വാഷിംഗ്ടൺ: ബഹിരാകാശത്ത് യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടം സ്വന്തമാക്കി വില്യം ഷാറ്റ്‌നർ. ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒർജിൻ വികസിപ്പിച്ചെടുത്ത ‘ന്യൂ ഷെപ്പേർഡ്’ ബഹിരാകാശ പേടകത്തിലാണ് 90 വയസുകാരനായ ഷാറ്റ്‌നർ ബഹിരാകാശത്തേക്ക് യാത്ര നടത്തിയത്. ബഹിരാകാശത്ത് 11 മിനിറ്റ് യാത്രയാണ് അദ്ദേഹം നടത്തിയത്. സ്റ്റാർ ട്രെക്കിൽ’ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തായ വ്യക്തിയാണ് ഷാറ്റ്‌നർ. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതിൽ ഏറ്റവും അത്ഭുതകരമായ അനുഭവമാണ് യാത്ര നൽകിയതെന്നാണ് ഷാറ്റ്‌നർ പറയുന്നത്. ലാൻഡിംഗിന് ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്റ്റാർ ട്രെക്ക് ആരാധകനായ ബെസോസാണ് ഷാറ്റ്‌നറെ ബഹിരാകാശ യാത്ര നടത്താൻ അതിഥിയായി ക്ഷണിച്ചത്. അദ്ദേഹത്തോടൊപ്പം മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു: സാറ്റലൈറ്റ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സിന്റെ സഹസ്ഥാപകനായ ക്രിസ് ബോഷുസൈൻ, സോഫ്റ്റ് വെയർ എക്‌സിക്യൂട്ടീവ് ഗ്ലെൻ ഡി വ്രീസ്, ബ്ലൂ ഒർജിൻ മിഷൻ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ഓഡ്രി പവേർസ് എന്നിവരാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. മൂന്ന് മാസം മുമ്പ് 82-കാരനായ വാലി ഫങ്ക് സ്ഥാപിച്ച ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡാണ് വില്യം ഷാറ്റ്‌നർ മറികടന്നത്.

