ന്യൂഡൽഹി: കോവോവാക്‌സ് വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഡ് വാക്‌സിനാണ് കോവോവാക്‌സ്. 12 മുതൽ 17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്‌സിനാണ് അംഗീകാരം ലഭിച്ചത്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്.
കോവോവാക്‌സിന് കോവിഡ് വൈറസിനെ 90 ശതമാനം പ്രതിരോധിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വൈറസിനെതിരായ തങ്ങളുടെ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല അറിയിച്ചു. മികച്ച സുരക്ഷയും കാര്യക്ഷമതയും കാണിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. സഹകരണത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവോവാക്‌സിൻ സുരക്ഷിതവും ഗുണമേന്മയുള്ളതുമാണെന്ന് നേരത്തെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഫോർ എമർജെൻസി യൂസും ശുപാർശ നൽകിയിരുന്നു.

