പുത്തന്‍ രീതിയുമായി ദേശീയപാത അതോറിറ്റി; വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കില്‍ ഇനി 2.92 ലക്ഷം രൂപ ഫീസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതയുടെ സര്‍വീസ് റോഡുകളില്‍ നിന്ന് പുതിയ വ്യാപാര സ്ഥാപനങ്ങളിലേക്ക് വഴി തുറക്കണമെങ്കില്‍ ഇനിമുതല്‍ ദേശീയപാത അതോറിറ്റിക്ക് 2.92 ലക്ഷം രൂപ പ്രവേശന ഫീസ് അടക്കണം.

ദേശീയപാതയോരത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അനുമതി പത്രം നല്‍കുന്നതിന് മുന്‍പ് ദേശീയപാത അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകള്‍ക്ക് എന്‍എച്ച്എഐ കത്ത് നല്‍കിയിട്ടുണ്ട്. ഈ ചട്ടം നേരത്തെ നിലവില്‍ ഉണ്ടായിരുന്നെങ്കിലും നിര്‍ബന്ധമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അനുമതി വാങ്ങാതെ വഴി തുറക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങിയിരിക്കുകയാണ്.

നിലവില്‍ ഒരു ഷട്ടര്‍ മുറിക്കു ഫീസില്ല. ബാക്കി എല്ലാ സ്ഥാപനങ്ങളും ഫീസ് നല്‍കണം. 5 വര്‍ഷമാണ് കാലാവധി. അപേക്ഷ നല്‍കുമ്പോള്‍ 10,000 രൂപയും ഇന്‍സ്പെക്ഷന്‍ ഫീസായി 20,000 രൂപയും പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്കു 2.62 ലക്ഷവും അടയ്ക്കണം. കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ അര കിലോമീറ്റര്‍ ഭാഗത്തെ ദേശീയപാതയുടെ സിഗ്‌നലുകളും അടിപ്പാതകളും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. അതേസമയം, ദേശീയപാതയില്‍ നിന്നു നേരിട്ട് പ്രവേശനം ലഭ്യമാക്കില്ല, സര്‍വീസ് റോഡുകളില്‍ നിന്നു മാത്രമാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക.