മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് രാഹുൽ ഗാന്ധി ആലോചിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് രാഹുൽ ഗാന്ധി ആലോചിക്കുന്നതായി റിപ്പോർട്ട്. ശനിയാഴ്ചത്തെ പ്രവർത്തക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നെന്നാണ് വിവരം. അദ്ധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘പരിഗണിക്കാം’ എന്ന മറുപടിയാണ് രാഹുൽ നൽകിയതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുതിർന്ന നേതാവ് എ. കെ. ആന്റണി, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ ആവശ്യ പ്രകാരമാണ് രാഹുലിന്റെ മനംമാറ്റമെന്നാണ് സൂചനകൾ. അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. അധ്യക്ഷ പദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഉൾപ്പെടെ അപ്പോഴായിരിക്കുമെന്നാണ് വിവരം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് രാഹുൽഗാന്ധി രാജിവെച്ചത്. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയ താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.