അജ്ഞാതർ പിന്തുടരുന്നുവെന്ന പരാതി; എൻസിബി സോണൽ ഓഫീസർ സമീർ വാങ്കെഡെയുടെ സുരക്ഷ വർധിപ്പിച്ചു

sameer vankde

മുംബൈ: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഓഫീസർ സമീർ വാങ്കെഡെയുടെ സുരക്ഷ വർധിപ്പിച്ചു. അജ്ഞാതർ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. മുംബൈ പോലീസാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

സമീർ വാങ്കെഡെയുടെ അംഗരക്ഷകരുടെയും സായുധ സുരക്ഷാഭടന്മാരുടെയും എണ്ണം മുംബൈ പോലീസ് വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മുംബൈയിലെ എൻ.സി.ബി. ഓഫീസിന് മുന്നിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സമീർ വാങ്കെഡെ തന്നെയായിരിക്കും അദ്ദേഹത്തിന്റെ വാഹനം ഓടിക്കുക.

നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.)യിലെ ഉന്നത ഉദ്യേഗസ്ഥൻ കഴിഞ്ഞ ദിവസമാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. ആഢംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന വിവരം പുറത്തു വന്നത്. സമീർ വാങ്കഡെയുടെ മാതാവിനെ അടക്കം ചെയ്തിരിക്കുന്നതും അദ്ദേഹം പതിവായി സന്ദർശിക്കുന്നതുമായ സെമിത്തേരിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന രണ്ടുപേർ ശേഖരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത് സോണൽ ഡയറക്ടറായ സമീർ വാങ്കെഡയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി. സംഘമായിരുന്നു. നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സമീർ വാങ്കെഡയും മുതിർന്ന ഉദ്യോഗസ്ഥനായ മുത്ത ജയിനും മഹാരാഷ്ട്ര പോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു.

2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ് സമീർ വാങ്കെഡെ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, എൻ.ഐ.എ. അഡീഷണൽ എസ്.പി, ഡി.ആർ.ഐ. ജോയിന്റ് കമ്മീഷണർ തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം എൻസിബിയിൽ എത്തുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഉൾപ്പെടെ യാതൊരു ഇളവും നൽകാത്ത സമീപനമാണ് അദ്ദേഹത്തിന്റേത്.

എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളിൽ സമീർ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തിയിരുന്നത്.