിലവിലെ നിരക്കുകൾ അതേ നിരക്കിൽ തന്നെ നിലനിർത്താനാണ് ആർബിഐ പണ നയ അവലോകന സമിതി തീരുമാനിച്ചു.

റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ മാറ്റമില്ലാതെ തുടരുമെന്നും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം തന്നെയായിരിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. തുടർച്ചയായ എട്ടാം തവണയാണ് ആർബിഐ അടിസ്ഥാന നിരക്കുകൾ ഒരേ പോലെ നിലനിർത്തുന്നത്.

അതേസമയം എൻപിസിഐയുടെ ഐഎംപിഎസ് സേവനങ്ങളുടെ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, ബാങ്ക് ശാഖകൾ, ഐവിആർഎസ് തുടങ്ങിയ വിവിധ ചാനലുകളിലൂടെ ഐഎംപിഎസ് പണം ഇടപാടുകൾ നടത്താം. അഞ്ചു ലക്ഷം രൂപ വരെ ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയും. സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. 2010-ലാണ് ഈ സംവിധാനം ആരംഭിച്ചത്. ഇമ്മീഡിയറ്റ് പെയ്‌മെൻറ് സംവിധാനം എന്നതാണ് ഐഎംപിഎസ് സംവിധാനത്തിന്റെ പൂർണ രൂപം. നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ വികസിപ്പിച്ച സംവിധാനത്തിന് കീഴിൽ നേരത്തെ ഒറ്റത്തവണ രണ്ടു ലക്ഷം രൂപ വരെയാണ് ട്രാൻസ്ഫർ ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇന്റർനെറ്റ് ബാങ്കിങ് അധിഷ്ഠിത സംവിധാനം വഴിയും 24 മണിക്കൂറും പണം ഇടപാടുകൾ നടത്താം. അരമണിക്കൂറിനുള്ളിൽ ഇടപാട് പൂർത്തിയാകും എന്നതാണ് ഈ രീതിയുടെ മറ്റൊരു സവിശേഷത.

ഡിജിറ്റൽ പണമിടപാടുകൾ ഓഫ്‌ലൈനായും ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന നടപടികൾ കൈക്കൊള്ളാനും ആർബിഐ നിർദേശിച്ചു. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം.