Highlights (Page 154)

Covid

ന്യൂഡൽഹി: ഒമിക്രോൺ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. എയർ സുവിധ പോർട്ടലിൽ ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യാം. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണു കോവിഡ് പരിശോധന നടത്തേണ്ടതെന്നാണ് നിർദ്ദേശം. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് സാധ്യതയെന്നാണ് വിവരം.

സാധാരണ ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയാണ് നിരക്ക്. എന്നാൽ പെട്ടെന്ന് ഫലം ലഭിക്കാൻ റാപ്പിഡ് പരിശോധന നടത്തണമെങ്കിൽ 3500 രൂപയാണ് നൽകേണ്ടത്. പരിശോധനയ്ക്ക് ബുക്ക് ചെയ്യുന്നതിനായി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ‘ബുക്ക് കോവിഡ് ടെസ്റ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പിന്നീട് രാജ്യാന്തര യാത്രക്കാരൻ എന്ന് തിരഞ്ഞെടുത്ത ശേഷം പേര്, ഫോൺ നമ്പർ, ഇമെയിൽ, ആധാർ നമ്പർ, പാസ്‌പോർട്ട് നമ്പർ, വിലാസം, എത്തിയ സമയം, തീയതി എന്നീ വിവരങ്ങൾ നൽകണം. ആർ.ടി.പി.സി.ആർ, റാപ്പിഡ് ആർ.ടി.പി.സി.ആർ തുടങ്ങിയവയിൽ ഏതാണോ വേണ്ടത് അത് തെരഞ്ഞെടുക്കാം. റാപ്പിഡ് ആർടിപിസിആർ ആണെങ്കിൽ 30 മിനിട്ട് മുതൽ ഒന്നര മണിക്കൂർ സമയത്തിനകം ഫലം ലഭ്യമാകും.

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമില്ലെന്നും 11 ലക്ഷം ഡോസ് വാക്‌സിൻ ഇപ്പോൾ സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. സൗജന്യമായി വാക്‌സിൻ എടുക്കുവാനുള്ള സൗകര്യം എല്ലാ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർ നിശ്ചിത കാലയളവിൽ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ്, ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 മുതൽ 116 ദിവസത്തിനുള്ളിലും കോവാക്‌സിൻ 28 മുതൽ 42 ദിവസത്തിനുള്ളിലുമാണ് സ്വീകരിക്കേണ്ടതെന്നും രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും വീണാ ജോർജ് അഭ്യർത്ഥിച്ചു. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂർണമായ പ്രതിരോധ ശേഷി ലഭിക്കുന്നത്. അതിനാൽ എത്രയും നേരത്തെ രണ്ടു ഡോസ് വാക്‌സിൻ നിശ്ചിത കാലയളവിൽ സ്വീകരിക്കുക എന്നത് കോവിഡ് പ്രതിരോധത്തിൽ വളരെ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് രോഗബാധ തീവ്രമാകുന്നതായി കാണുന്നില്ല. അതിനാൽ ആശുപത്രി വാസത്തിന്റെയും ഐ.സി.യു, വെന്റിലേറ്റർ എന്നിവ ഉപയോഗിക്കേണ്ടി വരുന്നത് കുറയുകയും മരണം സംഭവിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. സമൂഹത്തിലെ എല്ലാവരും ഒരുപോലെ വാക്‌സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി ആർജ്ജിച്ചാൽ ഒമിക്രോൺ വകഭേദ വ്യാപന ഭീഷണി തടയുവാനും കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനും സാധിക്കും. അതിനാൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി നിർദ്ദേശിച്ചു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഏറ്റവും നീളം കൂടിയ ഗംഗാ എക്‌സ്പ്രസ് വേയ്ക്ക് ഷാജഹാന്‍പൂരില്‍ ശിലയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്രാജിലെ ജുദാപൂര്‍ ദണ്ഡു ഗ്രാമത്തിന് സമീപം വരെയുണ്ടാകും. 36,230 കോടി രൂപ ചിലവില്‍ 594 കിലോമീറ്റര്‍ നീളമുള്ള ആറുവരി അതിവേഗ പാതയാണ് നിര്‍മ്മിക്കുന്നത്. ഗംഗ എക്‌സ്പ്രസ് വേ വരുന്നതോടെ ഡല്‍ഹിയും പ്രയാഗ്രാജും തമ്മിലുള്ള യാത്രാ ദൂരം 7 മണിക്കൂറായി ചുരുങ്ങും.

എക്‌സ്പ്രസ് വേയുടെ അടുത്ത പ്രദേശവാസികള്‍ക്ക് വേണ്ടി 3.75 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും എക്‌സ്പ്രസ് വേയോട് ചേര്‍ന്ന് നിര്‍മ്മിക്കും. 9 പൊതു വിശ്രമ കേന്ദ്രങ്ങള്‍, ഏഴ് റെയില്‍വെ മേല്‍പ്പാലങ്ങള്‍, 14 വലിയ പാലങ്ങള്‍, 126 ചെറിയ പാലങ്ങള്‍, 381 അടിപ്പാതകളും ഇതിനോടനുബന്ധിച്ച് നിര്‍മ്മിക്കും. ഇന്ത്യന്‍ നേവിയുടെ വിമാനങ്ങള്‍ക്ക് അടിയന്തരമായി ഇറക്കാന്‍ പാകത്തില്‍ ഷാജഹാന്‍ പുരില്‍ 3.5 കിലോമീറ്റര്‍ നീളത്തില്‍ എയര്‍ സ്ട്രിപ്പും നിര്‍മ്മിക്കും.

2020 നവംബര്‍ 26നാണ് എക്‌സ്പ്രസ് വേക്ക് കേന്ദ്രം അംഗീകാരം നല്‍കുന്നത്. 2024 ഓടെ എക്‌സ്പ്രസ് വേ യാത്രാസൗകര്യത്തിന് തയ്യാറാകുമെന്നാണ് വിവരം. 10,500 കോടി രൂപ മുതല്‍ മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ജേവാര്‍ വിമാനത്താവളത്തിന് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നേരത്തെ പ്രധാനമന്ത്രി ശിലയിട്ടിരുന്നു. വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. ഇതിന് പിന്നാലെ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തിരുന്നു.

കൊച്ചി: നഗര പരിധിയിൽ നിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിക്കണമെന്ന് ഹൈക്കോടതി. പടിപടിയായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി.

ഓട്ടോറിക്ഷയടക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് പകരമായി സിഎൻജി/ എൽഎൻജി വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്ന ആവശ്യം. അതേസമയം മലിനീകരണം തടയാനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിച്ച് വരുകയാണെന്ന് കോടതി അറിയിച്ചു. ഈ വിഷയത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്ന് മലിനീകരണ ബോർഡ് കോടതിയിൽ വിശദമാക്കി. കെഎസ്ആർടിസി ഡീസൽ ബസുകൾ സിഎൻജി, എൽഎൻജി എന്നിവയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് കഴിഞ്ഞ ജൂൺ മുതൽ പെർമിറ്റ് നൽകുന്നില്ലെന്നും സർക്കാർ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ. ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചാണ് ഭക്തർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ 12 മണി വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താൻ അനുമതി നൽകും. ദേവസ്വം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60,000 ആയി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനമായി. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെൻഡർ വഴി കോൺട്രാക്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരും നിയമം കൈയിലെടുക്കരുതെന്നാണ് ആഗ്രഹമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംഭവത്തിൽ ദുഃഖവും നാണക്കേടും തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാകരുത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വേണം. ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതയുടെ സര്‍വീസ് റോഡുകളില്‍ നിന്ന് പുതിയ വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കില്‍ ഇനിമുതല്‍ ദേശീയപാത അതോറിറ്റിക്ക് 2.92 ലക്ഷം രൂപ പ്രവേശന ഫീസ് അടക്കണം.

ദേശീയപാതയോരത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അനുമതി പത്രം നല്‍കുന്നതിന് മുന്‍പ് ദേശീയപാത അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകള്‍ക്ക് എന്‍എച്ച്എഐ കത്ത് നല്‍കിയിട്ടുണ്ട്. ഈ ചട്ടം നേരത്തെ നിലവില്‍ ഉണ്ടായിരുന്നെങ്കിലും നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അനുമതി വാങ്ങാതെ വഴി തുറക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങിയിരിക്കുകയാണ്.

