Highlights (Page 153)

1983 യിലെ വേള്‍ഡ് കപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ ഒരുക്കിയ ’83’ തിയറ്ററുകളില്‍. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വേഷത്തില്‍ രണ്‍വീര്‍ സിങ് നായകനായി എത്തുന്നു.

ക്രിക്കറ്റ് ലോക കപ്പ് കിരീടത്തില്‍ ഇന്ത്യ ആദ്യമായി മുത്തമിട്ടത് കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു.. ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

അലഹബാദ്: യു.പി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അലഹബാദ് ഹൈക്കോടതി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. റാലികള്‍ ഉള്‍പ്പെടെയുള്ളവ നിരോധിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇട വരുമെന്നും ജസ്റ്റിസ് ശേഖര്‍ യാദവ് ചൂണ്ടിക്കാട്ടി.

യുപി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിരുന്നു. അതിനാല്‍, ഒമിക്രോണ്‍ സാഹചര്യത്തില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. യു പി യില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ശേഖര്‍ യാദവ് വ്യക്തമാക്കി.

ദൂരദര്‍ശന്‍ വഴിയോ പത്രങ്ങള്‍ വഴിയോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ദ്ദേശിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നേതൃത്വത്തില്‍ യുപിയില്‍ വന്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ നടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.

17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അൽബാനിയ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയതാണവർ. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂർ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോൺ കേസുകൾ. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് ഒമിക്രോൺ. അതിനാൽ തന്നെ ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. ഒമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിച്ചിരുന്ന് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു.

അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമായതിനാൽ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളിൽ ഒരാൾക്ക് ഒമിക്രോൺ വന്നാൽ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടൽ സാധ്യമല്ല. ക്വാറന്റെയ്‌നിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആൾക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാൻ പാടില്ല. അവർ നിരീക്ഷണ കാലയളവിൽ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റെയ്ൻ കാലയളവിൽ ആ വീട്ടിൽ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകൾ ഒഴിവാക്കണം. വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ അടിയന്തരമായി വാക്‌സിൻ എടുക്കണമെന്നും വീണാ ജോർജ് നിർദ്ദേശിച്ചു.

നവാഗത സംവിധായകന്‍ പി.എസ് വിനോദ് ഒരുക്കിയ തമിഴ് ചലച്ചിത്രം ‘കൂഴങ്കല്‍’ 94ാമത് ഓസ്‌കര്‍ എന്‍ട്രി അവസാന പട്ടികയില്‍ നിന്നും പുറത്ത്. നിര്‍മാതാവ് വിഘേനേശ് ശിവനാണ് ഇക്കാര്യം അറിയിച്ചത്. നയന്‍താരയും വിഘ്നേശും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

‘ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ നേട്ടമാണ്. എങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാന്‍ സാധിക്കുമായിരുന്ന സന്തോഷവും അഭിമാനവും സവിശേഷമാകുമായിരുന്നു. ഈ അവസരത്തില്‍ ഇത്രയും നിഷ്‌കളങ്കമായ സിനിമ സംവിധാനം ചെയ്തതിന് വിനോദ് രാജയോട് നന്ദി പറയുന്നു. ഞങ്ങളുടെ സിനിമ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ജൂറി അംഗങ്ങള്‍ക്കും നന്ദി’, വിഘ്‌നേശ് ശിവന്‍ ട്വീറ്റ് ചെയ്തു.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാളചിത്രം നായാട്ട്, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നത്.

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തില്‍ 8.30 ശതമാനം കുറവുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. വരുമാനം കൂട്ടുന്നതിന് താരിഫ് വര്‍ധന അടക്കമുള്ള വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ റെയില്‍വേ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

2019-20ല്‍ 2,16,935 കോടി രൂപയായിരുന്നു റെയില്‍വേയുടെ ബജറ്റ് എസ്റ്റിമേറ്റ്. എന്നാല്‍, വരുമാനമായി ലഭിച്ചത് 1,74,694.69 കോടി രൂപ. 2019-20 ലെ മൊത്തം ചരക്ക് വരുമാനത്തിന്റെ 49 ശതമാനവും കല്‍ക്കരി കയറ്റിറക്കലില്‍ നിന്നാണ് ലഭിച്ചത്. 2018-19ല്‍ മിച്ചം 3,773.86 കോടി രൂപയായിരുന്നത് 2019-20ല്‍ 1,589.62 കോടി രൂപയായി കുറഞ്ഞു. റെയില്‍വേ പെന്‍ഷന്‍ ഇനത്തില്‍ വകയിരുത്തേണ്ട 48,626 കോടി രൂപ മുഴുവനായും പെന്‍ഷന്‍ ഫണ്ടിലേക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ 1,589.62 കോടി രൂപ മിച്ചത്തിനു പകരം 26,328.39 കോടി രൂപയുടെ നെഗറ്റീവ് ബാലന്‍സിലേക്ക് റെയില്‍വേ എത്തുമായിരുന്നു.

