സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിയ്ക്കുമാണ് ഒമിക്രോൺ രോഗബാധ കണ്ടെത്തിയത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നാണ് എത്തിയത്. 44 കാരൻ ട്യുണീഷ്യയിൽ നിന്നാണ് വന്നത്. മലപ്പുറം സ്വദേശി ടാൻസാനിയയിൽ നിന്നും തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

തിരുവനന്തപുരത്തെ 17 വയസുകാരൻ ഡിസംബർ 9 നാണ് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. 17 കാരന്റെ അമ്മൂമ്മയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിസംബർ 15 ന് ഫ്ളൈറ്റ് ചാർട്ട് ചെയ്താണ് 44 കാരൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ എയർപോർട്ടിൽ റാൺഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാൾ ദക്ഷിണ കർണാടക സ്വദേശിയാണ്. ഡിസംബർ 13 ന് കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയിൽ ഇദ്ദേഹം പോസിറ്റീവായതിനാൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂർ സ്വദേശിനി ഡിസംബർ 11 ന് കെനിയയിൽ നിന്നും ഷാർജയിലേക്കും എത്തുകയും അവിടെനിന്നും ഡിസംബർ 12 ന് ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് എത്തുകയും ചെയ്തു.

കെനിയ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടാത്തതിനാൽ ഇവർക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13 ന് പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 11 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.