നിലവില്‍ ഒരു ഷട്ടര്‍ മുറിക്കു ഫീസില്ല. ബാക്കി എല്ലാ സ്ഥാപനങ്ങളും ഫീസ് നല്‍കണം. 5 വര്‍ഷമാണ് കാലാവധി. അപേക്ഷ നല്‍കുമ്പോള്‍ 10,000 രൂപയും ഇന്‍സ്പെക്ഷന്‍ ഫീസായി 20,000 രൂപയും പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്കു 2.62 ലക്ഷവും അടയ്ക്കണം. കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ അര കിലോമീറ്റര്‍ ഭാഗത്തെ ദേശീയപാതയുടെ സിഗ്‌നലുകളും അടിപ്പാതകളും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. അതേസമയം, ദേശീയപാതയില്‍ നിന്നു നേരിട്ട് പ്രവേശനം ലഭ്യമാക്കില്ല, സര്‍വീസ് റോഡുകളില്‍ നിന്നു മാത്രമാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിയ്ക്കുമാണ് ഒമിക്രോൺ രോഗബാധ കണ്ടെത്തിയത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നാണ് എത്തിയത്. 44 കാരൻ ട്യുണീഷ്യയിൽ നിന്നാണ് വന്നത്. മലപ്പുറം സ്വദേശി ടാൻസാനിയയിൽ നിന്നും തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

തിരുവനന്തപുരത്തെ 17 വയസുകാരൻ ഡിസംബർ 9 നാണ് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 17 കാരന്റെ അമ്മൂമ്മയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിസംബർ 15 ന് ഫ്ളൈറ്റ് ചാർട്ട് ചെയ്താണ് 44 കാരൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ എയർപോർട്ടിൽ റാൺഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാൾ ദക്ഷിണ കർണാടക സ്വദേശിയാണ്. ഡിസംബർ 13 ന് കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയിൽ ഇദ്ദേഹം പോസിറ്റീവായതിനാൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂർ സ്വദേശിനി ഡിസംബർ 11 ന് കെനിയയിൽ നിന്നും ഷാർജയിലേക്കും എത്തുകയും അവിടെനിന്നും ഡിസംബർ 12 ന് ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് എത്തുകയും ചെയ്തു.

കെനിയ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടാത്തതിനാൽ ഇവർക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13 ന് പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ന്യൂഡൽഹി: കോവോവാക്‌സ് വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഡ് വാക്‌സിനാണ് കോവോവാക്‌സ്. 12 മുതൽ 17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്‌സിനാണ് അംഗീകാരം ലഭിച്ചത്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്.

കോവോവാക്‌സിന് കോവിഡ് വൈറസിനെ 90 ശതമാനം പ്രതിരോധിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വൈറസിനെതിരായ തങ്ങളുടെ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല അറിയിച്ചു. മികച്ച സുരക്ഷയും കാര്യക്ഷമതയും കാണിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. സഹകരണത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവോവാക്‌സിൻ സുരക്ഷിതവും ഗുണമേന്മയുള്ളതുമാണെന്ന് നേരത്തെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഫോർ എമർജെൻസി യൂസും ശുപാർശ നൽകിയിരുന്നു.

തിരുവനന്തപുരം: വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കി കൃഷി മന്ത്രി പി പ്രസാദ്. കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാൻ കഴിയുന്നത്ര തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കോ ഷോപ്പിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ വിപണന യൂണിറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു ഉദ്ഘാടനം.

‘ഞാനും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. കുടുംബശ്രീ, ഹോർട്ടികോർപ്പ് ഇക്കോ ഷോപ്പുകൾ എന്നിവ വിപണന കേന്ദ്രങ്ങളാക്കണം. ചടയമംഗലം മണ്ഡലത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾക്ക് വലിയ സാധ്യതയുണ്ട്. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കർഷകരിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.