തിരുവനന്തപുരം: പൊതുജനങ്ങളോട് സ്നേഹത്തോടെ പെരുമാറണം, ഹണി ട്രാപ്പില്‍ വീണു പോകരുത് തുടങ്ങി പൊലീസുകാര്‍ക്ക് 22 നല്ല നടപ്പുകള്‍ പ്രഖ്യാപിച്ച് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ്. കഴിഞ്ഞ മാസം മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ സൗഹൃദവലയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അകപ്പെട്ടതാണു യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.
ഇന്റലിജന്‍സ് പരിശോധനയില്ലാതെ സര്‍ക്കാരിതര പരിപാടികള്‍ക്കു പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്നും, ഇത്തരം പരിപാടികളില്‍ യൂണിഫോം ഒഴിവാക്കണം. സൈബര്‍ നിയമലംഘനം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. മണല്‍, മണ്ണ്, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായുള്ള ബന്ധം ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഒഴിവാക്കണം. ഹണി ട്രാപ്പില്‍ കുടുങ്ങരുതെന്നും ഡിജിപി പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എസ്എച്ച്ഒ (സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍) മുതലുള്ള ഉദ്യോഗസ്ഥര്‍ ജനങ്ങളോടു മാന്യമായി പെരുമാറണം. അല്ലാത്തപക്ഷം മേലുദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കണം. എസ്ഐയുടെ പ്രവര്‍ത്തനം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധിക്കണം തുടങ്ങി 22 നിര്‍ദേശങ്ങളാണ് ഉള്ളത്. പൊലീസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ പരാതിക്കാരെക്കൊണ്ടു വാങ്ങിപ്പിക്കരുത്. അടിയന്തര ആവശ്യങ്ങള്‍ക്കു സ്റ്റേഷനുകള്‍ക്കു നല്‍കുന്ന അഡ്വാന്‍സ് തുക ഇതിനായി ഉപയോഗിക്കണം. സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്. നിയമപരമായ പരിമിതി ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി പരാതിക്കാര്‍ക്കു മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ തയാറാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നിയമ നടപടി സ്വീകരിച്ചെന്ന് എസ്എച്ച്ഒ ഉറപ്പാക്കണം. പ്രോസിക്യൂഷന്‍ വീഴ്ച കൂടാതെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കണം. ഗുരുതര കേസുകളില്‍ കുറ്റപത്രം ഡിവൈഎസ്പിമാര്‍ കണ്ട് അംഗീകരിക്കണം. പരാതിക്കാരുടെ കാത്തിരിപ്പു മുറിയില്‍ ശുചിത്വം, ഫാന്‍, ശുദ്ധജലം എന്നിവ ഉറപ്പാക്കണം. സാക്ഷികള്‍ക്കു സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാഹചര്യം ഒരുക്കണം. ഓണ്‍ലൈന്‍ പരാതിക്കും കൃത്യമായി രസീത് നല്‍കണം. സൈബര്‍ കുറ്റകൃത്യ പരാതികളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഉത്തരവുണ്ട്.