അതേസമയം, ഈ അവസ്ഥയില്‍ നിന്നു കരകയറാന്‍ താരിഫുകള്‍ പുനഃപരിശോധിക്കുക, ചരക്ക് ഗതാഗതം വൈവിധ്യവല്‍കരിക്കുക, നിഷ്‌ക്രിയ ആസ്തികള്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ജറുസലേം: നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നതിനിടെ രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോണ്‍ മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും ഒമിക്രോണ്‍ വകഭേദം ബാധിച്ച് 60 കാരന്‍ മരണപ്പെട്ടത്. രണ്ടാഴ്ചയായി ഇയാള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആദ്യ രാജ്യമാണ് ഇസ്രയേല്‍. കൂടാതെ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാലാം ഡോസ് വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.

അതേസമയം, അമേരിക്കയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സര്‍ക്കാര്‍ 500 മില്യണ്‍ സൗജന്യ റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിലവിലുള്ള സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പറഞ്ഞു.

കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു. പി ടി തോമസ് ആഗ്രഹിച്ച രീതിയിൽ തന്നെയായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നത്. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകൾ വേണ്ടെന്നാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. തന്റെ മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുതെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ സംസ്‌കാര സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും..’ എന്ന ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. പി ടി തോമസിന്റെ അടുത്ത സുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച്ച രാവിലെയാണ് പി ടി തോമസ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎൽഎ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് അദ്ദേഹം.

ആലപ്പുഴ: രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയതെന്ന് കരുതപ്പെടുന്ന എലിവേറ്റഡ് 6 ലൈൻ ഹൈവേ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ ഭാഗത്ത് നിർമ്മിക്കപ്പെടും. എ എം ആരിഫ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. പാതയുടെ ഡിസൈൻ പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എലിവേറ്റഡ് ഹൈവേ 2022 ൽ പണി ആരംഭിച്ച് മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കും. 13 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ആറുവരിപാതയുടെ സോയിൽ ടെസ്റ്റിങ് പൂർത്തിയാക്കിയിരുന്നു. അടുത്ത വർഷം മദ്ധ്യത്തോടെ ആരംഭിക്കുന്ന മേൽപ്പാത, നിലവിലുള്ള നാലുവരിപ്പാത നിലനിർത്തിക്കൊണ്ട്, അതിന് മുകളിലൂടെയാകും നിർമ്മിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയതെന്ന് കരുതപ്പെടുന്ന എലിവേറ്റഡ് 6 ലൈൻ ഹൈവേ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ ഭാഗത്ത് നിർമ്മിക്കപ്പെടും.

പാതയുടെ ഡിസൈൻ പൂർത്തിയായി.

13 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ആറുവരിപാതയുടെ സോയിൽ ടെസ്റ്റിങ് പൂർത്തിയാക്കിയിരുന്നു.

അടുത്ത വർഷം മദ്ധ്യത്തോടെ ആരംഭിക്കുന്ന മേൽപ്പാത, നിലവിലുള്ള നാലുവരിപ്പാത നിലനിർത്തിക്കൊണ്ട്, അതിന് മുകളിലൂടെയാവും.

ആലപ്പുഴ: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി തുടങ്ങിയവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

പ്രതികൾക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നൽകിയത് ഉൾപ്പെടെയുള്ള സഹായം നൽകിയവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ നിന്നും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം ഒളിവിലാണ്. ഇവർക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് രഞ്ജിത്ത് ശ്രീനിവാസിനെ എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയത്. ഭാര്യയുടേയും അമ്മയുടേയും മുന്നിൽവെച്ചായിരുന്നു കൊലപാതകം. ആക്രമണത്തിൽ രഞ്ജിത്തിന്റെ തലയോട്ടി തകരുകയും തലച്ചേറിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. നാല് പുതിയ ലേബർ കോഡുകൾ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ ലേബർ കോഡുകൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 21 ന് ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾക്ക് സർക്കാർ രൂപം നൽകിയിരുന്നു. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 2023 ഓടെയാകും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാർക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസത്തെ അവധി ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ആഴ്ച്ചയിൽ നാലു തൊഴിൽ ദിനങ്ങളായിരിക്കും ഉണ്ടായിരിക്കുക. പ്രതിവാര ജോലി സമയം തുലനം ചെയ്യുന്നതിനായി നാല് ദിവസങ്ങളിൽ 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന നിബന്ധന പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിബന്ധന.

അതേസമയം നാല് ദിവസത്തെ പ്രവൃത്തി ദിവസങ്ങളുടെ ഭാഗമായി ജീവനക്കാരുടെ ടേക്ക് ഹോം പേയിൽ കുറവ് വരും. ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും ഉയർന്ന പ്രൊവിഡന്റ് ഫണ്ട് ബാധ്യത വഹിക്കേണ്ടിവരും. പിഎഫിൽ കൂടുതൽ പണം നിക്ഷേപിക്കപ്പെടുമ്പോൾ ശമ്പളമായി ലഭിക്കുന്ന തുക കുറയും. ഇതിനായി ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും പിഎഫും കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നു. ശമ്പളത്തിന്റെ പകുതി അടിസ്ഥാന വേതനവും അലവൻസുകൾ 50 ശതമാനവുമായി പരിമിതപ്പെടുത്തും.