Highlights (Page 155)

സംസ്ഥാനത്തെ രണ്ട് മുന്നണികളും താലിബാന്‍ മാതൃകയെ പിന്തുണക്കുകയാണെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലീഗും നേതാക്കന്മാരും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ല. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ സര്‍ക്കാര്‍ സഹായത്തോടെ താലിബാനിസം നടപ്പാക്കുകയാണ്. മുത്തലാഖ്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, ഹലാല്‍, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികള്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ജനങ്ങളെ ദ്രോഹിക്കുക, പരമാവധി ബുദ്ധിമുട്ടിക്കുക എന്നീ സമീപനങ്ങളാണ് സര്‍ക്കാരിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നടപ്പിലാക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായി. കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ നല്‍കിയ സഹകരണത്തിന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ഭൂട്ടാന്‍ ദേശീയ ദിനമായ ഇന്ന് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു. രാജാവ് നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ കൊവിഡ് കാലത്ത് മോദി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെയും സഹായങ്ങളെയും രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

‘ഭൂട്ടാനിലെ ജനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. താങ്കള്‍ വളരെയധികം അര്‍ഹിക്കുന്നതാണിത്’, ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ‘സ്‌പൈഡര്‍മാന്‍: നോ വേ ഹോം’ ഇന്ത്യയില്‍ തിയേറ്ററുകളിലെത്തി. യുഎസ് അടക്കമുള്ള ചില രാജ്യങ്ങളേക്കാള്‍ ഒരു ദിവസം നേരത്തെയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്തത്. 3100 സ്‌ക്രീനുകളിലാണ് സ്‌പൈഡര്‍മാന്‍ എത്തിയത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്.

ജോണ്‍ വാട്‌സിന്റെ സംവിധാനത്തില്‍ ടോം ഹോളണ്ട് തന്നെയാണ് സ്‌പൈഡര്‍മാനായി എത്തുന്നത്. സ്‌പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി സെന്‍ഡേയ തന്നെ എത്തുന്നതും. ‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം’, ‘സ്‌പൈഡര്‍മാന്‍- ഹോം കമിംഗ്’ എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ ടോം ഹോളണ്ട് സ്‌പൈഡര്‍മാന്‍ സിനിമകള്‍. ഈ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് സ്‌പൈഡര്‍മാന്‍ നോ വേ ഹോം തന്നെയാണെന്നാണ് പൊതു അഭിപ്രായം.

മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സോണി പിക്‌ചേഴ്‌സ് റിലീസിംഗാണ് വിതരണം. സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‌പൈഡര്‍മാന്‍ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ സംശയിച്ചിരുന്നു. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണ് സമൂഹ്മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍.

തിരുവനന്തപുരം: മദ്യത്തിന് അധിക വില ഈടാക്കുന്ന ബെവ്കോ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകൾ നടത്തുകയും ചെയ്യുന്ന ബെവ്‌കോ ജീവനക്കാർക്കുള്ള പിഴ വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. പരമാവധി വിലയേക്കാൾ കൂടുതൽ തുക മദ്യത്തിന് ഈടാക്കിയാൽ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടിയായിരിക്കും പിഴയായി ലഭിക്കുന്നത്.

ബ്രാൻഡുകൾ പൂഴ്ത്തിവച്ചാൽ പൂഴ്ത്തിവച്ച ബ്രാൻഡിന്റെയും വിറ്റ ബ്രാൻഡിന്റെയും എംആർപി വ്യത്യാസത്തിന്റെ നൂറിരട്ടി ഈടാക്കാനാണ് തീരുമാനം.. വില കുറഞ്ഞ മദ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ ഷോപ്പ് മേധാവിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ക്രമക്കേടുകൾ നടത്തുന്നതിനെതിരെ നിരവധി തവണ ബെവ്‌കോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ജീവനക്കാർ വീണ്ടും ക്രമക്കേടുകൾ ആവർത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് കടക്കാൻ അധികൃതർ തീരുമാനിച്ചത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ചാൽ 30,000 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഇത്തരക്കാർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനൽ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. പരിശോധനയിൽ കളക്ഷൻ തുകയിൽ കുറവോ കൂടുതലോ കണ്ടാൽ കുറവോ കൂടുതലോ ഉള്ള തുകയുടെ 100 ശതമാനമാണ് പിഴയായി ഈടാക്കുന്നത്.

നമ്മളില്‍ ഭൂരിഭാഗം പേരും യുപിഐ പേയ്‌മെന്റ് സേവനം ഉപയോഗിക്കുന്നവരാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയെല്ലാം യുപിഐ പേയ്‌മെന്റ് മോഡിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം ലഭ്യമായ ഒരു ഫീച്ചറാണ് ഇത്. ആപ്പ് വഴിയാണ് പേമെന്റുകള്‍ നടത്താറുള്ളത്. എന്നാല്‍, യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ ഫേസിലൂടെയുള്ള ഈ സേവനങ്ങള്‍ ഇനി മുതല്‍ ഫീച്ചര്‍ ഫോണിലും ലഭ്യമാകുമെന്നാണ് ആര്‍ബിഐ പുറത്ത് വിട്ട സൂചനകള്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് അതൊരു മുതല്‍കൂട്ടായിരിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ 118 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. ഈ കണക്കില്‍ 44 കോടി ആളുകള്‍ ഇപ്പോഴും ഫീച്ചര്‍ ഫോണാണ് ഉപയോഗിക്കുന്നത്. 74 കോടി ആളുകള്‍ സ്മാര്‍ട്ട്ഫോണും ഉപയോഗിക്കുന്നു. ആര്‍ബിഐ യുപിഐ പേയ്‌മെന്റ് സംവിധാനം ഫീച്ചര്‍ ഫോണുകളിലേക്കും എത്തിച്ചാല്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ യുപിഐ പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാക്കി മാറ്റാന്‍ പറ്റും. ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഫീച്ചറിന് ഇത് മികച്ച നേട്ടമുണ്ടാക്കും.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയിലെ ഓണ്‍ലൈന്‍ പേയ്‌മെന്റ് മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുന്ന തീരുമാനം തന്നെയായിരിക്കും ഫീച്ചര്‍ ഫോണുകളിലെ യുപിഐ പേയ്‌മെന്റ് ഓപ്ഷന്‍ എന്ന് ഉറപ്പാണ്. മാത്രവുമല്ല, ഫീച്ചര്‍ ഫോണുകളില്‍ യുപിഐ പേയ്‌മെന്റ് സേവനം ലഭ്യമാകുന്നത് വിപുലമായ ഡിജിറ്റൈസേഷന് സഹായിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ധാരാളമായി വര്‍ധിച്ച് വരുന്ന കാലം കൂടിയാണ് ഇത്.

ബംഗളൂരു: കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. ഇതോടെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. ഉത്തർപ്രദേശ് സ്വദേശിയായ വരുൺ സിംഗിന് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. 2020-ൽ ഒരു അടിയന്തരസാഹചര്യത്തിൽ തേജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനാണ് അദ്ദേഹത്തിന് ശൗര്യചക്ര നൽകി ആദരിച്ചത്.

കിഴക്കൻ ഉത്തർപ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുൺ സിങ് ജനിച്ചത്. വരുൺ സിങ്ങിന്റെ പിതാവ് റിട്ട. കേണൽ കെ.പി.സിങ് ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുൺ സിങ്ങിന്റെ സഹോദരൻ തനൂജ് സിങ് ഇന്ത്യൻ നാവിക സേനയിൽ ലഫ്റ്റനെന്റ് കമാൻഡറാണ്.

വരുൺ സിംഗിന്റെ പിതാവ് റിട്ട. കേണൽ കെ.പി.സിംഗ് ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുൺ സിംഗിന്റെ സഹോദരൻ തനൂജ് സിംഗ് ഇന്ത്യൻ നാവിക സേനയിൽ ലഫ്റ്റനെൻറ് കമാൻഡറാണ്. സംസ്ഥാന കോൺഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിംഗ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.

ഡിസംബർ 8 ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മന്ത്രി സ്വമേധയാ രാജി വെക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരധികാരവുമില്ലാതിരുന്നിട്ടും ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കിയത് തെറ്റാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

‘നിയമപരമായി യാതൊരു അധികാരവുമില്ലാത്ത കാര്യം എങ്ങനെ മന്ത്രിക്ക് ചെയ്യാന്‍ സാധിക്കും? ഗവര്‍ണര്‍ക്ക് എഴുതിയെന്ന് പറയുന്ന കത്തിനെ കുറിച്ച് എന്തുകൊണ്ടാണ് മന്ത്രി പ്രതികരിക്കാത്തത്? മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമനം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് വീണ്ടും വൈസ് ചാന്‍സലറായി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ ശ്രമിച്ചത്. ആ നിയമവിരുദ്ധ നടപടിക്കാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണ്, മന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ ഒരവകാശവുമില്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ചെയ്തതും തെറ്റായ നടപടിയാണ്’- ചെന്നിത്തല വ്യക്തമാക്കി.

