കൊച്ചി: നഗര പരിധിയിൽ നിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിക്കണമെന്ന് ഹൈക്കോടതി. പടിപടിയായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി.
ഓട്ടോറിക്ഷയടക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് പകരമായി സിഎൻജി/ എൽഎൻജി വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്ന ആവശ്യം. അതേസമയം മലിനീകരണം തടയാനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിച്ച് വരുകയാണെന്ന് കോടതി അറിയിച്ചു. ഈ വിഷയത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്ന് മലിനീകരണ ബോർഡ് കോടതിയിൽ വിശദമാക്കി. കെഎസ്ആർടിസി ഡീസൽ ബസുകൾ സിഎൻജി, എൽഎൻജി എന്നിവയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് കഴിഞ്ഞ ജൂൺ മുതൽ പെർമിറ്റ് നൽകുന്നില്ലെന്നും സർക്കാർ പറഞ്ഞു.

