പാസ് വേഡുകള്‍ ലളിതമാക്കേണ്ട, സൂപ്പര്‍ഹീറോ പേരുകള്‍ നല്‍കിയാല്‍ നിങ്ങള്‍ കുരുക്കിലാകും !

മ്മുടെ അക്കൗണ്ടുകള്‍ക്ക് നല്‍കേണ്ട പാസ്വേഡുകള്‍ നമ്മുടെ മാത്രം താല്പര്യവും ഇഷ്ടവുമായിരിക്കും. എന്നാല്‍ സൂപ്പര്‍ഹീറോകളുടെ പേരുകള്‍ പാസ്വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് മോസില്ല ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇത്തരം പാസ്വേഡുകള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതുമൂലം ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിലയേറിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് എളുപ്പമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൂപ്പര്‍ഹീറോ പേരുകള്‍ പാസ്വേഡുകളായിട്ടുളള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. പേര്, ജനനത്തീയതി, അല്ലെങ്കില്‍ ‘123456’ മുതലായ ലളിതമായ കോമ്പിനേഷനുകള്‍ തുടങ്ങിയവ ആളുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന പാസ്വേഡുകളാണ്.

ജെയിംസ് ഹൗലറ്റ് ലോഗന്‍, ക്ലാര്‍ക്ക് കെന്റ്, ബ്രൂസ് വെയ്ന്‍, പീറ്റര്‍ പാര്‍ക്കര്‍ തുടങ്ങിയ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ പോലും പാസ്വേഡുകളായി ഉപയോഗിക്കാതിരിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിച്ചേര്‍ന്ന സങ്കീര്‍ണ്ണമായ പാസ്വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പാസ്വേഡ് മാനേജര്‍ നോര്‍ഡ്പാസിന്റെ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2020 -ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേഡുകള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.

2020-ലും ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് പാസ്വേഡ് ‘123456’ ആയിരുന്നു. 23 ദശലക്ഷത്തിലധികം ആളുകളുടെ പാസ് വേഡ് ആയിരുന്നു ഇത്. 2020-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച രണ്ടാമത്തെ പാസ്വേഡ് ‘123456789’ ആണ്.

ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള പാസ്വേഡുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ ഒരു സെക്കന്‍ഡില്‍ താഴെ മാത്രമെ സമയമെടുത്തുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2015 ന് ശേഷവും പാസ്വേഡുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 2015 ലും ‘123456’ ആയിരുന്നു ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്ന പാസ്വേഡ്.