‘തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം തന്നെ സ്വയം സമ്മതിച്ചു കഴിഞ്ഞു. ആ സ്ഥിതിക്ക് എങ്ങനെ വൈസ് ചാന്‍സലര്‍ക്ക് പദവിയില്‍ തുടരാന്‍ സാധിക്കും? ഇതിനെല്ലാം കൂട്ടുനിന്നത് മന്ത്രിയാണ്. അതുകൊണ്ടാണ് അവര്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ച് നടക്കുന്നത്. മന്ത്രിക്കെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി: പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ. പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാനമായ സ്രോതസ്സായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗൺസിൽ കോടതിയിൽ വ്യക്തമാക്കി. സമാനമായ നിലപാടാണ് നേരത്തെയും ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിരുന്നത്.

എന്നാൽ തൃപ്തിയില്ലാതെ ജിഎസ്ടി കൗൺസിലിന്റെ യോഗ തീരുമാനങ്ങൾ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്റെ രൂപത്തിൽ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ഇത്തരത്തിൽ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാൻ കഴിയില്ലെന്നായിരുന്നു ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജിഎസ്ടി കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് എണ്ണവില വർധിച്ചു കൊണ്ടിരിക്കുകയാണ്.

കൊച്ചി: കൊവിഡിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ അവതരിപ്പിച്ച പ്രത്യേക വായ്പാ പദ്ധതിയായ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം ചെറുകിട ബിസിനസ് മേഖലകള്‍ക്കും കൂടി ലഭ്യമാക്കിയേക്കുമെന്ന് സൂചന. 2022ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിലാകും പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക.

കഴിഞ്ഞ മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന ഉത്തേജക പദ്ധതിയുടെ ഭാഗമായിരുന്നു ഇ.സി.എല്‍.ജി.എസ്. മൂന്നുലക്ഷം കോടി രൂപയുടെ ഈ പദ്ധതി തുടക്കത്തില്‍ എം.എസ്.എം.ഇകള്‍ക്കായാണ് നടപ്പാക്കിയത്.
പിന്നീട് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഊര്‍ജം, ടെക്സ്റ്റൈല്‍, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയില്‍, സിമന്റ്, നിര്‍മ്മാണം, ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയ 26 പദ്ധതികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂണില്‍ പദ്ധതിയുടെ മൂല്യം മൂന്നുലക്ഷം കോടി രൂപയില്‍ നിന്ന് 4.5 ലക്ഷം കോടി രൂപയിലേക്കും ഉയര്‍ത്തി.

നാഷണല്‍ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്റ്റീ കമ്പനിയാണ് (എന്‍.സി.ജി.ടി.സി) ബാങ്കുകള്‍, എന്‍.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി ‘എമര്‍ജന്‍സി ക്രെഡിറ്ര് ലൈന്‍ ഗ്യാരന്റി’ സ്‌കീം (ഇ.സി.എല്‍.ജി.എസ്) വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്പ. നിലവിലെ വായ്പാ തിരിച്ചടവിന്റെ പരമാവധി 20 ശതമാനം തുകയാണ് പുതിയ വായ്പയായി ലഭിക്കുക. 2022 മാര്‍ച്ച് 31 വരെയാണ് വായ്പ നേടാന്‍ അവസരമുള്ളത്. കൊവിഡില്‍ സംരംഭങ്ങള്‍ പൂട്ടുന്നതും തൊഴില്‍നഷ്ടമുണ്ടാവുന്നതും ചെറുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 5.45 കോടി തൊഴിലുകള്‍ ഇതുവഴി സംരക്ഷിച്ചുവെന്നാണ് സര്‍ക്കാരിന്റെ നിലവിലെ വിലയിരുത്തല്‍.

തിരുവനന്തപുരം: 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. മന്ത്രി സജി ചെറിയാനാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ പുരസ്‌കാരം.

.56 വര്‍ഷം മുമ്പ്് 1965ല്‍ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1985ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണ നേടിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയാണ് പി.ജയചന്ദ്രന്‍.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജയചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്‌കാര സമര്‍പ്പണം 2021 ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും